ഭൂമിയിൽ നിങ്ങളുടെ പേര് എഴുതിയാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്ന ഇക്കാര്യം യാതാർഥ്യമാക്കിയെങ്കിലോ! നാസയുടെ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് ഭൂമിയിൽ സ്വന്തം പേരോ മറ്റെന്തെങ്കിലും വാക്കുകളോ കണ്ടെത്തുന്ന ട്രെന്‍റ് ആണിപ്പോൾ ഇന്‍സ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് വാക്കുകൾ നിർമ്മിക്കാം. ലാന്‍ഡ്സാറ്റ് ദൗത്യത്തിലൂടെ ശാസ്ത്രജ്ഞർ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് വാക്കുകൾ നിർമ്മിക്കുന്ന സംവിധാനം 2022 ൽ ദൗത്യത്തിന്‍റെ 40ആം വാർഷികത്തിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ Z വരെയുള്ള അക്ഷരങ്ങളോട് സാമ്യമുള്ള നദികൾ, പർവ്വതങ്ങൾ, മഞ്ഞുമലകൾ എന്നിവ അടങ്ങിയതാണ്. 2022 മുതൽ എല്ലാ ഭൗമദിനത്തിലും നാസ ഇത്തരമൊരു പ്രചാരം നടത്തുന്നുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമിൽ വൈറലായതോടെ വീണ്ടും ട്രെന്‍റ് ആയിരിക്കുകയാണ്. നാസയുടെ യുവർ നേം ഇന്‍ ലാന്‍ഡ്സാറ്റ് എന്ന വെബസൈറ്റിലുടെയാണ് ഈ സേവനം ലഭ‍്യമാകുന്നത്.
ഭൂമിയുടെ പ്രകൃതിദത്തമായ അടയാളങ്ങളിലൂടെ സ്വന്തം പേര് കാണുന്നത് ഒരു പ്രത്യേകം കൗതുകം സൃഷ്ടിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളെ സാധാരണക്കാർക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കാൻ നാസ അവതരിപ്പിച്ച ഈ രസകരമായ മാർഗ്ഗം ഇപ്പോൾ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഭൂമിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഭൗമദിനത്തോടനുബന്ധിച്ച് ഇത്തരം പ്രചാരണങ്ങൾ നാസ നടത്തുന്നത്.
ദശകങ്ങളായി ഭൂമിയിലുണ്ടായ മാറ്റങ്ങൾ താരതമ്യം ചെയ്യാനും വിളകളുടെ ആരോഗ്യവും കൃഷിഭൂമിയുടെ വ്യാപ്തിയും നിരീക്ഷിക്കാനും. കാട്ടുതീ, പ്രളയം തുടങ്ങിയവയുടെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വിലയിരുത്തുകയുമാണ് ലാന്‍ഡ് സാറ്റ് ദൗത്യത്തിന്‍റെ ലക്ഷ‍്യം. ലാൻഡ്‌സാറ്റ് ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾ വെറും മാപ്പുകൾ മാത്രമല്ല. എന്നിവ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മനോഹരമായ പെയിന്റിംഗുകൾ പോലെ തോന്നുന്ന മരുഭൂമികൾ, നദികൾ, പർവതനിരകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ നാസ 'എർത്ത് ആസ് ആർട്ട്' എന്ന പേരിൽ പങ്കുവെക്കാറുണ്ട്. ഇത് ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനൊപ്പം തന്നെ സാങ്കേതികവിദ്യയെ എത്ര മനോഹരമായി ഇതിനായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.