ബെർമിങ്ഹാം: കളത്തിലിറങ്ങിയാൽ പ്രായം വെറുമൊരു നമ്പറാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം എബി ഡിവില്ലിയേഴ്സ്. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും, 41ാം വയസ്സിലും ബാറ്റിങ്ങിലും ഫീൽഡിലും എബിഡി പഴയ എബിഡി തന്നെ.
ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ആരാധക ലോകം അത് ഒരിക്കൽ കൂടി കണ്ടു. ആസ്ട്രേലിയക്കെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന സെമി ഫൈനൽ മത്സരത്തിന്റെ 20ാം ഒവാറിലെ അവസാന പന്തിലായിരുന്നു ആ മാസ്മരിക മുഹൂർത്തം പിറന്നത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ലെജൻഡ്സ് കുറിച്ച 186 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ഷോൺമാർഷും നഥാൻ കോൾട്ടർ നീലും ബ്രെറ്റ്ലീയും നയിക്കുന്ന ആസ്ട്രേലിയ പാഞ്ഞടുക്കുന്നു. അവസാന ഒവാറിൽ ജയിക്കാൻ വേണ്ടത് 14 റൺസ്. ക്രീസിൽ ഡാൻ ക്രിസ്റ്റ്യനും റോബ് ക്വീനിയും. പന്തുമായി ദക്ഷിണാഫ്രിക്കൻ പേസർ വെയ്ൻ പാർനൽ. ആദ്യ പന്തിൽ സിക്സറും, പിന്നാലെ സിംഗിളും ഡബ്ളുമായി സ്കോർ ലക്ഷ്യത്തിനരികിലെത്തിച്ചു. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. രണ്ട് റൺസ് നേടിയാൽ സമനില.
ക്രീസിൽ ക്രിസ്റ്റ്യന്റെ സ്ട്രൈറ്റ് ഡ്രൈവ് ബൗണ്ടറിയിലേക്ക്. അപ്പോഴേക്കും ടി.വി സ്ക്രീനിൽ മിന്നൽ വേഗത്തിൽ എബിഡിയുടെ കുതിപ്പ്. ബൗണ്ടറി ലൈനിന് സമാന്തരമായി ഓടിയെത്തിയ താരം പന്ത് കൈപ്പിടിയിലൊതുക്കി, ഡയറക്ട് ത്രോ.. രണ്ടാം റണ്ണിനായി ഓടിയെത്തുന്ന ക്രിസ്റ്റ്യൻ ക്രീസിലെത്തും മുമ്പേ കുറ്റി തെറിക്കുന്നു.
അവസാനഓവറിൽ ത്രില്ലർ റൺഔട്ടിൽ ആസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് നഷ്ടം, ദക്ഷിണാഫ്രികക്ക് ഒരു റൺസിന്റെ മിന്നും ജയവും. ഫൈനലിൽ കടന്ന ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടത്തിൽ ശനിയാഴ്ച പാകിസ്താൻ ലെജൻഡ്സിനെ നേരിടും. ഡിവില്ലിയേഴ്സ് തന്നെയാണ് ദക്ഷിണാഫ്രിക്കൻ നായകൻ. മുൻകാല താരങ്ങളായ ജെ.പി ഡുമിനി, വെയ്ൻ പാർണൽ, മോർനെ മോർകൽ, ഇമ്രാൻ താഹിർ തുടങ്ങിയ താരങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ഇന്ത്യക്കെതിരായ സെമി ഫൈനൽ കളിക്കാതെ തന്നെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.