കോഴിക്കോട്: തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള തിരുപ്പറകുൺറത്ത് സംഘ് പരിവാർ നേതൃത്വത്തിൽ നടക്കുന്ന വർഗീയ ധ്രുവീകരണശ്രമങ്ങൾ തുറന്നുകാണിക്കുകയാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ബാബുരാജ് ഭഗവതി. തിരുപ്പറകുൺറം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള തൂണിൽ ദീപംതെളിക്കണമെന്ന ആവശ്യവുമായി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘ് പരിവാർ നടത്തുന്നത്.
ദർഗയ്ക്കു സമീപത്തെ തൂൺ മുരുകൻ ക്ഷേത്രത്തിൽ വിളക്കുവയ്ക്കാനുള്ളതാണെന്നാണ് സംഘ്പരിവാറിന്റെ വാദം. എന്നാൽ, ഈ പില്ലർ ഒരു സർവേ മാർക്കിങ്ങാണ്. ഗ്രേറ്റ് ആർക്ക് എന്ന് പ്രസിദ്ധമായ ട്രിഗ്നോമെട്രിക്ക് സർവേക്ക് ഉപയോഗിച്ചിരുന്ന മാർക്കിങ്ങ് - ഇതിന് രേഖയുമുണ്ട്. പക്ഷേ ഇതൊന്നും പരിഗണിക്കാതെ മദ്രാസ് ഹൈകോടതി ജഡ്ജി പില്ലറിൽ ദീപം തെളിയിക്കാൻ അനുമതി നൽകി. ദർഗയിൽ നിന്ന് മുന്നൂറ് മീറ്ററാണ് പില്ലറിലേക്കുള്ളത്. കോടതി വിധിയുണ്ടെങ്കിലും ദീപം തെളിയിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടില്ല. ഇതിന്റെ പേരിൽ സംഘികൾ കോടതി അലക്ഷ്യം ഫയൽ ചെയ്തിട്ടുണ്ട്.
മുരുകനെ കയ്യടക്കി തമിഴ്നാട് പിടിക്കാനാണ് സംഘി ശ്രമം. അതിന്റെ ഭാഗമായി സംഘ പരിവാരം മുരുകൻ കോൺഫ്രൻസും നടത്തി. ഇതിനെ പ്രതിരോധിക്കാൻ ഒരു മുരുകൻ കോൺഫ്രൻസ് സർക്കാരും നടത്തി - ബാബുരാജ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ഹൈന്ദവ ദേവനായ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടത്തെ ഉച്ചൈപിള്ളൈയാർ ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങ് മുരുക ഭക്തർ നൂറ്റാണ്ടുകളായി അത്യാദരപൂർവം നടത്തിവരുന്നതാണ്. എന്നാൽ, ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ, 1994ൽ തിരുപ്പറകുൺറം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള തൂണിൽ ദീപം തെളിയിക്കണമെന്ന ശാഠ്യവുമായി സംഘ് പരിവാർ രംഗപ്രവേശം ചെയ്തു. ചരിത്രപരമായോ ആചാരപരമായോ ഒരു പിൻബലവുമില്ലാത്ത ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കല്യാണ സുന്ദരം, ഭവാനി സുബ്രഹ്മണ്യം എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് 2017 ഡിസംബറിൽ വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ വർഷം ഇക്കാര്യം ഉന്നയിച്ച് സമർപ്പിച്ച റിട്ട് ഹരജി, സമാധാനവും സൗഹാർദവും തകർക്കാൻ വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും ചെയ്തു. ശേഷം നടന്ന ഹിന്ദുത്വ വർഗീയനീക്കങ്ങളെ എം.കെ. സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി സർക്കാർ ധീരമായി ചെറുക്കുകയും ചെയ്തു.
എന്നാൽ, ഈ വർഷം സമർപ്പിക്കപ്പെട്ട ഹരജിയിൽ കക്ഷികളുടെ വാദംപോലും കേൾക്കാൻ നിൽക്കാതെ, 2017ലെ ഡിവിഷൻ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി, ഹൈകോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ ദർഗക്ക് സമീപത്തെ തൂണിൽ ദീപം തെളിക്കാൻ സർക്കാറിന് നിർദേശം നൽകി. ഈ വിധി നാടിന്റെ സമാധാനം തകർക്കുന്ന ദുർവിധിയാകുമെന്നതിനാൽ സർക്കാർ നടപ്പാക്കിയില്ല.
തിരുപ്പറംക്കുണ്ഡ്രം (തിരുപ്പറകുൺറം) മലകളെ തെക്കേ ഇന്ത്യയുടെ അയോധ്യയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ആ ശ്രമങ്ങൾക്ക് കൂട്ടുപിടിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുമുണ്ട്. ആ ജഡ്ജിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ പാർലമെന്റിൽ ഇംപീച്ച്മെൻറ് നീക്കം നടക്കുകയാണ്.
