ദ സ്റ്റാറി നൈറ്റ്
വാൻ ഗോഗിന്റെ 'ദ സ്റ്റാറി നൈറ്റ്' വെറും ഭാവനയല്ലെന്ന് ശാസ്ത്രജ്ഞർ
ഒരു നൂറ്റാണ്ടിലേറെയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് വിൻസെന്റ് വാൻ ഗോഗിന്റെ 'ദ സ്റ്റാറി നൈറ്റ്'. ഫ്രാൻസിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ ജനാലക്ക് പിന്നിൽ നിന്ന്, വാൻഗോഗ് തന്റെ ഭാവനയിൽ നിന്ന് വരച്ചെടുത്ത ആകാശമാണ് അതെന്ന് ഇതുവരെ ലോകം വിശ്വസിച്ചിരുന്നു.
എന്നാൽ ആ വിശ്വാസത്തെ തിരുത്തുകയാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ. വാൻ ഗോഗ് വരച്ചത് വെറും ഭാവനയല്ല, അദ്ദേഹം കണ്ണുകൊണ്ട് കണ്ട യഥാർത്ഥ രാത്രി ആകാശം തന്നെയായിരുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. സൗത്ത് കൊറിയൻ ബഹിരാകാശ ശാസ്ത്ര കമ്പനിയായ SLLABഉം സോളിലെ ക്യുങ് ഹീ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ചേർന്നാണ് പഠനം നടത്തിയത്.
ചിത്രത്തിൽ കാണുന്നതുപോലെ വലിയ, തിളക്കമുള്ള നക്ഷത്രങ്ങളും, തിളങ്ങുന്ന ചന്ദ്രക്കലയും, നീലയും വെള്ളയും നിറത്തിലുള്ള ചുഴികളും നിറഞ്ഞ ഒരു പുലർക്കാല ആകാശമാണ് ദ സ്റ്റാറി നൈറ്റിൽ ഉള്ളത്. താഴെ ഒരു വലിയ സൈപ്രസ് മരവും, അകലെ കുന്നിൻ മുകളിലെ ഒരു ഗ്രാമവും. ഈ ആകാശദൃശ്യം, 1889 ജൂലൈ 22ന് പുലർച്ചെ ഉണ്ടായിരുന്ന യഥാർത്ഥ ആകാശവുമായി അത്ഭുതകരമായി യോജിക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
വാൻ ഗോഗിന്റെ മറ്റൊരു ഡ്രോയിങ്ങ് ഉപയോഗിച്ചാണ് ഗവേഷകർ അദ്ദേഹം ചിത്രം വരച്ച സ്ഥലം കണ്ടെത്തിയത്. ഫ്രാൻസിലെ സെന്റ്-റെമി-ഡി-പ്രൊവെൻസിന് സമീപമുള്ള മാനസികാരോഗ്യ കേന്ദ്രത്തിന് തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള കുന്നിൻ പ്രദേശമാണ് അദ്ദേഹം കണ്ടതെന്ന് അവർ തിരിച്ചറിഞ്ഞു. അവിടെയാണ് 12 മാസത്തെ താമസത്തിനിടെ അദ്ദേഹം ഈ പ്രശസ്തമായ ഓയിൽ പെയിന്റിങ്ങ് ഒരുക്കിയത്.
ആ കുന്നിൻ പ്രദേശത്തിന് മുകളിൽ 1889 ജൂലൈ 22ന് പുലർച്ചെ എങ്ങനെയായിരുന്നു ആകാശം എന്ന് ഗവേഷകർ കമ്പ്യൂട്ടർ സിമുലേഷൻ വഴി പുനർനിർമിച്ചു. അപ്പോൾ കണ്ടത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ചന്ദ്രനും ശുക്രനും ഫ്രെയിമിന്റെ എതിർ കോണുകളിൽ നിൽക്കുന്നു. ചന്ദ്രൻ മുകളിൽ വലതു കോണിലും, ശുക്രൻ താഴെ ഇടതു വശത്തും.
