‘വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യം...’; വീടിനു മുന്നിലെ പൊലീസ് ഔട്ട്പോസ്റ്റിൽ വിശദീകരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പിണറായിയിലെ തന്‍റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണം വ്യക്തിപരമായി അപമാനിക്കാൻ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിയിലെ തന്‍റെ വീടിനു മുന്നില്‍ പൊലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തന്‍റെ വീടിന്റെ മുന്നില്‍ പൊലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

തന്‍റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ഒരു മാധ്യമത്തിൽ ‘പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്’ എന്ന തലക്കെട്ടോടെ ഈ വാർത്തക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് ചില വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളത്.

എന്താണ് വസ്തുത?

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പോലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പോലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.

എന്റെ വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പോലീസ് വാഹനത്തില്‍ പോലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പോലീസാണ്. എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഈ വാര്‍ത്ത നല്‍കിയ ഇന്നത്തെ (03.09.2026) മലയാള മനോരമയില്‍ പ്രാധാന്യത്തോടെ തലക്കെട്ടായി ചേര്‍ത്തത് "പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്‍" എന്നാണ്. അതിനോടൊപ്പം ഈ നിര്‍മ്മിത വാര്‍ത്തയ്ക്ക് സാധൂകരണം നല്‍കാനായി ഡോ. ആസാദിന്റെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Full View
Tags:    
News Summary - Pinarayi Vijayan provides explanation on police outpost in front of his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.