410 കോടിയിലധികം വർഷം പഴക്കമുള്ള ചൊവ്വയിലെ ഉൽക്കശില; അപൂർവ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബമാകോ: 410 കോടി വർഷത്തിലേറെ പഴക്കമുള്ള ചൊവ്വയിലെ ഉൽക്കശില മാലിയിലെ സഹാറ മരുഭൂമിയിൽ കണ്ടെത്തി. ചൊവ്വയുടെ ആദ്യകാല ഭൗമശാസ്ത്ര ചരിത്രത്തെക്കുറിച്ചും അവിടെ ജലം നിലനിന്നിരുന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് കണ്ടെത്തലെന്ന് പുതിയ പഠനം വ്യക്തമാക്കി. 2022ൽ കണ്ടെത്തിയ ഏകദേശം 800 ഗ്രാം ഭാരമുള്ള ഉൽക്കശിലക്ക് ‘ടെഗാസ 001’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നാസയുടെ സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് ഇതിന്റെ ഉത്ഭവം ചൊവ്വയിലാണെന്ന് സ്ഥിരീകരിച്ചത്.

ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ചൊവ്വയിലെ ഉൽക്കശിലകളിൽ ഒന്നാണിത്. മാലിയിൽ ഇത് കണ്ടെത്തിയ ഉപ്പുപാടത്തിന്റെ പേരാണ് ഉൽക്കശിലക്ക് നൽകിയിരിക്കുന്നത്. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 435 ചൊവ്വയിലെ ഉൽക്കാശിലകളിൽ ഒന്നാണ് ടെഗാസ 001. 

അഗ്നിപർവത പ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്ന പാറകളിലെ ധാതുക്കളുടെ സവിശേഷമായ സംയോജനമാണ് ഈ ഉൽക്കശിലയുടെ പ്രത്യേകത. മാഗ്മ തണുത്തുറഞ്ഞ് ചൊവ്വയുടെ പുറംപാളി രൂപപ്പെട്ടതും പിന്നീട് ഭൂഗർഭജലത്തിന്റെ സ്വാധീനത്തിൽ പാറകളിൽ മാറ്റങ്ങളുണ്ടായതും മനസ്സിലാക്കാൻ ഈ ധാതുക്കൾ സഹായിക്കും. ഉൽക്കശിലയിലെ ജലത്തിന്റെ അളവും ചൊവ്വയുടെ ആദ്യകാല ഉപരിതലവുമായി അതിനുള്ള ബന്ധവും പരിശോധിച്ച മറ്റൊരു പഠനം ജൂണിൽ ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഭൂമിയിൽ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള മൂന്ന് ചൊവ്വ ഉൽക്കശിലകളിൽ ഒന്നാണ് ടെഗാസ 001. സമാനമായ പഴക്കമുള്ള ALH84001 ആണ് മറ്റൊന്ന്. പ്രധാനമായും ഒരേയൊരു ധാതുവാൽ രൂപപ്പെട്ടതാണ് ഈ ഉൽക്കശില. ‘ബ്ലാക്ക് ബ്യൂട്ടി’ എന്നറിയപ്പെടുന്ന മറ്റൊരു ഉൽക്കശിലക്ക് ഏകദേശം 2.1 ബില്യൺ വർഷത്തെ പഴക്കമാണുള്ളത്.

നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്റർ ചൊവ്വയുടെ തെക്കൻ ഉയർന്ന പ്രദേശങ്ങളിലെ ഗർത്തങ്ങളിൽ നിരീക്ഷിച്ചിട്ടുള്ള പാറകളുമായി ടെഗാസ 001ന്റെ ധാതുഘടനക്ക് സാമ്യമുണ്ട്. എന്നാൽ ഉൽക്കശില ചൊവ്വയുടെ ഏത് ഭാഗത്തുനിന്നാണ് വന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. അതിന്റെ ധാതുഘടനയും രാസഘടനയും പൊരുത്തപ്പെടുന്ന ചില സാധ്യതാപ്രദേശങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് ഓക്സിജൻ ഐസോടോപ്പുകൾ പരിശോധിച്ച് ടെഗാസ 001 ചൊവ്വയിൽനിന്നുള്ളതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. പാറകളുടെ ഉത്ഭവം തിരിച്ചറിയാൻ സഹായിക്കുന്ന രാസപരമായ അടയാളങ്ങളാണ് ഓക്സിജൻ ഐസോടോപ്പുകൾ. ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചൊവ്വൻ ഉൽക്കാശിലകളുടെ വിഭാഗമായ ഷെർഗോട്ടൈറ്റ് വിഭാഗത്തിൽപ്പെട്ടതായാണ് ആദ്യം കരുതിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.