പഹൽഗാമിലെ ദാരുണമായ ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചതിന് എച്ച്എംടിയുടെ പുതിയ 2400 രൂപ വിലയുള്ള ‘ഓപറേഷൻ സിന്ദൂർ ജെജിഎസ്എൽ 01’ വാച്ച് ഓൺലൈനിൽ വിമർശനം നേരിടുന്നു. സംഭവത്തെ പ്രതീകപ്പെടുത്തുന്ന ഒരു കുങ്കുമചെപ്പിന്റെ രൂപകൽപനയാണ് വാച്ചിലുള്ളത്, ഇതിനെ പല ഉപയോക്താക്കളും സംസ്കാരശൂന്യമെന്നും ലാഭം ലക്ഷ്യമിട്ടുള്ളതാണെന്നും പറയുന്നുണ്ട്. ‘ഭയാനകം’, ‘പ്രചാരണായുധം’, ‘ഒരു ദാരുണ സംഭവത്തിൽ നിന്ന് ലാഭം നേടൽ’ എന്നിങ്ങനെ നീളുകയാണ് കമന്റുകൾ ഇതിൽ നെറ്റിസൺമാർ ഞെട്ടലിലാണ്.
പ്രശസ്ത ഇന്ത്യൻ വാച്ച് ബ്രാൻഡായ എച്ച്എംടി വാച്ചസ് അടുത്തിടെ ‘ഓപറേഷൻ സിന്ദൂർ JGSL 01’ എന്ന പേരിൽ ഒരു പുതിയ മോഡൽ വാച്ച് പുറത്തിറക്കി, സമൂഹമാധ്യമ ഉപയോക്താക്കൾ രൂക്ഷഭാഷയിലാണ് വിമർശിക്കുന്നത്.സ്റ്റീൽ-ടോൺ ബ്രാസ് കേസ്, ക്ലീൻ വൈറ്റ് ഡയൽ, ദൈനംദിന ഉപയോഗത്തിനായി ഒരു ക്ലാസിക് കറുത്ത ലെതർ സ്ട്രാപ്പ് എന്നിവ ഉൾക്കൊള്ളുന്ന ഒരു പരിഷ്കൃത ഉപകരണമെന്നാണ് കമ്പനി വാച്ചിനെ വിശേഷിപ്പിക്കുന്നത്. വെള്ള, ചുവപ്പ് എന്നീ രണ്ട് നിറങ്ങളുള്ള ഡയലുകളിൽ ഇത് ലഭ്യമാണ്, കൂടാതെ ഒരു വ്യതിരിക്തമായ ഡിസൈൻ വിശദാംശവുമുണ്ട്: ഡയലിൽ കൈകളുടെ മധ്യഭാഗം ഒരു കുങ്കുമചെപ്പു പോലെയാണ്, ഡയലിന്റെ വലതുവശത്തേക്ക് നിറങ്ങളുടെ ഒരു വരയുണ്ട്. ഓപറേഷൻ സിന്ദൂറിനു പിന്നിലെ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഘടകമാണെന്ന് ബ്രാൻഡ് പറയുന്നു.
എന്നിരുന്നാലും, ഒരു ദുരന്ത സംഭവത്തെ ഒരു വാണിജ്യ ഉൽപന്നവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഡിസൈൻ അതിരുകടന്നതായി പല നെറ്റിസൺമാരും കരുതുന്നു.ഓൺലൈനിലും സമൂഹമാധ്യമങ്ങളിലും അതിവേഗത്തിലാണ് ചർച്ചയായതും കമന്റുകളായി നിറഞ്ഞതും. ഒരാൾ കുറിച്ചതിങ്ങനെ‘ഇത് ആഘോഷിക്കാനുള്ള കാരണമായിരുന്നോ? എത്ര ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.’‘ഈ വർഷത്തെ ഏറ്റവും മോശം വാച്ച് ഡിസൈനിനുള്ള അവാർഡ്…” എന്ന് മറ്റൊരു ഉപയോക്താവ് തുറന്നടിച്ചു.
ചില വിമർശകർ വാച്ച് ബഹുമാനത്തേക്കാൾ പ്രചാരണായുധമാക്കുകയാണെന്ന് പറഞ്ഞു, “ഇത് എന്താണ്? യുദ്ധത്തെക്കുറിച്ച് ഒരു വാച്ച് നിർമിക്കുന്നത് മോശവും അനാവശ്യവുമാണ്.“എന്തൊരു അസംബന്ധം! ഒരു ഇതിഹാസ ബ്രാൻഡിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല. അവർ ഒരു ദാരുണമായ സംഭവത്തിൽ നിന്ന് ലാഭം നേടുകയാണ്” എന്ന് മറ്റൊരാൾ കുറ്റപ്പെടുത്തി.
പേരിന് പ്രചോദനമായ ഓപറേഷന്റെ പിന്നിലെ സന്ദർഭം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തോടുള്ള സൈനിക പ്രതികരണത്തിന്റെ രഹസ്യനാമമായിരുന്നു ഓപറേഷൻ സിന്ദൂർ, ഇത് സാധാരണക്കാർക്ക് ജീവഹാനി വരുത്തി. മേയ് മാസത്തിൽ പാകിസ്താൻ അധിനിവേശ കശ്മീരിലെ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം സംയുക്ത ആക്രമണം നടത്തി. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവന്ന പൊടിയായ ‘സിന്ദൂർ’ എന്ന വാക്ക്, ആക്രമണത്തിന് ശേഷമുള്ള ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും പ്രതീകമായി തിരഞ്ഞെടുക്കുകയായിരുന്നു. വാസ്തവത്തിൽ, ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഔദ്യോഗിക ഓപറേഷൻ സിന്ദൂർ ലോഗോയിൽ ഒരു ആദരസൂചകമായി ഒരു സിന്ദൂർ ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വക്താക്കൾ പറയുന്നു.
ദേശീയ ദുരന്തങ്ങളെ ചിത്രീകരിക്കുമ്പോൾ ഉപഭോക്തൃ ഉൽപന്നങ്ങൾ എത്രത്തോളം സെൻസിറ്റീവ് ആയിരിക്കാമെന്ന് ഈ വിവാദം എടുത്തുകാണിക്കുന്നു. വൈകാരിക സൈനിക തീമുകൾ വ്യാപാരത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ഇരകളായവരുടെ കുടുംബത്തോട് കാണിക്കുന്ന ബഹുമാനക്കുറവാണ്. വെറും വാണിജ്യ നേട്ടങ്ങൾ ഉണ്ടാക്കാൻ ഇത്തരം വ്യാപാരവസ്തുക്കൾക്ക് കഴിയുമോയെന്ന് നിരീക്ഷകർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.