മനുഷ്യായുസ്സ് 200 കടന്നേക്കും; തിമിംഗലങ്ങളിലെ സവിശേഷ പ്രോട്ടീൻ ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനം

മനുഷ്യന്റെ ആയുസ്സ് 200 വർഷം വരെ നീട്ടാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ആർട്ടിക് സമുദ്രത്തിൽ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളിൽ (Bowhead Whales) കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാർധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകർ കണ്ടെത്തി.

CIRBP എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോട്ടീൻ ശരീരത്തിലെ ഡി.എൻ.എ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയും കോശങ്ങളുടെ നശീകരണം തടയുകയും ചെയ്യുന്നു. മറ്റ് സസ്തനികളെ അപേക്ഷിച്ച് 100 മടങ്ങ് അധികമായി ഈ പ്രോട്ടീൻ തിമിംഗലങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീൻ മനുഷ്യ കോശങ്ങളിൽ പരീക്ഷിച്ചപ്പോൾ ഡി.എൻ.എ കേടുപാടുകൾ പരിഹരിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു.

സാധാരണയായി വലിയ ശരീരവും കൂടുതൽ കോശങ്ങളുമുള്ള ജീവികൾക്ക് അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഭീമാകാരമായ ശരീരമുള്ള ബോഹെഡ് തിമിംഗലങ്ങളിൽ ഇത് സംഭവിക്കുന്നില്ല. ഇതിന് പിന്നിലെ പ്രധാന കാരണം CIRBP പ്രോട്ടീന്റെ പ്രവർത്തനമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഈ പ്രോട്ടീൻ പഴം ഈച്ചകളിൽ (Fruit flies) കുത്തിവെച്ചപ്പോൾ അവയുടെ ആയുസ്സ് വർധിക്കുക മാത്രമല്ല, മാരകമായ റേഡിയേഷനുകളെ പ്രതിരോധിക്കാനുള്ള ശേഷി അവക്ക് ലഭിക്കുകയും ചെയ്തു. സസ്തനികളല്ലാത്ത ജീവികളിലും ഈ പ്രോട്ടീൻ പ്രവർത്തിക്കുന്നു എന്നത് മനുഷ്യനിലെ പ്രയോഗസാധ്യത വർധിപ്പിക്കുന്നുണ്ട്.

ശരീരത്തിൽ CIRBP പ്രോട്ടീന്റെ അളവ് വർധിപ്പിക്കാൻ തണുത്ത വെള്ളത്തിലുള്ള കുളി പോലുള്ള ജീവിതശൈലീ മാറ്റങ്ങൾ സഹായിക്കുമോ എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ പഠിച്ചുവരികയാണ്. തണുപ്പ് ഈ പ്രോട്ടീന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എങ്കിലും മനുഷ്യരിൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - Study suggests special protein in whales extends lifespan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.