ഒടുവിൽ മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ന്യൂസിലൻഡ് പരമ്പരയിലും 2027 ഏകദിന ലോകകപ്പിലും കളിച്ചേക്കും

മുംബൈ: സ്റ്റാർ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തുമ്പോഴും ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തെ കളിപ്പിച്ചേക്കുമെന്നാണ് സൂചന. 2027 ഏകദിന ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ് താരത്തെ തിരിച്ചുവിളിക്കുന്നത്. താരത്തിന്‍റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്നും ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു. ‘മുഹമ്മദ് ഷമിയുടെ കാര്യം പതിവായി ചർച്ച ചെയ്യാറുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. ഫിറ്റ്നസ് മാത്രമാണ് ആശങ്കയായി ഉള്ളത്. നന്നായി വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറാണ് അദ്ദേഹം. ടീം സെലക്ഷൻ റഡാറിന് പുറത്താണ് താരമെന്ന് പറയുന്നത് ശരിയല്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തെ ടീമിലെടുക്കുന്നത് നന്നായിരിക്കും. പെട്ടെന്നു തന്നെ അദ്ദേഹം ടീമിലേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല, അനുഭവപരിചയവും വിക്കറ്റെടുക്കാൻ കഴിവുമുള്ള താരമാണ്. 2027 ലോകകപ്പിലും ഷമിക്ക് സാധ്യതയുണ്ട്’ -ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2025 മാർച്ചിലെ ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി ഇന്ത്യൻ ടീമിനു വേണ്ടി അവസാനമായി കളിച്ചത്. ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായിരുന്നു, ഒമ്പതു വിക്കറ്റുകളാണ് നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയാണ് അവസാന മത്സരം കളിച്ചത്. 2023 ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം താരം ഇതുവരെ ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽനിന്ന് (സെയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മൂന്നുവീതം മത്സരങ്ങൾ) 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രഞ്ജി ട്രോഫി സീസണിൽ നാലു മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകളും നേടി.

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുമ്പോഴും സെലക്ഷൻ കമ്മിറ്റി ഷമിയെ തഴയുന്നതിൽ മുൻ താരങ്ങളും അതൃപ്തി പരസ്യമാക്കിയിരുന്നു. അടുത്തിടെ നടന്ന ഏകദിന മത്സരങ്ങളിൽ പേസർമാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും വിശ്രമം നൽകിയ ഒഴിവിലേക്കും ഷമിയെ പരിഗണിക്കാത്തതാണ് കൈഫിനെ ചൊടിപ്പിച്ചത്.

Tags:    
News Summary - BCCI To Consider Mohammed Shami For New Zealand Series And ODI World Cup 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.