ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് തുടങ്ങി നാല് മാസം കൊണ്ട് ഒരു കോടി രൂപ ടേൺ ഓവർ നേടിയ 24കാരനാണ് ഇപ്പോൾ സമൂഹമാധ‍്യമത്തിൽ താരം. 'ലിങ്ക് പ്ലീസ്' എന്ന ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമിന്റെ സഹസ്ഥാപകനായ ഉജ്ജ്വലാണ് തന്‍റെ വിജയത്തെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചത്. എങ്ങനെയാണ് വിപണിയിലെ സാധ്യത കണ്ടെത്തിയതെന്നും ബിസിനസ് അതിവേഗം വളർത്തിയെടുത്തതെന്നും വീഡിയോയിലൂടെ ഉജ്ജ്വൽ വിശദീകരിച്ചു.
`എനിക്ക് 24 വയസ്സാണ്, വെറും നാലു മാസത്തിനുള്ളിൽ ഞാൻ ഒരു കോടി രൂപയുടെ ബിസിനസ് കെട്ടിപ്പടുത്തു. നാല് മാസം മുമ്പ് ‘ലിങ്ക് പ്ലീസ്’ നിർമിക്കുന്നതിനായി ഞാൻ ജോലി ഉപേക്ഷിച്ചു. ഇന്ന് 10,000ത്തിലധികം ക്രിയേറ്റർമാർ ഇത് ഉപയോഗിക്കുന്നു' -വീഡിയോയിൽ ഉജ്ജ്വൽ വ്യക്തമാക്കി.
തന്റെ വിജയയാത്രയെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ഉജ്ജ്വൽ പങ്കുവെച്ചത്. വിപണിയിലെ വിടവ് കണ്ടെത്തുക, പരിഹാരം കണ്ടെത്തുക, ഉത്പന്നം വിപുലീകരിക്കുക എന്നിവയാണ് മൂന്ന് ഘട്ടങ്ങൾ. കണ്ടന്‍റ് ക്രിയേറ്റേഴ്സ് നേരിടുന്ന പ്രശ്നത്തിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞുവന്നതെന്നും ഉജ്ജ്വൽ കൂട്ടിച്ചേർത്തു. ‘ക്രിയേറ്റർമാർ മികച്ച കണ്ടന്‍റുകൾ നിർമിക്കുന്നുണ്ടെങ്കിലും തങ്ങൾക്ക് വരുന്ന ഡയറക്ട് മെസേജുകൾ (ഡി.എം) മതിയായ വിധത്തിൽ കൈകാര്യം ചെയ്യാത്തതിനാൽ അവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഇത് ഒരു വലിയ വിടവാണ്' -യുവസംരംഭകന്‍ അറിയിച്ചു.
ഉപഭോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് പ്രൊഡക്ടറ്റുകൾ കൂടുതൽ മെച്ചപ്പെടുത്താന്‍ ഉജ്ജ്വലിന് സാധിച്ചിട്ടുണ്ട്. ഞങ്ങൾ ഇവിടെ നിർത്തുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമായി ‘ലിങ്ക് പ്ലീസി’നെ മാറ്റുകയാണ് ലക്ഷ്യം. ഒരു കോടിയിൽ നിന്ന് 10 കോടിയിലേക്കാണ് ഞങ്ങൾ കുതിക്കുന്നത്. ഫണ്ടിങ്ങിനേക്കാൾ പ്രധാനം ആശയങ്ങൾ നടപ്പിലാക്കുകയാണെന്ന് ഉജ്ജ്വൽ കുറിച്ചു.
അതേസമയം, ഉജ്ജ്വലിന്‍റെ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. പലരും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചിലർ മുന്നോട്ടുള്ള വളർച്ചക്കായി നിർദേശങ്ങൾ പങ്കുവെച്ചു.
`നിങ്ങളുടെ പരിശ്രമത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, എന്നാൽ ഓർഗാനിക് ട്രാഫിക്കും കൂടുതൽ ഉപഭാക്താക്കളെയും ലഭിക്കുന്നതിന് എസ്.ഇ.ഒ മെച്ചപ്പെടുത്തേണ്ടതുണ്ട്. പെയ്ഡ് ഇൻഫ്ലുവൻസർ സഹകരണങ്ങളും പരിഗണിക്കാം. ഇതുകൂടാതെ എക്സ് , ലിങ്ക്ഡ്ഇൻ ഓട്ടോമേഷനുകൾ കൂടി ഉൾപ്പെടുത്തുന്നത് വിപണിയിലെ വലിയൊരു വിടവ് നികത്താൻ സഹായിക്കും' ഉജ്ജ്വലിന്‍റെ കമന്‍റ് ബോക്സിൽ ഒരാളുടെ അഭിപ്രായം ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.