10 മണിക്കൂറിൽ ലക്ഷം വരുമാനം; പകൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ഒഴിവുസമയത്ത് മെഹന്തി ആർട്ടിസ്റ്റ്, യുഎസിലെ ഇന്ത്യൻ യുവതിയുടെ വിഡിയോ വൈറൽ

സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെ ഒഴിവുസമയത്ത് മൈലാഞ്ചിയിട്ടും വരുമാനം കണ്ടെത്തുകയാണ് യു.എസിലെ ഇന്ത്യൻ യുവതി. മണിക്കൂറിന് 100 ഡോളർ വരെ പ്രതിഫലം വാങ്ങുന്ന മൈലാഞ്ചി ജോലിയിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ യുവതി ശ്രദ്ധ നേടുന്നത്. ഹോബിയായി തുടങ്ങിയ മൈലാഞ്ചി ആർട്ട് എങ്ങനെ മികച്ചൊരു അധികവരുമാന മാർഗമായി മാറിയെന്നതാണ് പ്രിയങ്ക ജെയിൻ എന്ന യുവതി വിഡിയോയിലൂടെ പങ്കുവെക്കുന്നത്.

ഇത്തരത്തിൽ പാർട് ടൈം ജോലി ചെയ്യുന്നുണ്ടെങ്കിലും തന്‍റെ പ്രധാന വരുമാനം സോഫ്റ്റ്‌വെയർ എൻജിനീയർ ജോലിയിൽനിന്നുള്ള ശമ്പളമാണെന്ന് പ്രിയങ്ക പറഞ്ഞു. മൈലാഞ്ചി തന്റെ ഹോബിയും ഇഷ്ടവുമാണ്. അതോടൊപ്പം അധികവരുമാനവും ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. മണിക്കൂറിന് 100 ഡോളറാണ് പ്രിയങ്ക ഈടാക്കുന്നത്. ഇന്ത്യയിൽ ഇത് ഏകദേശം 9,000 മുതൽ 10,000 രൂപ വരെയാണ്. ഇതിന് പുറമെ 20 ശതമാനം വരെ ടിപ്പായി പലപ്പോഴും ലഭിക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ഒഴിവുസമയങ്ങളിൽ ചെയ്യുന്ന ജോലിയിൽ നിന്ന് 10 മണിക്കൂറിൽ ഏകദേശം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനാകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ യു.എസിൽ ലഭിക്കുന്ന ഉയർന്ന വരുമാനത്തിനൊപ്പം ചെലവുകളും കൂടുതലാണെന്ന കാര്യം മറക്കരുതെന്നും പ്രിയങ്ക പറയുന്നു. യു.എസിൽ മൈലാഞ്ചി ആർട്ടിസ്റ്റായി ജോലി ചെയ്യുന്നത് അധികവരുമാനത്തിന് വേണ്ടി മാത്രമല്ലെന്നും കലാകാരന്മാർക്ക് അവിടെ ലഭിക്കുന്ന അംഗീകാരവും ബഹുമാനവുമാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് അവർ പറഞ്ഞു.

ഇന്ത്യയിൽ മൈലാഞ്ചി ആർട്ടിസ്റ്റ് എന്ന ജോലി പലപ്പോഴും മികച്ചൊരു തൊഴിലായി പരിഗണിക്കപ്പെടുന്നില്ല. എന്നാൽ യു.എസിൽ തനിക്ക് ഒരു കലാകാരി എന്ന നിലയിൽ ബഹുമാനം ലഭിക്കുന്നുണ്ട്. പണത്തേക്കാൾ തനിക്ക് പ്രാധാന്യമുള്ളത് ഈ അംഗീകാരമാണെന്നും പ്രിയങ്ക വ്യക്തമാക്കി. തന്റെ ജോലി ചെറുതോ അപ്രധാനമോ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവം യു.എസിൽ തനിക്ക് ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. പ്രിയങ്കയുടെ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം പേരാണ് കണ്ടത്.

 
Tags:    
News Summary - US-Based Indian Software Engineer Earns $100/Hour as Part-Time Mehendi Artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.