ഹിജാബ് വിലക്ക്: സെന്റ് റീത്താസിലെ ടീച്ചർക്കും ക്രിസംഘികൾക്കും തുറന്ന കത്തുമായി കെ. സഹദേവന്‍: ‘പങ്കുവെക്കാനുള്ളത് പെട്ടെന്ന് മനസ്സിലേക്കോടി വരുന്ന രണ്ട് അനുഭവങ്ങൾ’

കൊച്ചി: തലമറച്ചതിന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്താക്കിയ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ടീച്ചർക്കും സംഘപരിവാരത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ വളരെയധികം പണിപ്പെടുന്ന കേരളത്തിലെ ക്രിസംഘികൾക്കും തുറന്നെഴുത്തുമായി ഉത്തരേന്ത്യയിലെ സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. പെട്ടെന്ന് മനസ്സിലേക്കോടി വരുന്ന രണ്ട് അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

സംഘപരിവാരത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ വളരെയധികം പണിപ്പെടുന്ന കേരളത്തിലെ ക്രിസംഘികളോടും, തലയില്‍ തട്ടമിട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ പഠിക്കാനനുവദിക്കാതെ 'ഭാരതീയ സംസ്‌കാരത്തോടുള്ള' തങ്ങളുടെ കൂറ് തെളിയിക്കാനിറങ്ങിയ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ടീച്ചറാമ്മയോടും പങ്കുവെക്കാനുള്ളത് പെട്ടെന്ന് മനസ്സിലേക്കോടി വരുന്ന രണ്ട് അനുഭവങ്ങളാണ്.

ആദ്യത്തേത് 2006 ഫെബ്രുവരിയില്‍ നടന്നതാണ്.

ഗുജറാത്തിലെ ഡാംഗ്‌സ് ജില്ലയാണ് സ്ഥലം. ഡാംഗ്‌സ് ജില്ല പ്രധാനമായും ഭീല്‍ ആദിവാസി ഭൂരിപക്ഷ പ്രദേശമാണ്. മറ്റ് ജില്ലകളില്‍ നിന്ന് ഭിന്നമായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കൂടുതലുള്ള സ്ഥലം. ഇവിടെ ആദിവാസി കുംഭമേള നടത്താന്‍ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തില്‍ പദ്ധതിയൊരുക്കുന്നു. നാല് സംസ്ഥാനങ്ങളിലെ (മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍) ആദിവാസികളെ ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ മിത്തുകള്‍ക്കടക്കം രൂപം നല്‍കിയിരുന്നു. സീതയെ അന്വേഷിച്ച് പോകുന്ന ശ്രീരാമനെ ആദിവാസിയായ ശബരിയെന്ന യുവതി ബേര്‍ പഴം നല്‍കി ക്ഷീണമകറ്റാന്‍ സഹായിച്ചുവെന്നും ശബരിയുടെ സേവനത്തില്‍ തൃപ്തനായ ശ്രീരാമന്‍ അവരെ അനുഗ്രഹിച്ചുവെന്നും ആയിരുന്നു കഥ.

ഈയൊരു കഥയെ വികസിപ്പിച്ച്, അവിടെ ശബരീ കുംഭമേള നടത്തുക എന്നതായിരുന്നു സംഘപരിവാര്‍ പരിപാടി. അഞ്ച് ലക്ഷം ആളുകളെ ശബരീ കുംഭമേളയില്‍ പങ്കെടുപ്പിക്കാനുള്ള നടപടികളായിരുന്നു ഒരുക്കിയിരുന്നത്.

ശബരീ കുംഭമേളയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്, അധികാരവും ആള്‍ബലവും പണവും ഉപയോഗിച്ച് ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ച് ആശ്രമം പണിതിരിക്കുന്നതാണ്. ആദിവാസികള്‍ക്ക് ശബരിയും ശ്രീരാമനും തമ്മിലുള്ള കഥയെക്കുറിച്ച് കേട്ടറിവുപോലുമില്ല. കുംഭ മേളയുടെ പ്രചരണത്തിനായി എഴുതപ്പെട്ട ചുവര്‍ പരസ്യങ്ങളിലെല്ലാം സംഘപരിവാരത്തിന്റെ അജണ്ട പരസ്യമായിതന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു.

'ഹിന്ദു ജാഗോ! ക്രിസ്തി ഭാഗോ' എന്നായിരുന്നു അത് (ഹിന്ദു ഉണരൂ, ക്രിസ്ത്യാനി ഓടിക്കോളൂ). 2001ലെ മുസ്‍ലിം കൂട്ടക്കൊലക്ക് ശേഷം ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് നേരെ നടന്ന നേരിട്ടുള്ള വെല്ലുവിളിയായിരുന്നു അത്. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഡാംഗ്‌സ് വന പ്രദേശത്ത് ജീവിതം ചെലവഴിച്ച മതപുരോഹിതന്മാരെല്ലാം ശ്വാസംപോലും അടക്കിപ്പിടിച്ച് കഴിഞ്ഞ നാളുകളായിരുന്നു അത്.

