‘ഡബിൾമാൻ’ ഗിൽ; ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ

ന്യൂസിലാൻഡിനെതിരെ തകർപ്പൻ ഡബിൾ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായി ശുഭ്മാൻ ഗിൽ. പട്ടികയിലുള്ള ‘ഹിറ്റ്മാൻ’ രോഹിത് ശർമ മൂന്ന് തവണ ഇരട്ട ശതകം നേടിയിട്ടുണ്ട്. 2013ൽ ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ ആയിരുന്നു ആദ്യമായി രോഹിത് ഡബിൾ സെഞ്ച്വറി കടന്നത്. അന്ന് 209 റൺസായിരുന്നു സമ്പാദ്യം. തൊട്ടടുത്ത വർഷം കൊൽക്കത്തയിൽ ശ്രീലങ്കക്കെതിരെ 264 റൺസും 2017ൽ മൊഹാലിയിൽ ശ്രീലങ്കക്കെതിരെ തന്നെ പുറത്താവാതെ 208ഉം റൺസെടുത്തു.

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി ഇന്ത്യക്കായി ഇരട്ട ശതകം നേടിയത്. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താവാതെ 200 റൺസാണ് ‘മാസ്റ്റർ ബ്ലാസ്റ്റർ’ അടിച്ചെടുത്തത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ വിരേന്ദർ സെവാഗ് 219 റൺസ് നേടി. 2022ൽ ബംഗ്ലാദേശ് പര്യടനത്തിൽ ആതിഥേയർക്കെതിരെ ഇഷാൻ കിഷനും ഡബിൾ സെഞ്ച്വറി നേടി. 210 റൺസായിരുന്നു സമ്പാദ്യം.

ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ, വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിൽ, പാകിസ്താന്റെ ഫഖ്ർ സമാൻ എന്നിവരാണ് ഏകദിനത്തിൽ ഇരട്ട ശതകം പിന്നിട്ട മറ്റു ബാറ്റർമാർ. ഗുപ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താവാതെ 237ഉം ഗെയിൽ സിംബാബ്​‍വെക്കെതിരെ 215ഉം ഫഖ്ർ സമാൻ സിംബാബ്​‍വെക്കെതിരെ പുറത്താവാതെ 210ഉം റൺസ് വീതമാ​ണെടുത്തത്. രോഹിത് ശർമയുടെ 264 റൺസാണ് ഇതിൽ ഏറ്റവും ഉയർന്ന സ്കോർ.

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ശുഭ്മാൻ ഗിൽ 149 പന്തിൽ 208 റൺസ് അടിച്ചുകൂട്ടിയത്. ഒമ്പത് സിക്സറുകളും 19 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഏകദിനത്തിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി 23കാരനായ ഗിൽ. ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽനിന്ന് 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും ഗില്ലിന് സ്വന്തമായി. 19 മത്സരങ്ങളിൽ നിന്നാണ് 1000 തികച്ചത്. 24 കളികളിൽ നിന്ന് 1000 പിന്നിട്ട വിരാട് കോഹ്‍ലിയെയാണ് ഗിൽ മറികടന്നത്. 

Tags:    
News Summary - 'Doubleman' Gill; 5th Indian to score a double century in ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.