‘നിങ്ങൾ ഓകെയല്ലേ..?’; ചൈനീസ് പ്രസിഡന്റിന് അസ്വസ്ഥത, ബ്രിക്സ് ഉച്ചകോടിക്കിടെ പ്രസംഗം നിർത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രസംഗം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രി പ്രസംഗം പാതിവഴിയിൽ നിർത്തിയത്. തുടർന്ന് "നിങ്ങൾ ഓകെയല്ലേ?" എന്ന് അദ്ദേഹത്തോട് അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചകോടിയിൽ നടന്ന ഒരു ചർച്ചക്കിടെയാണ് ഇത്തരമൊരു സംഭവം.
മോദി പ്രസംഗിക്കുന്നതിനിടയിൽ പെട്ടെന്നാണ് വാക്കുകൾ നിർത്തിയത്. തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് താങ്കൾ ഓകെയാണോ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അൽപസമയം മൗനം തുടരുകയും ഷി ജിൻപിങ്ങിൽനിന്ന് ‘ഫൈൻ’ എന്ന് മറുപടി വന്നതിനുശേഷം മോദി പ്രസംഗം തുടരുന്നതും കാണാം.
ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചയും നടത്തി. അതിർത്തിയിലെ സമാധാനവും ശാന്തിയുമാണ് ഉഭയകക്ഷി ബന്ധങ്ങളുടെ അടിത്തറയെന്നും നിലവിലുള്ള ധാരണകളും കരാറുകളും ഇരുപക്ഷവും പാലിക്കണമെന്നും ചർച്ചയിൽ മോദി ആവശ്യപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം മുൻനിർത്തി വേണം മുന്നോട്ടുപോകാൻ സാധിക്കണമെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഇന്ത്യയും ചൈനയും പങ്കാളികളാണെന്നും ഒരിക്കലും എതിരാളികളല്ലെന്നും മോദി നിലപാട് വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുമായുള്ള ബന്ധത്തിൽ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് തടസ്സമല്ലെന്നും അതിർത്തി സംബന്ധിച്ചുള്ള ഇന്ത്യ-ചൈന പ്രശ്നങ്ങൾക്ക് തടയിടാൻ ഇരുരാജ്യങ്ങളും സന്നദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടോടെ വേണം ഇന്ത്യ-ചൈന ബന്ധത്തെ സമീപിക്കേണ്ടതെന്ന് ഇരു നേതാക്കളും യോഗത്തിൽ വ്യക്തമാക്കി. അതിർത്തി തർക്കങ്ങളിൽ ഉഭയകക്ഷി ബന്ധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഇരു ജനങ്ങളുടെയും ദീർഘകാല താൽപ്പര്യങ്ങളും മുൻനിർത്തി ന്യായവും സ്വീകാര്യവുമായ പരിഹാരം കാണുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2019നുശേഷം ആദ്യമായി നടക്കുന്ന ഇന്ത്യ-ചൈന കൂടിക്കാഴ്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.