മുസ്തഫിസുർറഹ്മാൻ, ജയ് ഷാ, ഷാരൂഖ് ഖാൻ
ന്യൂഡൽഹി: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ താരത്തെ ഒഴിവാക്കാൻ നിർദേശവുമായി ബി.സി.സി.ഐ. ഐ.പി.എൽ താര ലേലത്തിലൂടെ 9.20കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ബംഗ്ലാദേശ് താരത്തെ റിലീസ് ചെയ്യാൻ ടീമിന് നിർദേശം നൽകിയതായി ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.
ബംഗ്ലാദേശിലെ വിദ്യാർഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധമായി മാറിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വഷളായത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവങ്ങളിൽ ഇന്ത്യൻ വംശജൻ ബംഗ്ലാദേശിൽ കൊല്ലപ്പെടുക കൂടി ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ഇതോടെയാണ് ബംഗ്ലാദേശ് താരത്തെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യയിൽ പ്രതിഷേധമുയർന്നത്. ബി.ജെ.പിയും ശിവസേനയും രംഗത്തുവന്നതോടെ ബി.സി.സി.ഐ ഇടപെടുകയും മുസ്തഫിസുർറഹ്മാനെ ഒഴിവാക്കി, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കെ.കെ.ആറിന് അനുമതി നൽകുകയുമായിരുന്നു.
മുസ്തഫിസുർറഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ കൊൽക്കത്ത ഉടമ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ ആക്രമണവും ആരംഭിച്ചു. ഷാരൂഖിനെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെ.പി നേതവും മുൻ യു.പി എം.എൽ.എയുമായ സംഗീത് സോമിന്റെ പരാമർശവും വിവാദമായി. എന്നാൽ, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധങ്ങളിൽ വിള്ളൽ വീണ സാഹചര്യത്തിലും ബംഗ്ലാദേശ് താരങ്ങളെ ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെടുത്തിയ ബി.സി.സി.ഐയും ഐ.സി.സി തലവൻ ജയ്ഷായുമാണ് ഉത്തരം പറയേണ്ടതെന്ന നിലപാടുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘ആഭ്യന്തര മന്ത്രിയുടെ മകൻ ജയ് ഷാ ആണ് വിവാദത്തിൽ ഉത്തരം നൽകേണ്ടത്. ബംഗ്ലാദേ് താരങ്ങൾ എങ്ങനെ ലേല പട്ടികയിൽ ഉൾപ്പെട്ടുവെന്നതിന് മറുപടി പറയണം. ഐ.സി.സി തലവൻ എന്ന നിലയിൽ ക്രിക്കറ്റിലെ പ്രധാന തീരുമാനങ്ങളെല്ലാം ജയ് ഷായുടേതാണ്’ -കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ തുറന്നടിച്ചു.
കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയും തുറന്നടിച്ചു. ബി.ജെ.പി നേതാക്കൾ ഐ.പി.എൽ ഫ്രാഞ്ചൈസികളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ട് ബംഗ്ലാദേശ് താരങ്ങളെ ലേല പൂളിൽ ഉൾപ്പെടുത്തിയ ബി.സി.സി.ഐയെ ചോദ്യം ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമായ താര ലേല വിവാദവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും നിശബ്ദതയിലായിരുന്നു. താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സുമായി മത്സരിച്ചാണ് കെ.കെ.ആർ മുസ്തഫിസുർ റഹ്മാനെ 9.20കോടിക്ക് സ്വന്തമാക്കിയത്.
എന്നാല, ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ സെക്രട്ടറി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.