'ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമായിരുന്നില്ല, അതിനെ ദരിദ്രമാക്കിയതാണ്'; ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഇരുണ്ടകാലം തുറന്നുപറഞ്ഞ് അമേരിക്കൻ യുവതി, ആഗോള ചർച്ചയിൽ വിഡിയോ
ജയ്പൂർ: ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത ടാറ്റു ആർട്ടിസ്റ്റായ ജേമ ഫെറർ രാജസ്ഥാനിലെ ജയ്പൂർ സന്ദർശിച്ചുകൊണ്ടിരിക്കവേ പങ്കുവെച്ച അനുഭവങ്ങളും ചിന്തകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കി. ഇന്ത്യയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തിക്കൊണ്ട് സംസാരിച്ച ജേമ ഈ രാജ്യത്തെ ഇത്രയധികം ആഴത്തിൽ മനസ്സിലാക്കാൻ വൈകിപ്പോയതിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ സന്ദർശനം ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണമായും മാറ്റിമറിച്ചുവെന്നും ഇനി തന്റെ കലയിലൂടെ ഈ സംസ്കാരത്തിന്റെ ആഴവും മഹത്വവും ലോകത്തിന് മുന്നിൽ എത്തിക്കുമെന്നും അവർ വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യയെ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ചും ജേമ തുറന്നുകാട്ടുന്നുണ്ട്. വിദേശ സിനിമകളിലും മുഖ്യധാരാ സംസ്കാരത്തിലും ഇന്ത്യയെ എല്ലായ്പ്പോഴും ദാരിദ്ര്യത്തിന്റെയും അവികസിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ മാത്രമാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ അതേസമയം തന്നെ യോഗ, ആയുർവേദം, ധ്യാനം, പരമ്പരാഗത തുണിത്തരങ്ങൾ തുടങ്ങിയ ഇന്ത്യൻ പൈതൃകങ്ങൾ വലിയ തോതിൽ വാണിജ്യവൽക്കരിക്കപ്പെടുകയും പാശ്ചാത്യ ലോകം അവയിൽ നിന്ന് വലിയതോതിൽ കച്ചവട ലാഭം കൊയ്യുകയും ചെയ്യുന്നു. ഈ സംസ്കാരത്തിന് രൂപം നൽകിയ തദ്ദേശീയരായ ജനവിഭാഗങ്ങൾക്ക് വേണ്ടത്ര അംഗീകാരമോ അർഹമായ പരിഗണനയോ ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യവും അവർ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിലുണ്ടായ തകർച്ചയെക്കുറിച്ചും ജേമ സംസാരിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പണ്ടുമുതലേ വലിയ മൂല്യമുണ്ടായിരുന്ന ഇന്ത്യയുടെ പരുത്തി, മസ്‌ലിൻ തുണികൾ, സിൽക്ക് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ ബ്രിട്ടീഷ് നയങ്ങൾ എങ്ങനെയാണ് ബോധപൂർവ്വം തകർത്തെറിഞ്ഞതെന്ന് അവർ വിശദീകരിക്കുന്നു. ഇത് ലക്ഷക്കണക്കിന് ഇന്ത്യൻ നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. പണ്ടേ ദരിദ്രമായിരുന്നില്ല ഇന്ത്യയെന്നും, മറിച്ച് തുടർച്ചയായ ചൂഷണത്തിലൂടെയും നയങ്ങളിലൂടെയും ഇവിടം ദരിദ്രമാക്കപ്പെടുകയായിരുന്നു എന്ന ചരിത്രപരമായ സത്യത്തെയാണ് ജേമയുടെ വാക്കുകൾ സാധൂകരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഏടായ സ്വാതന്ത്ര്യസമരത്തെയും ജേമ അതീവ ആദരവോടെയാണ് സ്മരിക്കുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ തെരഞ്ഞെടുത്ത അഹിംസാമാർഗത്തിലുള്ള സമരം ലോക ചരിത്രത്തിൽ തന്നെ മാതൃകാപരമാണ്. ലോകത്തെ വിറപ്പിച്ച ഒരു വൻശക്തിക്കെതിരെ വലിയ തോതിലുള്ള ആയുധധാരികളായ കലാപങ്ങളില്ലാതെയും സമാധാനപരമായ ചെറുത്തുനിൽപ്പിലൂടെ വിജയം നേടാൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചുകൊടുത്തു. ജേമയുടെ ഈ തുറന്ന ചിന്തകളും വിലയിരുത്തലുകളും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെയും കോളനിവാഴ്ചയുടെ കറുത്ത ഏടുകളെയും കുറിച്ച് ആഗോളതലത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.