ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മാലിന്യം നിറഞ്ഞ ബീച്ചിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശി. ശുചിത്വമില്ലായ്മയെയും മാലിന്യം തള്ളുന്നതിലെ ഉത്തരവാദിത്തമില്ലായ്മയെയും ‘ലജ്ജാകരം’ എന്നുവിശേഷിപ്പിച്ച് പങ്കുവെച്ച വിഡിയോ നിമിഷനേരംകൊണ്ട് നിരവധിപേരാണ് കണ്ടത്. പിന്നാലെ പിന്തുണയുമായി ഇന്ത്യക്കാരും മറ്റുള്ള രാജ്യക്കാരും രംഗത്തെത്തി. ഇന്ത്യയിലെ ഒരു ബീച്ചിൽനിന്നുള്ള വിഡിയോയാണ് ദൃശ്യങ്ങളിൽ.
രാജ്യത്തെ ശുചിത്വമില്ലായ്മയെയും മാലിന്യം തള്ളുന്നതിലെ ഉത്തരവാദിത്തമില്ലായ്മയെയും വിമർശിക്കുന്നതായിരുന്നു വിഡിയോ. വിഡിയോയിൽ വലിയ രീതിയിൽ മാലിന്യം തള്ളിയിരിക്കുന്ന ഒരു ബീച്ചും കാണാം. തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുള്ള ഏറ്റവും മാലിന്യം നിറഞ്ഞ ബീച്ച് എന്നാണ് അദ്ദേഹം ബീച്ചിനെ വിശേഷിപ്പിച്ചത്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമായി കാണാത്തതിനെ ലജ്ജാകരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘ഇന്ത്യ, ഈ കാര്യത്തിൽ ഞാൻ മൃദുവായി പെരുമാറാൻ പോകുന്നില്ല. 100 ശതമാനം തുറന്നുപറയും. എന്റെ ജീവിതത്തിലുടനീളം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാലിന്യം നിറഞ്ഞ ബീച്ചാണിത്. ഈ രാജ്യത്തെ ആളുകൾ സ്വന്തം മാലിന്യം എടുക്കാത്തത് ലജ്ജാകരമാണെന്ന് ഞാൻ കരുതുന്നു’ അദ്ദേഹം വിഡിയോയിൽ പറയുന്നത് കേൾക്കാം.
ശുചിത്വം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യക്കാർ വിശ്വസിക്കുന്നുണ്ടെന്നും അതിലൂടെ പൗരൻമാർ അത് പാലിക്കാൻ തയാറാകുന്നില്ലെന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീച്ചിൽ മാലിന്യം തള്ളിയതിനെ ‘ഭൂമിയോടുള്ള അനാദരവ്’ എന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെയല്ല എന്നും അദ്ദേഹം വിഡിയോയുടെ കമന്റായി കുറിച്ചു. മാലിന്യം നിർമാജനം ചെയ്യുന്ന കാര്യത്തിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യ വളരെ മികച്ചതാണ്. ലഡാക്ക്, സിക്കിം, മിസോറാം, നാഗാലാൻഡ് തുടങ്ങിയവയിൽ മാലിന്യം പ്രശ്നമായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിമിഷനേരംകൊണ്ട് വിഡിയോ വൈറലായി. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, അദ്ദേഹം ഏത് ബീച്ചിൽനിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ‘എന്റെ വീട് വൃത്തിയുള്ളതാണെങ്കിൽ, പുറത്ത് വലിയൊരു മാലിന്യക്കൂമ്പാരം ഉണ്ടായാലും എനിക്ക് പ്രശ്‌നമില്ല’ എന്നതാണ് ഇന്ത്യൻ യുക്തി എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.