മുൻ ഡി.ജിപിമാരായ ആർ. ശ്രീലേഖക്കും ടി.പി. സെൻകുമാറിനുമെതിരെ പൊലീസുകാരുടെ സംഘടന; ‘മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല, അവഗണിക്കണം’

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ അക്രമങ്ങളെയും തുടർന്നുണ്ടാകുന്ന സൈബർ-വ്യക്തിഹത്യകളെയും ശക്തമായി അപലപിച്ച് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ). സംഘർഷം തടയാനെത്തിയ ഉദ്യോഗസ്ഥരെ മൃഗീയമായി മർദിക്കുകയും കല്ലും വിറകും ഉപയോഗിച്ച് എറിയുകയും ചെയ്ത നടപടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സംഭവത്തിൽ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ ഡിജിപിമാരും ബിജെപി നേതാക്കളുമായ ആർ ശ്രീലേഖയെയും ടി പി സെൻകുമാറിനെയുംരൂക്ഷമായി വിമർശിച്ചു. മനുഷ്യരിൽ പലതരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർക്ക്‌ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.

‘ഒരാൾ പൊലീസ് ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ അയാൾ ഒരു സ്വതന്ത്ര പൗരൻ തന്നെയാണ്. അത് ഒരു സാധാരണ സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന ആളായാലും ഡി.ജി.പി ആയിരുന്ന ആളായാലും. വിരമിച്ച നാൽപ്പതിതായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിൽ ഉണ്ട്. അവരിൽ പലരും പല ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. ഒട്ടേറെ പേർ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരെങ്കിലും ജനപ്രതിനിധികളുമാണ്. അന്തസായി വിവിധ സമൂഹ്യ - സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്.

എവിടെയും എന്ന പോലെ വ്യത്യസ്തരായ ചിലർ ഇവിടെയും ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ രണ്ട് പ്രതികരണങ്ങൾ ഇതിനിടയിലും കാണാനായി. “പോടാ പുല്ലേ പൊലീസേ “ എന്നാണ് ഒരാളുടെ വിളിയെങ്കിൽ “പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കും “ എന്നാണ് അടുത്തയാൾ കയ്യടി വാങ്ങാനായി പറഞ്ഞത്. ഇതൊന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്.

നാടിന്റെ സുരക്ഷയും സംരക്ഷണവുമാകണം പൊലീസിന്റെ ലക്ഷ്യം. ഓരോ പ്രവർത്തിയും നിയമപരമാകണം. ആക്രമണങ്ങൾ നടത്തിയും അധിക്ഷേപിച്ചും ഭീഷണിയായും ചിലർ പൊലീസിന് നേരേ ഇനിയും വന്നേക്കാം. അത്തരം പ്രവർത്തികളെ വൈകാരികമായി കാണാതെ വിവേകത്തോടെ മുന്നോട്ട് പോകാൻ ഓരോ പൊലീസ് ഉദ്യോഗസ്ഥനും കഴിയണം. ഒപ്പം ഇത്തരം ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടിയാകണം പൊലീസ് സ്വീകരിക്കേണ്ടത്’ -സി.ആർ. ബിജു പറഞ്ഞു.

വട്ടിയൂർക്കാവിലെ അക്രമത്തിൽ മാരകമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട വ്യക്തികൾ പ്രതികളായിട്ടുണ്ടെന്നും പലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം നടപടികളിലെ ശരിതെറ്റുകൾ കോടതി വിലയിരുത്തട്ടെ എന്നും പൊലീസ് ചെയ്തത് നിയമപരമായ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കില്ല. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരുടെ വീടുകളിൽ ചെന്ന് ഭീഷണിപ്പെടുത്തുന്നതും അവരുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നതും സംസ്കാരശൂന്യമായ നടപടിയാണ്. പൊലീസ് നടപടികളിൽ പരാതിയുള്ളവർക്ക് നിയമപരമായ മാർഗങ്ങൾ തേടാം. അതിനുപകരം ഗുണ്ടായിസവുമായാണ് വരുന്നതെങ്കിൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഇത്തരം ‘ഓലപ്പാമ്പുകൾ’ കണ്ട് ഭയപ്പെടുന്നതല്ല കേരള പൊലീസെന്നും ബിജു പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചർച്ച വട്ടിയൂർക്കാവിൽ ഉണ്ടായ സംഘർഷവും അതേ തുടർന്നുണ്ടായ പോലീസ് നടപടികളുമാണ്.

