ദുബൈയിലെ ട്രാഫിക് ശീലം ഇന്ത്യയിൽ പാളി; യുവതിയുടെ വിഡിയോ വൈറൽ

ന്യൂഡൽഹി: ദുബൈയിൽ ശീലമാക്കിയ ട്രാഫിക് സംസ്കാരങ്ങൾ ഇന്ത്യയിലെത്തിയപ്പോൾ ആശയക്കുഴപ്പത്തിലാക്കിയ അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതി. ദുബൈയിൽ കാൽനടയാത്രക്കാരെ കാണുമ്പോൾ വാഹനങ്ങൾ നിർത്തി വഴിയൊരുക്കുന്നത് പതിവായതോടെ, ഇന്ത്യയിലും വാഹനങ്ങൾ നിർത്തുമെന്ന പ്രതീക്ഷയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് യുവതിക്ക് തിരിച്ചടിയായത്.

ദുബൈയിലെ ട്രാഫിക് സംസ്കാരങ്ങളും ഇന്ത്യയിലെ സാഹചര്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അനുഷ്ക എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടു.

ദുബൈയിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് വഴിയൊരുക്കുന്നത് പതിവാണെന്ന് അനുഷ്ക പറയുന്നു. ഇതിന്റെ ഒരു ദൃശ്യമാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഈ ശീലത്താൽ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങളെ ശ്രദ്ധിക്കാറില്ലെന്നും യുവതി പറയുന്നു. വാഹനങ്ങളെ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടക്കുന്നത് ശീലമായെന്നും അനുഷ്ക കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആത്മവിശ്വാസത്തിൽ ഇന്ത്യയിൽ റോഡ് മുറിച്ചുകടന്നപ്പോഴാണ് പ്രശ്നമായത്. മുന്നിലുള്ള വാഹനം തനിക്കായി നിർത്തുമെന്ന് കരുതി റോഡിന്റെ മധ്യത്തിൽ കാത്തുനിന്നുവെന്ന് അനുഷ്ക പറഞ്ഞു. പിന്നാലെ എല്ലാവരും തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും എന്തിനാണ് റോഡിന്റെ നടുവിൽ നിൽക്കുന്നതെന്ന തരത്തിൽ ഡ്രൈവർമാർ പ്രതികരിച്ചുവെന്നും യുവതി പറയുന്നു.

ദുബൈയിലെ ഈ ശീലം ഇന്ത്യയിലും പിന്തുടർന്നതാണ് പ്രശ്നമായതെന്ന നിലയിലാണ് യുവതി തന്റെ അനുഭവം വിവരിക്കുന്നത്. ദുബൈയിലെ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന ട്രാഫിക് സംസ്കാരവുമായി പരിചിതമായതിനാലാണ് ഇന്ത്യയിലെ വ്യത്യസ്തമായ സാഹചര്യത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

യുവതി പങ്കുവെച്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയതോടെ നിരവധി പേർ പ്രതികരണവുമായി എത്തി. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ദുബൈയിലെ ട്രാഫിക് സംവിധാനത്തെ പലരും പ്രശംസിച്ചു. റോഡ് സുരക്ഷയ്ക്കും കൃത്യമായ ട്രാഫിക് അച്ചടക്കത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ചിലർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Indian Woman Used to Dubai's Pedestrian-First Traffic Rules Faces Confusion in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.