വേദ പരേഷ് സർഫാരെ

100 മീറ്റർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മഹാരാഷ്ട്രയിലെ ഒരു വയസ്സുകാരി

മുംബൈ: 100 മീറ്റർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നേടി മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നുള്ള ഒരു വയസ്സുകാരി. വേദ പരേഷിന്റെ നേട്ടം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പരസ്യപ്പെടുത്തിയത്. ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നുള്ള ഔദ്യോഗിക മെയിൽ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വേദ 100 മീറ്റർ പൂർത്തിയാക്കിയതായി ഇമെയിലിൽ പറയുന്നു. രത്നഗിരിയിലെ മുനിസിപ്പൽ നീന്തൽക്കുളത്തിൽ 10 മിനിറ്റ് 8 സെക്കന്‍റ് എന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് വേദ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒരു വയസ്സും ഒമ്പത് മാസവും 10 ദിവസവും മാത്രമാണ് വേദക്ക് പ്രായം. വേദയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നീന്തലിന്റെ നിരവധി വിഡിയോകൾ ഉണ്ട്. അതിൽ കുഞ്ഞുവേദ ആത്മവിശ്വാസത്തോടെ പൂളിലേക്ക് മുങ്ങുന്നതും ലാപ്പുകൾ അനായാസമായി പൂർത്തിയാക്കുന്നതും കാണാം.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് വേദയുടെ നേട്ടത്തെ ആദരിച്ചു. ഈ പ്രായത്തിലുള്ള ഒരാൾക്ക് ഇത് അസാധാരണ നാഴികക്കല്ലാണെന്ന് പറഞ്ഞു. നവംബർ 25നാണ് മെയിൽ അ‍യച്ചത്. ഇതോടെ, 100 മീറ്റർ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി വേദ മാറിയെന്ന് മെയിലിൽ വ്യക്തമാക്കുന്നു. 2024 ജനുവരി 22നാണ് വേദ പരേഷ് സർഫാരെ ജനിച്ചത്.

അതുപോലെ, 10 വയസ്സുകാരിയായ ആൻവി ശൈലേഷ് സുവർണ അടൽ സേതുവിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യ വരെ 17 കിലോമീറ്റർ ഓപ്പൺ വാട്ടർ കടൽ നീന്തൽ പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ നിന്നുള്ള ആൻവിയുടെ നേട്ടം, ദീർഘദൂര കടൽ യാത്ര പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽക്കാരികളിൽ ഒരാളായി അവളെ മാറ്റി. പത്താം പിറന്നാൾ ദിനത്തിലാണ് ആൻവി ഈ നേട്ടം കൈവരിച്ചത്. 

Tags:    
News Summary - 1-year-old completes 100 meter swim, enters India’s Book of Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.