ഫൈസൽ ഖാൻ

'രാധേ രാധേ, സലാം': ജന്മാഷ്ടമി ആശംസകളുമായി ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാൻ

മുംബൈ: ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവെച്ച് ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദരനും നടനുമായ ഫൈസൽ ഖാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന അദ്ദേഹം, എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമിപ്പിച്ചു.

താൻ ഒരു മുസ്‌ലിമാണെങ്കിലും എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഫൈസൽ ഖാൻ വീഡിയോയിൽ വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ആരാധകർക്കായി ജന്മാഷ്ടമി സന്ദേശം പങ്കുവെച്ചത്. പരസ്പര സ്നേഹവും സാഹോദര്യവുമാണ് ഏത് സമൂഹത്തിന്റെയും നിലനിൽപ്പിന് ആവശ്യമെന്നും എല്ലാ ആഘോഷങ്ങളും ഒരുമയോടെ കൊണ്ടാടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'നമസ്തേ, സലാം, ജയ് ഹിന്ദ്' എന്ന് പറഞ്ഞുകൊണ്ടാണ് ഫൈസൽ ഖാൻ തന്റെ ആശംസാ വീഡിയോ അവസാനിപ്പിച്ചത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ ചേരിതിരിവുകൾക്കിടയിൽ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച താരത്തിന്റെ തുറന്ന സമീപനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ കയ്യടിയാണ് ലഭിക്കുന്നത്. നിരവധിയാളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്

Tags:    
News Summary - ‘Radhe Radhe, Salaam, Jai Hind’: Aamir Khan’s Brother Faissal Khan Wins Hearts with Janmashtami Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.