ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടികളിലെല്ലാം വെള്ള ഷർട്ടിലും കാക്കി നിറമുള്ള പാന്റിലുമായിരുന്നു നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. വിജയ് യെ പിന്തുണക്കുന്ന അനുയായികളും ആരാധകരും പ്രചാരണത്തിലുടനീളം ഈ ഡ്രസ് കോഡ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തമിഴ്നാട്ടിലെ വോട്ടെടുപ്പ് ദിവസം അനുയായികളും താരങ്ങളും ഈ ഡ്രസ് കോഡിലെത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വിജയ് യെ പിന്തുണക്കുന്നതിനുള്ള നിശബ്ദമായ മാർഗമാണ് ഈ വസ്ത്ര ധാരണമെന്നാണ് ഉയരുന്ന വാദം.
സിബി സത്യരാജ്, ജയ്, ആധവ് അർജുന, വിജയ് യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ തുടങ്ങിയവർ വെള്ള ഷർട്ടും കാക്കി പാന്റിലുമാണ് വോട്ട് ചെയ്യാനെത്തിയത്. ഇവരെല്ലാവരും വിജയ് ക്കും ടി.വി.കെക്കും പ്രത്യക്ഷത്തിൽ പിന്തുണ അറിയിച്ച് നേരത്തേതന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയ് ഉൾപ്പെടെയുള്ള നടൻമാർ വിവിധ മണ്ഡലങ്ങളിൽ വിജയ് ക്കായി പ്രചാരണ പരിപാടികളിലും സജീവമായിരുന്നു.
എന്നാൽ, സമൂഹമാധ്യമ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയത് സൂപ്പർ താരം വിക്രം, കാളിദാസ് ജയറാം തുടങ്ങിയവർ വോട്ട് ചെയ്യാനെത്തിയതോടെയായിരുന്നു. ഇരുവരും ഈ ഡ്രസ് കോഡിൽ തന്നെയാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ, ഇവർ മനപൂർവമാണോ ഈ ഡ്രസ് കോഡ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഇതിനെ ചുറ്റിപ്പറ്റി വ്യാപക ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
ടി.വി.കെയെ പിന്തുണക്കുന്ന നിരവധിപേർ പോളിങ് ബൂത്തുകളിൽ വെള്ള ഷർട്ടും കാക്കി പാന്റും ധരിച്ചാണ് എത്തിയത്. തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ ലംഘിക്കാതെ വിജയ് യെ പിന്തുണക്കുന്നുവെന്ന് അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വിജയ് യുടെ അനുയായികൾ പറയുന്നു. പ്രത്യക്ഷത്തിൽ ചിഹ്നമോ പാർട്ടി അടയാളമോ പ്രദർശിപ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും അവർ പറയുന്നു. പോളിങ്ങിന് തൊട്ടുമുമ്പ് വെള്ള ഷർട്ടുകൾക്കും കാക്കി പാന്റുകൾക്കും ആവശ്യക്കാർ വർധിച്ചതായി പ്രാദേശിക വസ്ത്രശാല ഉടമകളും പറയുന്നു.
എന്നാൽ, വസ്ത്രധാരണം ഏതെങ്കിലും പാർട്ടിയെയോ നേതാവിനെയോ പിന്തുണക്കുന്നതിനുള്ള മാർഗമല്ലെന്ന് ചിലർ പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ വോട്ട് ചെയ്യാനെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. അദ്ദേഹവും വെള്ള വസ്ത്രവും കാക്കി പാന്റും ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.
തമിഴ്നാട്ടിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ്. എന്നാൽ, വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെക്കും തമിഴ്നാട് രാഷ്ട്രീയത്തിൽ എത്രത്തോളം പിന്തുണ കിട്ടുമെന്ന കാര്യം വ്യക്തമല്ല. തമിഴ് രാഷ്ട്രീയത്തിൽ വിജയ് യുടെ സ്ഥാനം അടയാളപ്പെടുത്തുമോ എന്നറിയാൻ മേയ് നാലുവരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.