വിവാഹത്തിന് നൽകിയ ഐഫോൺ ഉണ്ടാക്കിയ പുകില്; ഷർട്ട് വലിച്ചുകീറി യുവതി, പൊതുനിരത്തിൽ വഴക്കിട്ട് ദമ്പതികൾ -വൈറൽ വിഡിയോ

മീററ്റ്: വിവാഹസമ്മാനമായി നൽകിയ ഐഫോൺ തിരികെ ആവശ്യപ്പെട്ട് പൊതുനിരത്തിൽ ഭർത്താവുമായി തർക്കത്തിലേർപ്പെട്ട് യുവതി. വഴക്കിനിടെ 'എന്റെ ഐഫോൺ തിരിച്ചുതരൂ' എന്ന് ആക്രോശിച്ച് യുവാവിന്റെ ഷർട്ട് വലിച്ചുകീറുന്നതിന്റെയും തള്ളുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ജിം ട്രെയ്നറായ ഭർത്താവ് സഞ്ജിത് ഭാരതിയുമായാണ് ഭാര്യ സോനം വഴക്കിടുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മീററ്റിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിക്ടോറിയ പാർക്കിന് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

താൻ വിവാഹസമ്മാനമായി സമ്മാനിച്ച ഐഫോൺ തിരികെ വേണമെന്ന് സോനം ആവശ്യപ്പെട്ടത് ഭർത്താവ് സഞ്ജിത് വിസമ്മതിച്ചതോടെയാണ് വഴക്കിന്റെ തുടക്കം. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും സോനം ഭർത്താവിന്റെ കോളറിൽ പിടിച്ച് ഷർട്ട് വലിച്ചുകീറുകയുമായിരുന്നു. കീറിയ ഷർട്ട് ഭാര്യയ്ക്ക് നേരെ എറിഞ്ഞ ശേഷം സഞ്ജിത് നടുറോഡിലൂടെ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. തർക്കത്തിനിടയിലും സോനം ഫോണിൽ ആരോടോ സംസാരിക്കുന്നുമുണ്ടായിരുന്നു. റോഡിൽ തടിച്ചുകൂടിയ ആളുകൾ കാരണം പ്രദേശത്ത് നേരിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ മാറ്റിയത്.

വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന ഇരുവരും തമ്മിൽ മുമ്പും പൊതുസ്ഥലങ്ങളിൽ തർക്കമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സഞ്ജിത് ഭാര്യയ്ക്ക് ജീവനാംശം നൽകിവരുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - A woman's iPhone given for her wedding caused a scandal; she tore her shirt, and the couple fought in public - viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.