വാഷിങ്ങ്ടൺ ഹിൽട്ടൺ ഹോട്ടലിന്റെ ഭിത്തിയിൽ പ്രതിഷേധക്കാർ പ്രദർശിപ്പിച്ച ചിത്രം

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിന് മുന്നോടിയായി വാഷിങ്ങ്ടണിൽ വൻ പ്രതിഷേധം; ട്രംപ്-എപ്സ്റ്റീൻ ദൃശ്യങ്ങൾ വൈറലാകുന്നു -VIDEO

വാഷിങ്ങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിന് മുന്നോടിയായി വാഷിങ്ങ്ടൺ ഡി.സിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ട്രംപും അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ചിത്രങ്ങളും രേഖകളും വാഷിങ്ങ്ടൺ ഹിൽട്ടൺ ഹോട്ടലിന്റെ ഭിത്തിയിൽ പ്രതിഷേധക്കാർ പ്രദർശിപ്പിച്ചു.

ഏപ്രിൽ 24ന് വൈകുന്നേരമാണ് നഗരത്തിൽ വൻ പ്രതിഷേധം നടന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം അദ്ദേഹത്തിന്റെ ഇമെയിലുകൾ വായിക്കുന്ന ഓഡിയോയും പ്രതിഷേധക്കാർ പുറത്തുവിട്ടിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ കാണാനായി ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയത്.

മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ ഇതാദ്യമായാണ് ട്രംപ് പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കുന്നത്. തന്റെ ആദ്യ ഔദ്യോഗിക കാലയളവിലും 2025ലും ട്രംപ് ഈ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മാധ്യമങ്ങളെ 'വ്യാജ വാർത്താ മാധ്യമങ്ങൾ' എന്ന് നിരന്തരം ആക്ഷേപിക്കുന്ന ട്രംപിന്റെ സാന്നിധ്യം ഇത്തവണ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ആരോപിച്ച് ട്രംപിനെതിരെ നൂറുകണക്കിന് മാധ്യമപ്രവർത്തകർ ഒപ്പിട്ട തുറന്ന കത്ത് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

'മാധ്യമങ്ങൾ എന്നോട് വളരെ മോശമായാണ് പെരുമാറുന്നത്' എന്ന് ട്രംപ് അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പ്രതികരിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതും പെന്റഗണിൽ റിപ്പോർട്ടർമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ട്രംപ് ഭരണകൂടത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. 2011ൽ അതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി എത്തുന്ന ട്രംപിനെതിരെ എപ്സ്റ്റീൻ വിഷയമുയർത്തി പ്രതിഷേധം നടക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Tags:    
News Summary - Massive protest in Washington ahead of White House Correspondents' Dinner; Trump-Epstein footage goes viral -VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.