സാവോപോളോ: വീട്ടിൽ നിന്നും ഓടിപ്പോയ ഒൻപത് വയസുകാരൻ 2,700 കിലോമീറ്റർ ആരുമറിയാതെ വിമാനത്തിൽ യാത്ര ചെയ്തുവെന്നറിഞ്ഞാൽ ആരും ഞെട്ടും. ഇമ്മാനുവൽ മാർക്വെസ് ഡി ഒലിവേര എന്ന ഒൻപതുവയസുകാരനാണ് ആരേയും അമ്പരിപ്പിക്കുന്ന ഈ കൃത്യം ചെയ്തത്.
ബ്രസീലിലെ മനൗസിലുള്ള സ്വന്തം വീട്ടിൽ മകനെ കാണാനില്ലെന്ന് അമ്മ മനസ്സിലാക്കിയത് രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ്. ഒരു ദിവസം മുഴുവൻ മകൻ എവിടെപ്പോയെന്നറിയാതെ അവർ വിഷമിച്ചു. പൊലീസിൽ വിവരമറിയിച്ചു. വൈകീട്ട് പൊലീസാണ് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും 2700 കിലോമീറ്റർ അകലെയാണ് മകനുള്ളതെന്ന് അമ്മയോട് പറഞ്ഞത്.
ബ്രസീലിലെ മനൗസിലെ വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റർ സാവോപോളോയിൽ എത്താൻ ലാതം എയർലൈൻസ് വിമാനത്തിൽ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. എന്നാൽ ടിക്കറ്റോ പാസ്പോർട്ടോ ലഗേജോ ഒന്നുമില്ലാതെ ബാലന് എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിഞ്ഞുവെന്നത് അജ്ഞാതമായി അവശേഷിക്കുകയാണ്.
വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവൽ യാത്ര ചെയ്തിരിക്കുന്നത്. എന്നാൽ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിനെയും ഗാർഡിയൻഷിപ്പ് കൗൺസിലിനെയും വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയെക്കുറിച്ചും വീട്ടിലെ ചുറ്റുപാടിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടി ഗാർഹിക പീഡനം നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാൽ സാവോപോളയിലെ ചില ബന്ധുക്കളെ കാണാനാണ് ബാലൻ യാത്ര ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
എന്നാൽ, രേഖകളില്ലാതെ മകൻ എങ്ങനെ ഇത്ര ദൂരം ചെയ്തുവെന്നറിയേണ്ടതുണ്ടെന്നും വിമാനത്താവള അധികൃതർക്കെതിരെ പരാതി നൽകുമെന്നും ബാലന്‍റെ അമ്മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.