മുരുകനെ ഒരു തമിഴ് ദൈവമായാണ് തമിഴർ കണക്കാക്കുന്നത്. ലോകവും അങ്ങനെയാണ് കണക്കാക്കുന്നത്. തെക്കേ ഇന്ത്യൻ പാരമ്പര്യത്തിൻ്റെ ഭാഗമായ ദൈവം കൂടിയാണത്. മുരുകന്റെ അബ്രാഹ്മണിക പാരമ്പര്യം അംഗീകത വസ്തുതയുമാണ്.
മുരുകൻ സംഘകാലത്ത് കുറിഞ്ഞി തിണകളുടെ ദൈവമായി കണക്കാക്കപ്പെട്ടുന്നു. മലകളോട് ചേർന്ന് ജീവിക്കുന്ന കുറവർ,മറവർ, കള്ളർ, പള്ളർ, വണ്ണിയർ, നാടാർ തുടങ്ങിയ കീഴാളരാണ് മുരുകനെ ആരാധിച്ചിരുന്നത്. പല പ്രമുഖ മുരുകക്ഷേത്രങ്ങളും മലമുകളിലുമാണ്. ആദ്യം മുതൽ തന്നെ ഈ ക്ഷേത്രങ്ങളിൽ അബ്രാഹ്മണർ ആയിരുന്നു ആരാധന നിർവഹിച്ചിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ക്ഷേത്ര ഭരണത്തിൽ മാറ്റം വരുത്തിയതോടെ മുരുക ക്ഷേത്രങ്ങൾ ബ്രാഹ്മണരുടെ അധീനതയിലായി.
തമിഴ്നാട്ടിൽ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങൾ പ്രധാനമായി നടന്നത് മുരുക ക്ഷേത്രങ്ങളിലാണ്. അങ്ങനെ നോക്കുമ്പോൾ തമിഴ്നാട്ടിലെ ക്ഷേത്രപ്രവേശന സമരവും കേരളത്തിലെ ക്ഷേത്രപ്രവേശന സമരവും അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത സങ്കൽപ്പങ്ങൾ മുന്നോട്ടുവച്ചിരുന്നവയാണെന്നു കാണാം. തമിഴ്നാട്ടിൽ ആദ്യം ക്ഷേത്രപ്രവേശനം നേടുന്നതും മുരുകക്ഷേത്രങ്ങളാണ് -പഴണി ഓർക്കുക.
തമിഴ്നാട്ടിലെ അബ്രാഹ്മണ പ്രസ്ഥാനത്തിൻ്റെ ഐക്കണായും മുരുകൻ നിലനിന്നിട്ടുണ്ട്. ജസ്റ്റിസ് പാർട്ടിയിലെ പല നേതാക്കന്മാരും ആ രീതിയിൽ തന്നെയാണ് മുരുക സങ്കല്പത്തെ വളർത്തിയെടുത്തത്. അയോതിതാസ് പണ്ഡിതർ മുതൽ അദ്ദേഹത്തിൻറെ ജാമാതാവ് റെട്ടമലൈ ശ്രീനിവാസൻ അടക്കമുള്ള ദളിത് നേതാക്കൾ മുരുകനെ കീഴാളരുടെ ( ദ്രാവിഡരുടെ) ദൈവമായി കണക്കാക്കി കൊണ്ട് നിരവധി കുറിപ്പുകൾ തന്നെ എഴുതിയതായി കാണുന്നു. ഇതിൽ R ശ്രീനിവാസൻ പറയരുടെ പ്രതിനിധിയായി ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത നേതാവാണ്.
ഇതിൽ ചിലരെങ്കിലും മുരുകനെ കേന്ദ്രീകരിച്ച് ഒരു കീഴാള ദൈവശാസ്ത്ര പദ്ധതി തന്നെ മുന്നോട്ടുവച്ചിരുന്നു. എന്നും മുരുകൻ കീഴാളരുടെ ഊർജ്ജ സംഭരണിയായി നിലനിന്നു. മദിരാശി മുഖ്യമന്ത്രിയായിരുന്ന പി ടി രാജനെ പോലുള്ള നേതാക്കൾ മുരുകനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ദ്രാവിഡ സങ്കല്പം തന്നെ ഒരു സാമൂഹ്യ വിപ്ലവ പദ്ധതിയെന്ന നിലയിൽ വിഭാവനം ചെയ്തിരുന്നു. ഇതേ പി ടി രാജൻ തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിൻ്റെ നേത്രത്വത്തിലുമുണ്ടായിരുന്നു. ആര്യ അധിനിവേശത്തെ ചെറുക്കുന്ന സങ്കല്പമെന്ന നിലയിലാണ് അക്കാലത്ത് അബ്രാഹ്മണ പ്രസ്ഥാനങ്ങൾക്ക് മുരുകൻ സ്വീകാര്യമായത്.
