ദുബൈ: ലോകക്രിക്കറ്റിൽ എക്കാലവും അത്യാവേശം വിതറാറുള്ള ഇന്ത്യ-പാകിസ്താൻ മത്സരം കഴിഞ്ഞ കുറേവർഷങ്ങളായി ഐ.സി.സി-വൻകര ഇവന്റുകളിലേക്ക് മാത്രം ചുരുങ്ങിയിട്ടുണ്ട്. പരസ്പരം ഏറ്റുമുട്ടുന്നത് കാണാൻ ലോകകപ്പോ ചാമ്പ്യൻസ് ട്രോഫിയോ ഏഷ്യ കപ്പോ ആവാൻ കാത്തിരിക്കണം.
അത് മിക്കപ്പോഴും ന്യൂട്രൽ വേദികളിലുമാവും. ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഗ്രൂപ് റൗണ്ടിൽതന്നെ ഇത്തവണ ഇന്ത്യ-പാക് മത്സരമുള്ളതിന്റെ ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികൾ. ഇരുരാജ്യക്കാരും ഏറെയുള്ള ദുബൈയിൽ ഞായറാഴ്ച ഉച്ചക്കുശേഷം രോഹിത് ശർമയുടെയും മുഹമ്മദ് റിസ്വാന്റെയും സംഘങ്ങൾ നേർക്കുനേർ വരികയാണ്. ഗ്രൂപ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച ഇന്ത്യക്ക് ജയത്തുടർച്ച സെമി ഫൈനലിൽ ഇടമൊരുക്കും. ന്യൂസിലൻഡിനോട് തോറ്റ് തുടങ്ങിയ പാകിസ്താന് ഇന്നത്തേത് നിലനിൽപ് പോരാണ്.
മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ശുഭ്മൻ ഗില്ലിന്റെ ശതകവുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയമൊരുക്കിയത്. എതിരാളികൾ കുറിച്ച 229 റൺസ് ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ഇടക്കൊന്ന് പതറി 47ാം ഓവർവരെ കളിക്കേണ്ടിവന്നതിന്റെ ക്ഷീണമുണ്ട്. സൂപ്പർ താരം വിരാട് കോഹ്ലിക്ക് ഇനിയും വലിയ സ്കോർ കണ്ടെത്താനായില്ല. പാകിസ്താനാവട്ടെ സ്വന്തം കാണികൾക്ക് മുന്നിൽ കിവികളോട് 60 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി.
പരിക്കേറ്റ ബാറ്റർ ഫഖർ സമാന് പകരം ഇമാമുൽ ഹഖിനെ സ്ക്വാഡിലുൾപ്പെടുത്തിയാണ് ടീം ദുബൈയിലേക്ക് പറന്നത്. ബംഗ്ലാദേശിനെതിരായ വിജയ ഇലവനിൽ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. 2017ലെ ഫൈനലിലാണ് ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവുമൊടുവിൽ മുഖാമുഖം വന്നത്. 180 റൺസ് ജയവുമായി പാകിസ്താൻ മടങ്ങുമ്പോൾ കൈയിൽ കിരീടവുമുണ്ടായിരുന്നു.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജദേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ഋഷഭ് പന്ത്, വരുൺ ചക്രവർത്തി.
പാകിസ്താൻ: മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), സൽമാൻ അലി ആഗ, ബാബർ അഅ്സം, ഇമാമുൽ ഹഖ്, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, ത്വയ്യബ് താഹിർ, ഫഹീം അഷ്റഫ്, ഖുഷ്ദിൽ ഷാ, ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഹാരിസ് റഊഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.