മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഒമാൻ. ഉസ്ബാകിസ്താനിലെ മജ്മുവാസി സറ്റേഡിയത്തിൽ നടന്ന കളിയിൽ കിർഗിസ്താനെ 2-1ന് ആണ് തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് എയിൽ നാലുപോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുമെത്താനായി.
തോൽവി മണത്ത മത്സരത്തിൽ അവസാന നിമിഷംവരെ പൊരുതി കാർലോസ് ക്വിറോസിന്റെ കുട്ടികൾ വിജയം തട്ടിയെടുക്കുകയായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിൽ ഇസ്സാം അൽ സുബ്ഹി നേടിയ ഇരട്ട ഗോളുകളാണ് ഒമാനെ വിജയ വഴിയിൽ എത്തിച്ചത്.
ആദ്യമിനിറ്റുകളിൽ വളരെ കരുതലോടെയായിരുന്നു ഇരു ടീമകളും മുന്നേറിയത്. ഇടതുവലുതു വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്താൽ ഇരുഗോൾ മുഖവും ഇടക്കിടെ പരീക്ഷച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഒടുവിൽ 24ാ മിനിറ്റിൽ തമിർലാൻ കൊസുബയേവിലൂടെ കിർഗിസ്താൻ ആദ്യം വല കുലുക്കി. ഗോൾ വീണതോടെ കൂടുതൽ ഉണർന്ന് കളിക്കുന്ന ഒമാൻ താരങ്ങളെയാണ് ഗ്രൗണ്ടിൽ കണ്ടത്. മികച്ച മുന്നേറ്റങ്ങളുമായി എതിഗോൾ മുഖത്ത് നിരന്തരം ഭീതി സൃഷടിച്ചെങ്കിലും ഗോൾ മടക്കാൻ ഒമാനായില്ല.
എന്തുവിലകൊടുത്തും സമനില പിടിക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു രണ്ടാം പകുതിയിൽ റെഡ് വാരിയേഴ്സ് ഇറങ്ങിയത്. കിർഗിസ്താനാകട്ടെ പ്രതിരോധ കോട്ടകെട്ടി റെഡ്‍ വാരിയേഴ്സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞിടുകയും ചെയ്തു. ഒടുവിൽ 91ാം മിനിറ്റിൽ ഒമാൻ ആഗ്രഹിച്ച നിമിഷം പിറന്നു. ഇസ്സാം അൽ സുബ്ഹിയുടെ ഗോളിലൂടെ ഒമാൻ സമനില പിടിച്ചു. നാല് മിനിറ്റിന് ശേഷം ഇസ്സാം വീണ്ടു അവതരിച്ചതോടെ വിജയം ഒമാന്റെ വഴിയിലെത്തുകയായിരുന്നു. വെള്ളിയാഴ്ച തുർക്കമെനിസ്താനെതരെയാണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.