ഇങ്ങനെ തമിഴ്നാട്ടിലെ ബ്രാഹ്മണ കീഴാള പാരമ്പര്യത്തിന്റെ പ്രതിബിംബമായ മുരുകനെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി തിരുപ്പറംകുണ്ഡ്രം ഗൂഢാലോചനയിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
തിരുപ്പറംകുണ്ഡ്രം മലമുകളിൽ മുരുക ക്ഷേത്രമടക്കം മൂന്ന് ക്ഷേത്രങ്ങളും ഒരു ജൈന ഗുഹയുമാണ് ഉള്ളത്. 14-ാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന മധുര സുൽത്താനേറ്റുമായി ബന്ധപ്പെട്ട ഒരു സുൽത്താൻ്റെ മയ്യിത്തും ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ഇതൊരു ദർഗയായി വികസിപ്പിക്കപ്പെട്ടു - സിക്കന്ദർ ബാദുഷ ദർഗ. ഇസ്‍ലാമിക വിശ്വാസികൾക്ക് ഇതൊരു പുണ്യ സ്ഥലമാണ്.
തമിഴ്നാട്ടിലെ സിദ്ധ വൈദ്യവുമായും ഇത്തരം ദർഗകൾ ബന്ധപ്പെട്ടിരിക്കുന്നു. സിദ്ധസങ്കല്പത്തിൽ ഇസ്‌ലാമിക - ദ്രാവിഡ പാരമ്പര്യങ്ങൾ ഉൾച്ചേർന്നിരിക്കുന്നു - മറ്റൊരു രീതിയിൽ പറഞ്ഞാൽ ദ്രാവിഡ സങ്കല്പത്തിൽ തന്നെ ഇസ്‌ലാമിക പാരമ്പര്യത്തിൻ്റെ ധാരയുണ്ട്. മുസ്‍ലിംകളല്ലാത്തവരും ദർഗയിലെത്തുന്നു. ദർഗകളിൽ ആദ്യം മുതലേ മൃഗബലി പ്രാബല്യത്തിലുണ്ടായിരുന്നു - മാംസവും വിളമ്പിയിരുന്നു - മുരുക ക്ഷേത്രങ്ങൾക്കും മൃഗബലിയുടെ പാരമ്പര്യമുണ്ട് - അതുകൊണ്ടുതന്നെ മാംസഭക്ഷണം ഒരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നില്ല - മാത്രമല്ല പല ദർഗകളെപ്പോലെ ഇവിടെയും വിശ്വാസത്തെ ഹിന്ദു -ഇസ്‍ലാം എന്ന് വേർതിരിക്കുന്നതും പ്രയാസമാണ്.
ദർഗയിൽ മാംസഭക്ഷണം നിരോധിക്കാനും ദർഗയ്ക്കു സമീപത്തെ വലിയ പില്ലറിൽ ദീപം കത്തിക്കണമെന്നുമാണ് പുതിയ ആവശ്യം. ഭൂമിത്തർക്കവും ഉയർത്തിയിട്ടുണ്ട് - അതിന് 1915 വരെ വേരുകളുണ്ടെന്നും കേൾക്കുന്നു.
ദർഗയ്ക്കു സമീപത്തെ പില്ലർ മുരുകൻ ക്ഷേത്രത്തിൽ വിളക്കുവയ്ക്കാനുള്ളതാണെന്നാണ് സംഘികളുടെ വാദം. യഥാർത്ഥത്തിൽ ഈ പില്ലർ ഒരു സർവേ മാർക്കിങ്ങാണ്. ഗ്രേറ്റ് ആർക്ക് എന്ന് പ്രസിദ്ധമായ ട്രിഗ്നോമെട്രിക്ക് സർവേക്ക് ഉപയോഗിച്ചിരുന്ന മാർക്കിങ്ങ് - ഇതിന് രേഖയുമുണ്ട് .
പക്ഷേ ഇതൊന്നും പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി പില്ലറിൽ ദീപം തെളിയിക്കാൻ അനുമതി നൽകി - ദർഗയിൽ നിന്ന് മുന്നൂറ് മീറ്ററാണ് പില്ലറിലേക്കുള്ളത്. കോടതി വിധിയുണ്ടെങ്കിലും ദീപം തെളിയിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടില്ല - ഇതിന്റെ പേരിൽ സംഘികൾ കോടതി അലക്ഷ്യം ഫയൽ ചെയ്തിട്ടുണ്ട്.
മുരുകനെ കയ്യടക്കി തമിഴ്നാട് പിടിക്കാനാണ് സംഘി ശ്രമം. അതിന്റെ ഭാഗമായി സംഘ പരിവാരം മുരുകൻ കോൺഫ്രൻസും നടത്തി. ഇതിനെ പ്രതിരോധിക്കാൻ ഒരു മുരുകൻ കോൺഫ്രൻസ് സർക്കാരും നടത്തി -
അയ്യപ്പ സംഗമവും ഇതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.