ഇവക്കിടയിൽ ഹയാഡസ് നക്ഷത്ര കൂട്ടം. ടോറസ് നക്ഷത്രരാശിയിൽ നൂറുകണക്കിന് നക്ഷത്രങ്ങൾ ചേർന്നതാണ് ഹയാഡസ്. അതിലെ അഞ്ച് തിളക്കമുള്ള നക്ഷത്രങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ഹയാഡസ് കൂട്ടം തിളക്കമുള്ള V ആകൃതിയിലാണ് കാണപ്പെടുന്നത്. വാൻ ഗോഗിന്റെ ചിത്രത്തിലും ചന്ദ്രൻ മുകളിൽ വലതു കോണിലാണ്, അതിന് താഴെയായി ഇടതു വശത്ത് ശുക്രനും, ചന്ദ്രന്റെ ഇടതുവശത്ത് മറ്റ് നക്ഷത്രങ്ങളും.
'ഒരു ചിത്രകാരൻ നക്ഷത്രങ്ങളെ അവയുടെ യഥാർത്ഥ വലിപ്പത്തിലോ ഓറിയന്റേഷനിലോ വരയ്ക്കില്ല. ക്യാൻവാസിലെ ഒരു നക്ഷത്രക്കൂട്ടം യാഥാർത്ഥ്യത്തേക്കാൾ വലുതോ ചെറുതോ ആകാം, അല്പം ചരിഞ്ഞും ഇരിക്കാം' പഠനത്തിന്റെ പ്രധാന രചയിതാവും SLLAB സിഇഒയും ജ്യോതിശാസ്ത്രജ്ഞനും എഞ്ചിനീയറുമായ എലിജാ ജിയോങ്-ഹ്യുൻ കിം പറഞ്ഞു.
അതുകൊണ്ട് ഗവേഷകർ പ്രോക്രസ്റ്റസ് ഷേപ്പ് അനാലിസിസ് എന്ന സ്റ്റാറ്റിസ്റ്റിക്കൽ രീതി ഉപയോഗിച്ചു. സ്ഥാനം, വലിപ്പം, ഭ്രമണം എന്നിവയിലെ വ്യത്യാസങ്ങൾ നീക്കം ചെയ്ത്, രണ്ട് കൂട്ടം പോയിന്റുകളുടെ 'ആകൃതി' മാത്രം താരതമ്യം ചെയ്യുന്ന രീതിയാണിത്. ഇതിലൂടെ ദ സ്റ്റാറി നൈറ്റ്ലെ മധ്യഭാഗത്തുള്ള അഞ്ച് നക്ഷത്രങ്ങളെ അന്നത്തെ രാത്രിയിലെ ഹയാഡസ് കൂട്ടവുമായി കൃത്യമായി യോജിപ്പിക്കാൻ അവർക്ക് സാധിച്ചു.
ഇതേ രീതി ഉപയോഗിച്ച് വാൻ ഗോഗിന്റെ 1888ലെ കഫേ ടെറസ് അറ്റ് നൈറ്റ് എന്ന ചിത്രത്തെയും സമ്മർ ട്രയാംഗിൾ നക്ഷത്ര പാറ്റേണുമായി യോജിപ്പിക്കാൻ ഗവേഷകർക്ക് സാധിച്ചു.
19-ാം നൂറ്റാണ്ടിലെ കാലാവസ്ഥാ രേഖകളുടെ പരിമിതി പഠനത്തിനുണ്ട്. അവ സ്റ്റാൻഡേർഡ് നിരീക്ഷണത്തിന് മുമ്പുള്ളതാണ്, ആധുനിക രേഖകളുടെ കൃത്യത ഉണ്ടാകണമെന്നില്ല. വാൻ ഗോഗ് എപ്പോഴാണ് ചിത്രം വരയ്ക്കാൻ തുടങ്ങിയതെന്നും പിന്നീട് അദ്ദേഹം ക്യാൻവാസ് വീണ്ടും പ്രവർത്തിച്ചോ എന്നും ഗവേഷണത്തിന് നിർണ്ണയിക്കാൻ കഴിയില്ല.
കൂടുതൽ ചരിത്രപരമായ ഫ്രഞ്ച് കാലാവസ്ഥാ രേഖകളും, വാൻ ഗോഗ് മറ്റ് ചിത്രകാരന്മാർക്ക് അയച്ച കത്തുകളും കണ്ടെത്തിയാൽ, ചിത്രം എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കൂടുതൽ കൃത്യമായി നിർണ്ണയിക്കാൻ കഴിയുമെന്ന് കിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.