ഒമാന്റെ വിക്കറ്റ് വീഴ്ത്തിയ യു.എ.ഇ താരം ജുനൈദ് സിദ്ദീഖ്

ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

ദുബൈ: ഒരു കളി ബാക്കിനിൽക്കെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി20യുടെ സൂപ്പർ ​ഫോറിൽ ഇടം നേടി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യ, മൂന്നാം അങ്കത്തിൽ ഒമാനെ നേരിടും മുമ്പേ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിൽ ഇടം ഉറപ്പിച്ചു. ​തിങ്കളാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ യു.എ.ഇ, ഒമാനെ തോൽപിച്ചതോടെയാണ് ഇന്ത്യയുടെ നേരിട്ടുള്ള പ്രവേശനം നേരത്തെ ആയത്.

സൂപ്പർ ഫോറിൽ ഇടം നേടുന്ന ആദ്യ ടീം കൂടിയാണ് ഇന്ത്യ.

ഗ്രൂപ്പ് ‘എ’യിലെ ആദ്യ മത്സരത്തിൽ യു.എ.ഇയെ ഒമ്പത് വിക്കറ്റിനും, രണ്ടാം അങ്കത്തിൽ പാകിസ്താനെ ഏഴു വിക്കറ്റിനും തകർത്ത് നാല് പോയന്റുമായി ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവും കൂട്ടുകാരും.

രണ്ട് കളിയും തോറ്റതോടെ ഒമാന്റെ പുറത്താവൽ പൂർണമായി. രണ്ട് കളിയിൽ ഒരു ജയം സ്വന്തമാക്കിയ യു.എ.ഇക്ക് പാകിസ്താനെതിരായ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം നിർണാകമായും മാറി. ബുധനാഴ്ചത്തെ ഈ മത്സരത്തിൽ ജയിക്കുന്നവരായിരിക്കും ഇന്ത്യക്കും പിന്നാലെ, ഗ്രൂപ്പ് ‘എ’യിൽ നിന്നും സൂപ്പർ ഫോറിൽ ഇടം നേടുന്നവർ.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെയായിരുന്നു യു.എ.ഇയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ഓപണിങ് ജോടികളായ അലിഷാൻ ഷറഫു (38 പന്തിൽ 51), ക്യാപ്റ്റൻ മുഹമ്മദ് വസീം (54 പന്തിൽ 69) എന്നിവർ നൽകിയ തുടക്കം മുതലെടുത്തായിരുന്നു യു.എ.ഇ മികച്ച​ ടോട്ടലിലേക്ക് നീങ്ങിയത്. ആസിഫ് ഖാൻ (2), മുഹമ്മദ് സുഹൈബ് (21), ഹർഷിത് കൗശിക് (19 നോട്ടൗട്ട്) എന്നിങ്ങനെയായി മറ്റുള്ളവരുടെ സംഭവന.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് യു.എ.ഇ ബൗളിങ്ങിനു മുന്നിൽപിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റ് നേട്ടവുമായി ജുനൈദ് സിദ്ദീഖ് ആക്രമണം നയിച്ചപ്പോൾ ഒമാൻ 130ൽ പുറത്തായി.

ഒമാന്റെ പുറത്താകലോടെയാണ് ഇന്ത്യയുടെ സൂപ്പർ ഫോർ പ്രവേശനം നേരത്തെ ഉറപ്പിച്ചത്. മികച്ച റൺ​​റേറ്റ് കൂടിയായതോടെ, അടുത്ത മത്സര ഫലം ആശ്രയിക്കാതെ തന്നെ ​സൂപ്പർ ഫോർ ഉറപ്പായി.

അതേസമയം, രണ്ട് കളിയിൽ രണ്ട് പോയന്റ് മാത്രമുള്ള പാകിസ്താന് അതി നിർണായകമാണ് ബുധാനാഴ്ചത്തെ അങ്കം. യു.എ.ഇക്കെതിരെ ജയിച്ചാൽ മാത്രമേ നോക്കൗട്ടിൽ ഇടം നേടാനാവൂ.

ഗ്രൂപ്പ് ‘ബി’യിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ശ്രീലങ്ക ഹോങ്കോങ്ങിനെ നാല് വിക്കറ്റിന് തോൽപിച്ച് സൂപ്പർ ഫോറിലേക്ക് ഒരു ചുവട് കൂടി അടുത്തു.

Tags:    
News Summary - Asia Cup: India qualify for Super 4 after UAE thrash Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.