നമ്മുടെ നാടിൻ്റെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ അക്ഷീണം പ്രവർത്തിക്കുന്ന വിഭാഗമാണ് പോലീസ്. കേരളത്തിലെ പോലീസ് ഈ രംഗത്ത് നിറവേറ്റുന്ന ദൗത്യം മുൻവിധികളില്ലാതെ പരിശോധിച്ചാൽ ഏറെ മികവുറ്റതുമാണ്. ഒരു നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുണ്ടായ സംഘർഷ സാഹചര്യത്തെ നിയന്ത്രിക്കുവാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മൃഗീയമായി മർദ്ദിക്കുകയും കല്ലും വിറകും ഉപയോഗിച്ച് എറിയുകയും പോലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേൽക്കുയും ചെയ്യുന്ന സാഹചര്യമാണ് വട്ടിയൂർക്കാവിൽ കണ്ടത്. മാരകമായ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ICU വിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഒന്നിലേറെ കേസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വ്യത്യസ്ഥ രാഷ്‌ട്രീയ പാർട്ടികളിലെ വ്യക്തികൾ പ്രതികളും ആയിട്ടുണ്ട്. അവരിൽ പലരേയും പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് കേസ് എടുക്കുകയും പ്രതികളെ അറസ്‌റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്നത് നിയമപരമായ നടപടികളാണ്. അതിലെ ശരി തെറ്റുകൾ കോടതി വിലയിരുത്തട്ടെ, തീരുമാനം എടുക്കട്ടെ.

വട്ടിയൂർക്കാവ് സംഭവത്തിന് ശേഷം ഒരു വിഭാഗം നടത്തി വരുന്ന ചില പ്രവർത്തികൾ സംസ്‌ക്കാര ശൂന്യമാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അസഭ്യ വർഷം നടത്തുന്ന രീതി ഓരോരുത്തരുടേയും സംസ്‌കാരത്തിൻ്റെ ഭാഗമാണ് എന്ന് കാണാം. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല കേരള പോലീസിൻ്റെ പ്രവർത്തനങ്ങൾ. അത്തരക്കാരുടെ കൂട്ടത്തിൽ ഊർജം പകരാൻ വിരമിച്ച ചില പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഇല്ല എന്നും തിരിച്ചറിയുക. പോലീസ് നടപടികൾക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആർക്കും പ്രതികരിക്കാം. ആർക്കും പ്രതിഷേധിക്കാം. നിയമപരമായ എന്ത് നടപടിയും സ്വീകരിക്കാം. പകരം ഗുണ്ടായിസവുമായാണ് കടന്നു വരുന്നതെങ്കിൽ തിരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും.

നമ്മുടെ നാടിൻ്റെ സുരക്ഷയ്ക്കും സൗഹാർദ്ദത്തിനും ഒരു കോട്ടവും തട്ടാതെ കാത്തു സൂക്ഷിക്കാൻ കേരള പോലീസ് മുൻനിരയിൽ തന്നെയുണ്ടാകും. അത്തരത്തിൽ നിയമാനുസരണം ജോലി ചെയ്യുന്നവർക്ക് നിയമപരമായ സംരക്ഷണം പോലീസ് വകുപ്പ് ഒരുക്കുക തന്നെ ചെയ്യും. ശരിയ്‌ക്കൊപ്പം പോലീസ് സംഘടനയും ഉണ്ടാകും.

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഒരാൾ പോലീസ് ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ അയാൾ ഒരു സ്വതന്ത്ര പൗരൻ തന്നെയാണ്. അത് ഒരു സാധാരണ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന ആളായാലും DGP ആയിരുന്ന ആളായാലും. വിരമിച്ച നാൽപ്പതിതായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിൽ ഉണ്ട്. അവരിൽ പലരും പല ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. ഒട്ടേറെ പേർ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരെങ്കിലും ജനപ്രതിനിധികളുമാണ്. അന്തസായി വിവിധ സമൂഹ്യ - സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻകാല പോലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്.

എവിടെയും എന്ന പോലെ വ്യത്യസ്ഥരായ ചിലർ ഇവിടെയും ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ രണ്ട് പ്രതികരണങ്ങൾ ഇതിനിടയിലും കാണാനായി. “പോടാ പുല്ലേ പോലീസേ “ എന്നാണ് ഒരാളുടെ വിളിയെങ്കിൽ “പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കും “ എന്നാണ് അടുത്തയാൾ കയ്യടി വാങ്ങാനായി പറഞ്ഞത്. ഇതൊന്നും പോലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്.

നാടിൻ്റെ സുരക്ഷയും സംരക്ഷണവുമാകണം പോലീസിൻ്റെ ലക്ഷ്യം. ഓരോ പ്രവർത്തിയും നിയമപരമാകണം. ആക്രമണങ്ങൾ നടത്തിയും അധിക്ഷേപിച്ചും ഭീഷണിയായും ചിലർ പോലീസിന് നേരേ ഇനിയും വന്നേക്കാം. അത്തരം പ്രവർത്തികളെ വൈകാരികമായി കാണാതെ വിവേകത്തോടെ മുന്നോട്ട് പോകാൻ ഓരോ പോലീസ് ഉദ്യോഗസ്ഥനും കഴിയണം. ഒപ്പം ഇത്തരം ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടിയാകണം പോലീസ് സ്വീകരിക്കേണ്ടത്.

C.R.ബിജു

ജനറൽ സെക്രട്ടറി

KPOA

Tags:    
News Summary - Kerala Police Officers Association against former DGPs R. Sreelekha and T.P. Senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.