ബീജിങ്: ചൈനയിൽ മരിച്ചുപോയ ബന്ധുവിനൊപ്പം ആഡംബര മെഴ്‌സിഡസ് ബെൻസ് കാർ അടക്കം ചെയ്ത് ഒരു കുടുംബം. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. ജിൻ എന്ന കുടുംബമാണ് മരിച്ചുപോയ ബന്ധുവിനൊപ്പം മേഴ്സിഡസിന്റെ എസ് 450 എൽ മോഡൽ കാറും അടക്കം ചെയ്തത്.
ആഡംബര ശവസംസ്കാര ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് കുടുംബത്തിനെതിരെ ഉയരുന്നത്. മണ്ണുകൊണ്ട് മൂടുന്നതിനുമുമ്പ് ഒരു എക്‌സ്‌കവേറ്റർ കുഴിയിലേക്ക് കാർ താഴ്ത്തുന്നത് വിഡിയോയിൽ കാണാം. ഏകദേശം 1.5 ദശലക്ഷം യുവാൻ (ഏകദേശം 1.49 കോടി രൂപ) വിലവരുന്ന കാറാണ് കുഴിച്ചിട്ടത്. ചൈനീസ് സംസ്കാരത്തിൽ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ‘8888’ എന്ന നമ്പർ പ്ലേറ്റും ഇതിൽ ഉണ്ടായിരുന്നു.
മരണാനന്തര ജീവിതത്തിൽ മരിച്ചയാൾക്ക് വസ്തുക്കൾ വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത വിശ്വാസങ്ങളുടെ ഭാഗമായാണ് കാർ കുഴിച്ചിട്ടത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. പണം വെറുതെ പാഴാക്കുകയാണെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്നുമായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
അതേസമയം, വിഡിയോ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. പ്രവൃത്തിയെ ഫ്യൂഡൽ അന്ധവിശ്വാസം എന്ന് വിളിക്കുകയും അത്തരം രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുടുംബത്തെ ശാസിച്ചതായി സിവിൽ അഫയേഴ്‌സ് വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കുടുംബത്തിന്റെ നടപടി വിവാദമായതോടെ ജിൻ കുടുംബം പരസ്യമായി ക്ഷമാപണം നടത്തി. നിയമനടപടികളുടെ ഭാഗമായി കുടുംബത്തിന് പിഴ ചുമത്തും. കൂടാതെ കുഴിച്ചുമൂടിയ കാർ പുറത്തെടുക്കാനും പരിസ്ഥിതി പുനസ്ഥാപിക്കുന്നതിനുമുള്ള ചിലവുകളും കുടുംബം തന്നെ വഹിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.