വിക്കറ്റ് നേട്ടം ാഘോഷിക്കുന്ന ബ്രൈഡൻ കാഴ്സ്

ഓസീസ് 132ന് പുറത്ത്; മെൽബൺ ടെസ്റ്റിൽ ട്വിസ്റ്റ്, കളി കൈവിടാതെ ഇംഗ്ലണ്ട്, 175 റൺസ് വിജയലക്ഷ്യം

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചിടിക്കുന്നു. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയെ 132ന് പുറത്താക്കിയ ഇംഗ്ലണ്ട് നിലവിൽ ശക്തമായ നിലയിലാണ്. 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന സന്ദർശകർ രണ്ടാം ഇന്നിങ്സിൽ 16 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തിട്ടുണ്ട്. രണ്ടാംദിനം അവസാന സെഷൻ പുരോമിക്കവേ 71 റൺസകലെ പരമ്പരയിലെ ആദ്യ ജയമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് സ്കോർ 22ൽ നിൽക്കേ സ്കോട്ട് ബോളണ്ടിന്‍റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റൺസ് നേടിയ ട്രാവിസ് ഹെഡല്ലാതെ ഒരാൾക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനെ കൂടാതെ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (24*) കാമറൂൺ ഗ്രീനും (19*) മാത്രമാണ് രണ്ടക്കം കടന്നത്. ഉസ്മാൻ ഖ്വാജ, മൈക്കൽ നെസെർ, മിച്ചൽ സ്റ്റാർക്ക് എന്നിവർ സംപൂജ്യരായി മടങ്ങി. ജേക്ക് വെതർലാൻഡ് (5), മാർനഷ് ലബൂഷെയ്ൻ (8), അലക്സ് കാരി (4), ജേ റിച്ചാർഡ്സൻ (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാലും ബെൻ സ്റ്റോക്സ് മൂന്നും വിക്കറ്റുകൾ നേടി.

175 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ബാസ്ബാൾ ശൈലിയിൽ തകർത്തടിച്ചതോടെ, ഒന്നാം വിക്കറ്റിൽ ഏഴോവറിൽ 51 റൺസ് പിറന്നു. ബെൻ ഡക്കറ്റിനെ (34) ബൗൾഡാക്കി മിച്ചൽ സ്റ്റാർക്കാണ് ആദ്യ വിക്കറ്റ് പിഴുതത്. ആറ് റൺസെടുത്ത ബ്രൈഡൻ കാഴ്സിനെ സ്കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നിൽ കുരുക്കി. ചായക്ക് പിരിയുമ്പോൾ സാക് ക്രൗലിയും ജേക്കബ് ബെതേലുമാണ് ക്രീസിൽ. പരമ്പര കൈവിട്ട ഇംഗ്ലിഷ് ടീമിന് ഈ മത്സരത്തിലെ ജയം അഭിമാന പ്രശ്നമാണ്.

ഇരുടീമുകളുടെയും ഒന്നാം ഇന്നിങ്സ് ആദ്യദിനം അവസാനിച്ചിരുന്നു. ആസ്ട്രേലിയ 152 റൺസിനും ഇംഗ്ലണ്ട് 110 റൺസിനുമാണ് ആദ്യ ഇന്നിങ്സിൽ പുറത്തായത്. 20 വിക്കറ്റുകൾ വീണ ദിവസം കളി കാണാൻ റെക്കോഡ് കാണികളാണ് മെല്ഡബണിലെത്തിയത്.

Tags:    
News Summary - Australia vs England | Ashes 4th Test | Melbourne Test | AUS vs ENG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.