ഓവൽ: അനിവാര്യമായ സാഹചര്യത്തിൽ ടീമിന് പോരാട്ടവീര്യം പകർന്ന കാഴ്ചയായി ക്രിസ് വോക്സ്. അവസാന ദിനത്തിൽ ഇന്ത്യക്കും വിജയത്തിനുമിടയിൽ ആരാധകരെ മുൾമുനയിൽ നിലനിർത്തുന്നതായിരുന്നു തൂക്കികെട്ടിയ ഇടതുകൈയുമായി ഒറ്റക്കൈയിൽ ബാറ്റുമായി ക്രിസ് വോക്സിന്റെ വരവ്. ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ വിജയം മോഹിച്ചു തുടങ്ങിയ സമയമായിരുന്നു വോക്സ് ക്രീസിലേക്ക് നടന്നു നീങ്ങിയത്. ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങിയതിനു പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്സ് മാത്രമായി ആശ്രയം. അപ്പോൾ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയിൽ 17 റൺസിന്റെ അകലം. യോർക്കറും ബൗൺസുമായി പന്തെറിയാൻ മുഹമ്മദ് സിറാജും.
ഓവലിലെ ഒന്നാം ദിനത്തിൽ തോളിന് പരിക്കേറ്റ് കളം വിട്ടതായിരുന്നു ഇംഗ്ലീഷ് പേസ് ബൗളർ. ഇംഗ്ലണ്ടിന്റെ ആദ്യഇന്നിങ്സിൽ പരിക്ക് കാരണം ബാറ്റ് ചെയ്യാതെ മാറിയിരുന്ന താരം, അനിവാര്യമാണെങ്കിൽ അവസാന ദിനം ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റൻ ജോ റൂട്ട് തിങ്കളാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ജയത്തിലേക്ക് 35 റൺസിന്റെ മാത്രം ദൂരമായതിനാൽ ആവശ്യം വരില്ലെന്ന വിശ്വാസത്തിലായിരുന്നു ആരാധകരും താരങ്ങളും. എന്നാൽ, ഓവലിലെ പിച്ചിൽ നിറഞ്ഞാടിയ മുഹമ്മദ് സിറാജ്, ഒടുവിൽ വോക്സിനെയും കളത്തിലെത്തിച്ചു. പരിക്കുകാരണം കെട്ടിയ ഇടതുകൈ വൈറ്റ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് വലതുകൈയിൽ ബാറ്റുമായി വോക്സ് മൈതാനത്തേക്ക് പുറപ്പെട്ടപ്പോൾ ഗാലറിയും കമന്ററി ബോക്സും ആവേശത്തോടെ ശബ്ദിച്ചു.
വോക്സിനെ മറുതലക്കൽ കാവൽ നിർത്തി, സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു ക്രീസിലുണ്ടായിരുന്ന ഗസ് ആറ്റ്കിൻസണിന്റെ പ്ലാൻ. കൂറ്റനടികളിൽ മിടുക്കനായ ആറ്റ്കിൻസൺ ആ ലക്ഷ്യം മനോഹരമായി നിറവേറ്റി. സിറാജിെൻർ ഓവറിൽ സിക്സർ എടുത്ത് മാത്രം നിലനിന്നു. അവസാന പന്തിൽ ഒരു ബൈ റണ്ണുമായി സ്ട്രൈക്ക് നിലനിർത്തിയ ആറ്റ്കിൻസൺ വോക്സിന് ബാറ്റുചെയ്യുന്ന സാഹചര്യം ഒഴിവാക്കി. ഇതിനിടയിൽ പ്രസിദ്ധിനെ ഡബ്ൾ പായിച്ച് സ്കോർ പതിയെ ഉയർത്തി. ഒടുവിലായിരുന്നു ഈ ഒളിച്ചുകളിക്ക് അധികം ആയുസ്സില്ലെന്നുറപ്പിച്ച് സിറാജ് ആറ്റ്കിൻസണിന്റെ കുറ്റിയിളക്കി ഇന്ത്യയുടെ വിജയം സമ്മാനിച്ചത്.
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഋഷഭ് പന്ത് കാഴ്ചവെച്ച ധീരതയുടെ ആവർത്തനമായി ആരാധക ലോകം ക്രിസ് വോക്സിനെയും വാഴ്ത്തി തുടങ്ങി. ഒരു പന്ത് പോലും നേരിടേണ്ടി വന്നില്ലെങ്കിലും, വേദനകൾ കടിച്ചമർത്തി അനിവാര്യമായ സഹചര്യത്തിൽ ടീമിനുവേണ്ടി ക്രീസിലെത്തിയതു തന്നെ വോക്സിന്റെ ധീരതയുടെ അടയാളമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.