ഇന്ത്യൻ ക്യാപ്റ്റൻ സുര്യകുമാർ യാദവ് കോച്ച് ഗൗതം ഗംഭീറിനൊപ്പം, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും കോച്ച് ബ്രണ്ടൻ മക്കല്ലവും
കൊൽക്കത്ത: പരിക്കിന്റെ ദീർഘമായ ഇടവേള അവസാനിപ്പിച്ച് പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്ന ദിനത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിലാണ് ചാമ്പ്യൻസ് ട്രോഫി കിരീട സ്വപ്നങ്ങൾ ഇന്ത്യ രാജകീയമാക്കാനൊരുങ്ങുന്നത്. ട്വന്റി20ക്കു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമും മാറ്റുരക്കും.
സ്വന്തം മണ്ണിൽ കിവികളോടും പിറകെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസീസിനോടും ടെസ്റ്റ് പരമ്പരകളിലേറ്റ വൻ വീഴ്ചകൾക്കു ശേഷം തിരിച്ചുവരവിന് ആദ്യ അവസരംകൂടിയാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ വമ്പൻ പോര്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് തന്നെയാണ് ഏറ്റവും പ്രധാനം. 2023ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുമായി ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി സെമിയിൽ ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റ് പിഴുതിരുന്നു.
ഫൈനലിൽ ആസ്ട്രേലിയയോട് ടീം തോൽവി വഴങ്ങിയതിനു പിന്നാലെ പരിക്കുമായി ഷമി പുറത്തിരുന്നു. ഇടക്ക് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും കാൽമുട്ടിൽ നീരുവീക്കം വീണ്ടും വില്ലനായി. ഇത്തവണ ഇംഗ്ലണ്ടിനെതിരെ ഫിറ്റ്നസ് നിലനിർത്താനായാൽ ചാമ്പ്യൻസ് ട്രോഫിയിൽ 34കാരന് മാത്രമല്ല, ടീമിനും പ്രതീക്ഷയാകും. സമീപകാലത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും (11 വിക്കറ്റ്) വിജയ് ഹസാരെ ട്രോഫിയിലും (അഞ്ചു വിക്കറ്റ്) താരം മികച്ച ഫോം പുറത്തെടുത്തിരുന്നു. അതേസമയം, ട്വന്റിയിൽ 2014ൽ അരങ്ങേറിയെങ്കിലും പലപ്പോഴും പുറത്തിരുന്നതാണ് ചരിത്രം. ഏറ്റവുമൊടുവിൽ 2022ലെ ട്വന്റി20 ലോകകപ്പ് സെമിയിലാണ് ദേശീയ ജഴ്സിയിൽ ഇറങ്ങിയത്.
ഓൾറൗണ്ടർ അക്സർ പട്ടേൽ ദേശീയ ടീമിന്റെ ഉപനായക പദവിയിൽ ആദ്യമായെത്തുന്നുവെന്നതാണ് പരമ്പരയിലെ പ്രധാന സവിശേഷത. ട്വന്റി20 ലോകകപ്പിലും കഴിഞ്ഞ വർഷം കരീബിയൻ മണ്ണിലും താരത്തിന്റെ മികവാണ് പുതിയ ദൗത്യത്തിലേക്ക് വഴിതുറന്നത്. ഒപ്പം, മലയാളി താരം സഞ്ജുവിന്റെ ഇന്നിങ്സുകൾ കൂടി ശ്രദ്ധിക്കപ്പെടുന്നതാകും ഓരോ മത്സരവും. ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽനിന്ന് പുറത്തായ താരം രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരായ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. തുടർച്ചയായ സെഞ്ച്വറികളടക്കം കുട്ടിക്രിക്കറ്റിൽ മിടുക്ക് പലവട്ടം തെളിയിച്ച പരിണതപ്രജ്ഞനാണ് സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് താരം തുടർച്ചയായ കളികളിൽ സെഞ്ച്വറി നേടിയത്. ആസ്ട്രേലിയയിൽ ടീമിന്റെ നട്ടെല്ലായി മാറിയ നിതീഷ് റെഡ്ഡിയും ടീമിലുണ്ട്.
മറുവശത്ത്, പുതിയ പരിശീലകൻ ബ്രൻഡൻ മക്കല്ലത്തിനു കീഴിൽ ഇറങ്ങുന്ന ജോസ് ബട്ലറും സംഘവും മികച്ച നിരയുമായാണ് എത്തിയിരിക്കുന്നത്. റീസ് ടോപ്ലി, സാം കറൻ, വിൽ ജാക്സ് എന്നിവരുടെ അഭാവം നികത്താൻ 21കാരനായ ജേക്കബ് ബെഥലിനെ പോലുള്ളവർ ടീമിലെത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.
ഇംഗ്ലണ്ട്: ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക് (വൈസ് ക്യാപ്റ്റൻ), ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ലിയം ലിവിങ്സ്റ്റോൺ, ജൊഫ്ര ആർച്ചർ, ഗുസ് അറ്റ്കിൻസൺ, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ആദിൽ റാശിദ്, മാർക് വുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.