സിമ്രാൻജിത് സിങ്, ശുഭ്മാൻ ഗിൽ

അന്ന് 11കാരൻ ശുഭ്മാൻ ഗില്ലിന് നെറ്റ്സിൽ പന്തെറിഞ്ഞ താരം; ഇന്ന് ഇന്ത്യക്കെതിരെ യു.എ.ഇയുടെ സ്പിൻ ആയുധം. ആരാണീ പഞ്ചാബുകാരൻ..?

ദുബൈ: ചൊവ്വാഴ്ച ദുബൈയിൽ ക്രീസുണർന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് അപൂർവമായൊരു പുനഃസമാഗമത്തിന്റെ കൂടി​ വേദിയാവുകയാണ്. ടൂർണമെന്റിന്റെ രണ്ടാം ദിനമായ ബുധനാഴ്ച രാത്രിയിൽ ഇന്ത്യയും യു.എ.ഇയും കളത്തിലിറങ്ങുമ്പോൾ ആ രണ്ടുപേർ ക്രീസിൽ മുഖാമുഖമെത്തും. യു.എ.ഇയുടെ ഇടംകൈയൻ സ്പിൻ ബൗളർ സിമ്രാൻജിത് സിങ്ങും, ഇന്ത്യയുടെ ഇന്ത്യൻ ടെസ്റ്റ് നായകനും ഏഷ്യാകപ്പിലെ വൈസ് ക്യാപ്റ്റനുമായ ശുഭ്മാൻ ഗില്ലും.

പഞ്ചാബുകാരനാണ് 35 കാരനായ സിമ്രാൻജിത്. പഞ്ചാബ് രഞ്ജി ട്രോഫി ടീമിന്റെ പടിവാതിൽക്കൽ വരെയെത്തിയ കരിയറിനൊടുവിൽ കടൽ കടന്ന് യു.എ.ഇയുടെ സ്പിൻ മാന്ത്രികനായി മാറിയ താരം. ബുധനാഴ്ച രാത്രിയിൽ യു.എ.ഇയും ഇന്ത്യയും മാറ്റുരക്കുമ്പോൾ ശുഭ്മാൻ ഗില്ലും, സൂര്യകുമാർ യാദവും ഉൾപ്പെടുന്ന നീലക്കടുവകൾക്ക് വെല്ലുവിളിയുതിർക്കുന്നത് ഈ ​സ്പിന്നറായിരിക്കും.

ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ ശുഭ്മാനെതിരെ പന്തെറിയുന്നതിന്റെ ത്രില്ലിലാണ് ഇന്ന് സിമ്രാൻജിത്. ദുബൈയിലെ കളിമുറ്റത്ത് ഇരുവരും മുഖാമുഖമെത്തുമ്പോൾ താരത്തിന്റെ ഓർമകൾ പതിനഞ്ചു വർഷം പിറകിലേക്ക് പോകും. ആ ഓർമ ഇന്ത്യൻ വാർത്താ ഏജൻസിയായ പി.​ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിമ്രാൻ ഓർത്തെടുത്തു.

‘2011-2012ലാണെന്നാണ് ഓർമ. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നെറ്റ് സെഷനിൽ പന്തെറിയാനെത്തിയതായിരുന്നു സിമ്രാൻജിത്. അന്ന് 11 വയസ്സുകാരായ ശുഭ്മാനും നെറ്റ്സിൽ പതിവായി ബാറ്റ് ചെയ്യാനെത്തുമായിരുന്നു. ചെറിയ പ്രായക്കാരനായ ശുഭ്മാനെതിരെ ഞാൻ പതിവായി പന്തെറിഞ്ഞു. അദ്ദേഹത്തിന് അത് ഓർമയുണ്ടോ എന്നറിയില്ല’ -സിമ്രാൻജിത് പറഞ്ഞു.

പഞ്ചാബിൽ ടു യു.എ.ഇ; സിമ്രാന്റെ സ്പിൻ യാത്ര

അനിൽ കും​െബ്ലയും ഹർഭജൻ സിങ്ങും ഉൾപ്പെടെ ഇന്ത്യൻ സ്പിൻനിരയെ സ്വപ്നംകണ്ട് പന്തെറിഞ്ഞു തുടങ്ങിയ താരമാണ് പഞ്ചാബുകാരനായ സിമ്രാൻജിത്. 2017ലെ പഞ്ചാബ് രഞ്ജി ട്രോഫി ടീമിന്റെ സാധ്യതാ ടീം വരെയെത്തിയ താരം. ആ അവസരം നഷ്ടമായെങ്കിലും ​ക്രിക്കറ്റ് ​ക്രീസിൽ സജീവമായിരുന്നു ഇദ്ദേഹം. ഇതിനിടയിലെത്തിയ കോവിഡ് സിമ്രാന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചു. ദുബൈയിൽ 20 ദിവസത്തെ പരിശീലന സെഷനിൽ പ​ങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു കോവിഡ് പടർന്നു പിടിച്ചത്. രണ്ടാം തരംഗം ശക്തമായി വന്നതോടെ സിമ്രാൻ ദുബൈയിൽ കുടുങ്ങി. 20 ദിവസത്തെ ദുബൈ യാത്ര, അനിശ്ചിതമായി നീണ്ടു പോയി.

പതിയെ, ദുബൈയിലെ ജൂനിയർ താരങ്ങൾക്ക് പരിശീലനം നൽകുകയും, പ്രദേശിക ക്ലബുകളിൽ കളി തുടങ്ങുകയും ചെയ്തു. ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്ന പന്തുകളുമായി ക്ലബുകളിൽ സജീവമായ ​സിമ്രാന്റെ പ്രകടനം യു.എ.ഇ ദേശീയ കോച്ച് ലാൽചന്ദ് രജപുതിന്റെ ചെവിയിലുമെത്തി. സ്ഥിരതയാർന്ന പ്രകടനം ഇഷ്ടപ്പെട്ട കോച്ച് മൂന്നുവർഷത്തെ ​യു.എ.ഇ റെസിഡൻസി പൂർത്തിയാക്കിയതോടെ സിമ്രാനെ ദേശീയ ടീമിലേക്കും വിളിക്കുകയായിരുന്നു. 2024ൽ എമിറേറ്റ്സ് ടീമിന്റെ താരമായി ദോഹയിൽ സൗദിക്കെതിരെ അരങ്ങേറ്റം കുറിച്ചതാരം ഇന്ന് ടീമിന്റെയും അവിഭാജ്യ ഘടകമായി മാറി.

Tags:    
News Summary - Asia Cup 2025: Who Is Simranjeet Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.