സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം, ഉടൻ തന്നെ തുറന്നുകാട്ടപ്പെടും; നിലപാടിൽ മലക്കം മറിഞ്ഞ് മാധവ് സുരേഷ്

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലെയും പഞ്ചാബിലെയും പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ആരോപിച്ച് സി.ജെ.പിക്കെതിരെ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് രംഗത്ത്. ബി.ജെ.പി ഭരിക്കുന്നിടങ്ങളിൽ മാത്രം വിദ്യാഭ്യാസ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇതെന്ന് ആരോപിക്കുന്ന മാധവ്, പഞ്ചാബിൽ എഎപി ഭരണത്തിലുള്ളപ്പോൾ ഇത്തരം പുരോഗമനവാദികളുടെ നട്ടെല്ല് വാഴപ്പിണ്ടിയാകുകയാണെന്നും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ രൂക്ഷമായി പരിഹസിച്ചു.

എന്നാൽ, ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്നപ്പോൾ അവർക്ക് പിന്തുണയുമായി മാധവ് സുരേഷ് രംഗത്തെത്തിയിരുന്നു. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മാധവ് അന്ന് ആവശ്യപ്പെട്ടു. സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചപ്പോൾ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട മാധവ് ഇപ്പോൾ തീർത്തും വൈരുദ്ധ്യാത്മകമായ വാദങ്ങളാണ് ഉയർത്തുന്നത്.

തന്റെ നിലപാടുകളെ ചൊല്ലി തന്നെയൊരു ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷത’ ചമയുന്നവർക്കും അണ്ണാക്കിൽ പിരി വെട്ടിയോ എന്നാണ് മാധവ് ചോദിക്കുന്നത്. നീറ്റ് പരീക്ഷാർഥികൾക്ക് വേണ്ടി സംസാരിച്ചവർ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും ഉറക്കെ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന താരം, അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാൻ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പിക്ക് എതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായി ചിത്രീകരിക്കുന്ന മാധ്യമങ്ങൾ മറ്റ് യഥാർഥ പ്രശ്നങ്ങൾ മുക്കുകയാണെന്ന് ആരോപിക്കുന്ന മാധവ്, സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി.ജെ.പി എന്ന സംഘം ഉടൻ തുറന്നുകാട്ടപ്പെടുമെന്നും പറയുന്നു. 

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടമാണ്, അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരേ, നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അതു ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ അതേ കൂട്ടരെ ബാധിക്കുന്ന, നമ്മുടെ വിദ്യാർഥികളെയും നമ്മുടെ ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്! ഈ സമരത്തെ പിന്തുണച്ച ഏതൊരു ‘രാഷ്ട്രീയ’ പാർട്ടിയുടെയും യഥാർഥ ലക്ഷ്യം മനസ്സിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ എപ്പോഴും പറഞ്ഞിരുന്നത്. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി ജെ പി പഞ്ചാബിന്റെ കാര്യം വന്നപ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യമൊക്കെ ചോർന്നുപോയോ എന്നും മാധവ് പ്രതികരിക്കുന്നുണ്ട്. ഇതിനൊപ്പം കേരളത്തിലെ പിഎസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കുന്ന അവതാരക രഞ്ജിനി ഹരിദാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Madhav Suresh U-Turn: Slams CJP and Media Over Silence on Punjab Issues in Instagram Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.