ബിട്ടു തബാഹി, ദി ഓഷ്യൻ ക്ലീൻഅപ്’ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻ സ്ലാറ്റ്
നദി ശുചീകരിച്ച 20കാരന് ആഗോള അംഗീകാരം; 'ബിട്ടു തബാഹി'ക്ക് ബോയൻ സ്ലാറ്റിന്റെ ക്ഷണം
ഭോപ്പാൽ: മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി ശുചീകരിക്കാൻ സ്വന്തം നിലയിൽ മുന്നിട്ടിറങ്ങിയ 20കാരന് ആഗോള അംഗീകാരം. രാജ്ഗഢ് ജില്ലയിലെ ബിയോറ സ്വദേശിയായ ബി.എസ്.സി വിദ്യാർഥി സുരേന്ദ്ര സിങ് ചൗധരിയെയാണ് ‘ദി ഓഷ്യൻ ക്ലീൻഅപ്’ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻ സ്ലാറ്റ് സംഘടനയിൽ പ്രവർത്തിക്കാൻ ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിൽ ‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്രയുടെ നദി ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോകൾ വൈറലായതിന് പിന്നാലെയാണ് സ്ലാറ്റിന്റെ ക്ഷണം.
സുരേന്ദ്രയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് സ്ലാറ്റ് “ഞങ്ങളോടൊപ്പം ജോലി ചെയ്യൂ” എന്ന് കുറിച്ചത്. പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖനായ സ്ലാറ്റിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
ഈ വർഷം ജനുവരി 26നാണ് സുരേന്ദ്ര അജ്നാർ നദി ശുചീകരണം ആരംഭിച്ചത്. അധികൃതരുടെ ഇടപെടലിനായി കാത്തുനിൽക്കാതെ നദിയിലിറങ്ങി മാലിന്യം നീക്കം ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം, കുപ്പികൾ, പായൽ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, പൂജാവശിഷ്ടങ്ങൾ എന്നിവയാൽ നദി പല ഭാഗങ്ങളിലും മൂടിക്കിടക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
യന്ത്രസഹായമില്ലാതെ അടിസ്ഥാന ശുചീകരണ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രധാനമായും പ്രവർത്തനം. സുഹൃത്തുക്കളുടെ സഹായത്തോടെ ഉപകരണങ്ങൾ വാങ്ങുകയും പ്രദേശത്ത് മാലിന്യപ്പെട്ടികൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനായി ഏകദേശം 30,000 രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. നദിയിലെത്തുന്ന പൂജാവശിഷ്ടങ്ങൾ ശേഖരിച്ച് കമ്പോസ്റ്റാക്കി മാറ്റാനും സുരേന്ദ്ര ശ്രമിച്ചു.
പ്രവർത്തനത്തിനിടെ നാട്ടുകാരിൽ ചിലരുടെ പരിഹാസവും വിമർശനവും നേരിടേണ്ടിവന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തിയുണ്ടാക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയർന്നുവന്നു. മലിനജലത്തിൽ ദീർഘനേരം ജോലി ചെയ്തതിനെ തുടർന്ന് ചർമത്തിൽ അസ്വസ്ഥതകളും അണുബാധകളും ഉണ്ടായെങ്കിലും ശുചീകരണ പ്രവർത്തനം അദ്ദേഹം തുടർന്നു.
2013ൽ സ്ഥാപിതമായ ‘ദി ഓഷ്യൻ ക്ലീൻഅപ്’ സമുദ്രങ്ങളിലും നദികളിലും പ്ലാസ്റ്റിക് മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വലിയതോതിലുള്ള പദ്ധതികളിലൂടെ സംഘടന ശ്രദ്ധ നേടിയിട്ടുണ്ട്.
അജ്നാർ നദി സ്വന്തം നിലയിൽ ശുചീകരണം നടത്തിയതിനാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽനിന്ന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ബോയൻ സ്ലാറ്റിന്റെ ക്ഷണം സുരേന്ദ്രയുടെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.