കുംഭമേള സ്ഥലത്ത് ചുറ്റിക്കറങ്ങിയ ഞങ്ങളെ പന്ത്രണ്ട് മണിക്കൂറിലധികം ഡീറ്റൈയ്ന്‍ ചെയ്യുകയുണ്ടായി. (സുഹൃത്തായ ഒരു ബിബിസി ജേര്‍ണലിസ്റ്റിന് കുംഭമേളയുടെ യഥാര്‍ത്ഥ വസ്തുത ആദിവാസികളില്‍ നിന്ന് നേരിട്ട് കേള്‍പ്പിക്കുന്നതിനായിരുന്നു ഡാംഗ്‌സില്‍ ചെന്നത്). കൂട്ടത്തിലുണ്ടായിരുന്ന ക്രിസ്ത്യന്‍ സുഹൃത്തിനോട് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞത്, 'നിന്നെ പച്ചയ്ക്ക് കത്തിച്ചാലും ഒരുത്തനും ചോദിക്കില്ലെന്നായിരുന്നു.'

ഡാംഗ്‌സ് ഒരു സൂചനയായിരുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന സൂചന. 1998ല്‍ ഒഡീഷയില്‍ ഗ്രഹാം സ്റ്റെയ്‌നിനെയും കുടുംബത്തെയും പച്ചയ്ക്ക് കത്തിക്കുക തന്നെ ചെയ്തിരുന്നു.

രണ്ടാമത്തെ അനുഭവം

2008 ആഗസ്ത് - സെപ്തംബറില്‍ ആയിരുന്നു. സ്ഥലം ഒഡീഷയിലെ കന്ധമാല്‍.

അമ്പതോളം ആളുകളെയായിരുന്നു ജീവനോടെ കൊന്നൊടുക്കിയത്. നൂറുകണക്കിന് വീടുകള്‍ തകര്‍ത്തു. പള്ളികളും ധ്യാനകേന്ദ്രങ്ങളും അടിച്ചുതകര്‍ത്തു. പാതിരിമാരെയെല്ലാം തല്ലിയോടിച്ചു. കന്ധമാല്‍ ആദിവാസി കേന്ദ്രമായിരുന്നു. രണ്ട് ലെയ്‌നുകള്‍ക്കിടയില്‍ ക്രിസ്ത്യാനിയെന്നും ഹിന്ദുവെന്നും വിഭജിക്കപ്പെട്ടു. ലങ്കാഗഢ് എന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് സംഘപരിവാരങ്ങള്‍ അന്ത്യശാസനം നല്‍കിയത് അടുത്ത നവമിക്ക് ഘര്‍ വാപസി നടത്തണമെന്നായിരുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതോളം പീസ് ആക്ടിവിസ്റ്റുകള്‍ രണ്ടാഴ്ചയിലധികം കന്ധമാലിലെ വിദൂര ഗ്രാമങ്ങളില്‍ ചുറ്റിയടിച്ചു. ഗ്രാമീണരോടൊപ്പം താമസിച്ചു. ജീവനും കയ്യില്‍പ്പിടിച്ച്, ഭയത്തില്‍ ജീവിച്ച ആ മനുഷ്യര്‍ അന്ന് ചോദിച്ച ചോദ്യം ഇന്നും കാതുകളിലുണ്ട്? ഏത് വീട്ടിലേക്കാണ് തങ്ങള്‍ മടങ്ങിപ്പോകേണ്ടതെന്ന്?

ബിഷപ്പു ഹൗസുകളില്‍ തിന്നും കുടിച്ചും മദിച്ചുകഴിയുന്ന ഒരൊറ്റ പാതിരിയും കന്ധമാലിലെ ആദിവാസികളോടൊപ്പം നിന്നില്ല എന്നത് വേറെ കാര്യം. അവരെ അവരുടെ വിധിക്ക് വിട്ടുകൊടുത്ത് പലായനം ചെയ്യുകയാണുണ്ടായത്. തങ്ങളുടെ സമ്പത്തും സൗകര്യങ്ങളും സംരക്ഷിക്കാന്‍ ഏറ്റവും എളുപ്പവഴി സംഘപരിവാരത്തിന് കുഴലൂതുകയാണെന്ന് തിരിച്ചറിഞ്ഞ ഈ വർഗം എത്രയെത്ര ജനകീയ പ്രക്ഷോഭങ്ങളെ ഒറ്റിക്കൊടുത്തു. മുസ്‍ലിം വിരുദ്ധത ഛർദിച്ചു.

സംഘപരിവാരത്തിന്റെ ഹിന്ദുത്വത്തിന് താളംപിടിച്ച് തങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കാമെന്ന മൂഢവിശ്വാസത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ മതനേതൃത്വം, ഒരു അതോറിറ്റേറിയന്‍ ഹിന്ദുരാജിലേക്ക് അനുദിനം പരിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ തങ്ങള്‍ ഒരു രണ്ടാം പൗരന്മാരായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്ന് തിരിച്ചറിയുന്നതെന്നാണോ?

ചിത്രങ്ങൾ:

2008ൽ ഒഡീഷയിലെ കന്ധമാലിൽ തകർത്ത ക്രിസ്ത്യൻ വീടുകൾ, ആക്രമണങ്ങൾക്ക് വിധേയരായ ആദിവാസികളോടൊപ്പം പീസ് ആക്ടിവിസ്റ്റുകൾ.

2006 ൽ ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ സംഘപരിവാർ നടത്തിയ ശബരീ കുംഭമേളയെക്കുറിച്ച് അക്കാലത്ത് ദേവൻ വേദ്ചി എന്ന പേരിൽ എഴുതിയ ലേഖനം.

Sahadevan K Negentropist

Full View

Tags:    
News Summary - k sahadevan about st ritas public school hijab ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.