ഫർഹാൻ മുണ്ടേരിയും റിജിൽ മാക്കുറ്റിയും

'സംഘികളുടെ കൂടെയല്ല, കടലായിലെ ശ്രീകൃഷ്ണ ഭഗവാൻ എന്റെ കൂടെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു, പോരാട്ടം നിയന്ത്രിച്ചവൻ ഫർഹാൻ മുണ്ടേരി'; റിജിൽ മാക്കുറ്റി

കണ്ണൂർ: ഒരിക്കലും ജയിച്ചു കയറാൻ പറ്റുമെന്ന് കരുതിയല്ല ആദി കടലായിയിൽ മത്സരിക്കാനിറങ്ങിയതെന്നും തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവർക്കിടയിൽ നിന്നും വിജയിച്ചത് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടാണെന്നും കോൺഗ്രസ് നേതാവ് റിജിൽ മാക്കൂറ്റി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ റിജിൽ മാക്കുറ്റി കണ്ണൂർ കോർപറേഷനിലെ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ആദികടലായി ഡിവിഷനാണ് പിടിച്ചെടുത്തത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ടും തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പ്രയാസം വരും എന്ന് കരുതി മത്സരിക്കാതെ തെരഞ്ഞെടുപ്പിന് മുഴുവൻ ചുക്കാൻ പിടിച്ചത് ഫർഹാനാണെന്നും പ്രിയപ്പെട്ടവൻ ഹൃദയത്തിലാണെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

താൻ ചെയ്ത സമരം ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരതക്കെതിരെയാണ്. യഥാർത്ഥത്തിൽ സംഘികളുടെ കൂടെയല്ല കടലായിലെ ശ്രീകൃഷ്ണ ഭഗവാൻ എന്റെ കൂടെയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

ലീഗിൽ നിന്ന് ഒരാൾ വിമതനായി മത്സരിക്കുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോഴാണ് എനിക്ക് മനസിലായതെന്നും മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വം തന്റെ കൂടെ ഉറച്ചുനിന്നെന്നും റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"എന്റെ തെരഞ്ഞെടുപ്പ് പോരാട്ടം നിയന്ത്രിച്ചവൻ ഫർഹാൻ മുണ്ടേരി കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ടും എന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പ്രയാസം വരും എന്ന് കരുതി മത്സരിക്കാതെ തിരഞ്ഞെടുപ്പിന് മുഴുവൻ ചുക്കാൻ പിടിച്ചത് ഫർഹാൻ ആണ്.

ഒരിക്കലും ജയിച്ചു കയറാൻ പറ്റുമെന്ന് കരുതിയല്ല ആ സീറ്റിൽ മത്സരിക്കാൻ ഞാൻ പോയത്. ആദ്യ കടലായിലെ പാർട്ടി നേതൃത്വമാണ്. എന്റെ പേര് നിർദ്ദേശിച്ചത്. ലീഗിൽ നിന്ന് ഒരാൾ വിമതനായി മത്സരിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. അതെന്നെ വല്ലാതെ മാനസിക പ്രയാസത്തിൽ ആക്കി. മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായും അദ്ദേഹത്തിന്റെ മകനുമായും ഏറെ ആത്മബന്ധം ഉണ്ടായവനാണ് ഞാൻ.

എന്റെ പ്രതിസന്ധിഘട്ടത്തിൽ ഹരിത പതാകയുടെതണൽ ഏറെക്കൊണ്ടവനാണ് ഞാൻ. എന്നെ ചേർത്തുപിടിച്ചവരാണ്. മുസ്ലിം ലീഗ് പ്രസ്ഥാനം. അവിടെയാണ് മുസ്ലീം ലീഗിൽനിന്നൊരാൾ എനിക്കെതിരെ മത്സരിക്കാൻ വന്നത്. കുഞ്ഞാലിക്കുട്ടി സാഹിബ് നേരിട്ട് ഇടപെട്ട് അയാളോട് സംസാരിച്ചിട്ടും പിറകോട്ട് പോകാൻ തയ്യാറായില്ല. പിന്നെ തീരുമാനിച്ചു മുന്നോട്ടുവെച്ച കാൽ പിന്നോട്ട് ഇല്ല. ഇതിൽ തോറ്റാൽ എന്റെ രാഷ്ട്രീയം തന്നെ അവസാനിക്കും എന്ന് എനിക്കറിയാം. എന്റെ നേതാവ് കെ.സുധാകരൻ  എം.പിയാണ് എനിക്ക് ശക്തി നൽകിയത്. പിന്മാറണമെന്ന് തോന്നിയ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് കരുത്ത് നൽകി. മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വം ആദ്യ കടലായി ശാഖാ പ്രസിഡണ്ടും സെക്രട്ടറിയും എന്റെ കൂടെ ഉറച്ചുനിന്നു. 

എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവർ ഒരുപാട് പേർ ഉണ്ട്. അവരൊക്കെ തന്നെ എന്റെ പരാജയം പെരുമ്പറ പൊട്ടി ആഘോഷിക്കും. ആദി കടലായി കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉൾക്കൊള്ളുന്ന ഡിവിഷനാണ്. ഞാൻ മത്സരിക്കുന്ന ഡിവിഷൻ. എന്റെ ഡിവിഷന്റെ ഒന്നാം ഭാഗത്ത് ഹിന്ദുമത വിശ്വാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അവിടങ്ങളിൽ വ്യാപകമായി ആർ.എസ്എസുകാരും സി.പി.എമ്മുകാരും ഒരുമിച്ച് കശാപ്പുകാരൻ തോൽപ്പിക്കണമെന്ന് പ്രചരണം നടത്തി.

അവിടെ എനിക്ക് നൂറ്റമ്പതിൽപരം വോട്ടിന്റെ ലീഡാണ് തന്നത്.സംഘികൾ പ്രചരിപ്പിക്കുന്ന വീഡിയോ സിപിഐ യുടെ കൗൺസിലർ വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ചു. അതൊക്കെ നടത്തിയിട്ടും സംഘികളും കമ്മികളും പറയുന്നത് കേൾക്കുന്നവരല്ല യഥാർത്ഥ ഹിന്ദു മതവിശ്വാസികൾ എന്ന് അവർ തെളിയിച്ചു. ഞാൻ ചെയ്ത സമരം

ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരതക്കെതിരെയാണ്. അത് കൃത്യമായി അവർ മനസ്സിലാക്കിയിട്ടുണ്ട്. അവരാരും ഈ സംഘി കമ്മികളുടെ കുപ്രചരണത്തിൽ വീണില്ല. യഥാർത്ഥത്തിൽ സംഘികളുടെ കൂടെയല്ല കടലായിലെ ശ്രീകൃഷ്ണ ഭഗവാൻ എന്റെ കൂടെയാണെന്ന് ഈ തിരഞ്ഞെടുപ്പ് റിസൾട്ട് തെളിയിച്ചു.

പരാജയപ്പെടുത്താൻ കാലുമാറി സംഘി പാളയത്തിൽ പോയ അബ്ദുള്ളക്കുട്ടിയും രഘുനാഥും എല്ലാ ആടവും പയറ്റി. ഷാജി കടലായി എന്നയാൾ വിമത സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവനാണ്. ലീഗിൽ നിന്ന് പുറത്താക്കിയവനാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ചതിന്റെ പേരിൽ.

ആദ്യമായി ആദി കടലായിൽ ഞാൻ എത്തിയപ്പോൾ പബ്ലിക്കായി എന്നെ ആക്ഷേപിച്ച് 400 വോട്ടിൽ കൂടുതൽ ഇവിടുന്ന് കിട്ടില്ല. വേഗം വന്ന വഴി പോയിക്കോ എന്നു പറഞ്ഞ് പരിഹസിച്ചു. വോട്ടു ഭിന്നിപ്പിച്ച് എന്നെ പരാജയപ്പെടുത്താൻ ഷാജി ബിജെപി നേതാക്കളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നാണ് എനിക്ക് കിട്ടിയ അറിവ്.

എനിക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിനു നുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് കൊടുത്തപ്പോൾ ഷാജി ബിജെപി ഓഫീസിൽ പോയി ബിജെപിക്കാരെയും കൂട്ടി വന്ന് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. രഘുനാഥ് പറഞ്ഞത് എന്നെ പരാജയപ്പെടുത്താനുള്ള സർവ്വ പണിയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതൊക്കെ ചെയ്തിട്ടും വ്യക്തിഹത്യയും ആക്ഷേപങ്ങളെല്ലാം നടത്തിയിട്ടും കടലായിലെ മതനിരപേക്ഷ ജനത അതൊന്നും വിശ്വസിച്ചില്ല. ഞങ്ങൾ അവിടെ തിരിച്ച് വികസനമാണ് ചർച്ചയാക്കിയത്.

അതുതന്നെയാണ് 10 വർഷമായി എൽഡിഎഫ് കുത്തകയാക്കി 300 ലേറെ വോട്ടിന് ജയിച്ച ആദികടലായി ഡിവിഷനിൽ ഇടതുപക്ഷവും ബിജെപിയും ചേർന്ന് സി ജെപി മുന്നണി എസ്ഡിപിഐ ലീഗ് വിമതൻ തുടങ്ങിയ എല്ലാ ശക്തികളെയും പരാജയപ്പെടുത്തി അമ്പരപ്പിക്കുന്ന വിജയം യുഡിഎഫ് നേടിയത്. അവിടെയാണ് ഫർഹാൻ മുണ്ടേരിയുടെ തെരഞ്ഞെടുപ്പ് സംഘാടനം എനിക്ക് ബോധ്യപ്പെട്ടത്.  പ്രിയപ്പെട്ടവൻ ഹൃദയത്തിലാണ്."


Full View


Tags:    
News Summary - Rijil Makutty's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.