ജീവിക്കാൻ ഭൂമി മാത്രമല്ല, ഇതിലും മികച്ച മറ്റൊരു ഗ്രഹമുണ്ടായേക്കാം; അത്യാധുനിക കണ്ടെത്തലുമായി ശാസ്ത്രലോകം!
നമ്മൾ ജീവിക്കുന്ന ഭൂമി മാത്രമാണോ ഈ പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഇടം? ഈ ചോദ്യത്തിന് ശാസ്ത്രലോകം നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. ഭൂമിയാണ് നിലവിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തിയ ഏക ഗ്രഹമെങ്കിലും, പ്രപഞ്ചത്തിൽ ഇതിനേക്കാളും മികച്ച രീതിയിൽ ജീവനെ പരിപാലിക്കാൻ കഴിയുന്ന മറ്റ് ലോകങ്ങൾ ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. "സൂപ്പർ-ഹാബിറ്റബിൾ വേൾഡ്സ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം ഗ്രഹങ്ങളിൽ കൂടുതൽ അനുകൂലമായ കാലാവസ്ഥയും ജലസമൃദ്ധിയും കോടിക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആയുസ്സും ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭൂമിയേക്കാൾ അല്പം വലിപ്പമുള്ളതും പ്രത്യേക തരം നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതുമായ ഗ്രഹങ്ങൾ ജീവന്റെ വളർച്ചക്ക് ഭൂമിയേക്കാൾ അനുയോജ്യമായേക്കാം. എന്തുകൊണ്ടാണ് ഈ ഗ്രഹങ്ങൾ ഭൂമിയേക്കാൾ മികച്ചതാകുന്നത്? ശാസ്ത്രജ്ഞരുടെ കണക്കുകൾ പ്രകാരം ഇത്തരം ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ 20 മുതൽ 30 ശതമാനം വരെ കൂടുതൽ വലിപ്പവും ഏകദേശം ഇരട്ടി പിണ്ഡവും ഉണ്ടായിരിക്കാം. ശക്തമായ ഗുരുത്വാകർഷണം കാരണം ഇവക്ക് കട്ടിയുള്ള അന്തരീക്ഷവും സ്ഥിരതയാർന്ന കാലാവസ്ഥയും നിലനിർത്താൻ സാധിക്കും. കൂടാതെ വലിയ ഇരുമ്പ് കാമ്പ് ശക്തമായ കാന്തികക്ഷേത്രം സൃഷ്ടിക്കുകയും ബഹിരാകാശത്തുനിന്നുള്ള ഹാനികരമായ വികിരണങ്ങളിൽ നിന്ന് ജീവനെ സംരക്ഷിക്കുകയും ചെയ്യും.
വിപുലമായ ആഴം കുറഞ്ഞ കടലുകളും ദ്വീപുകളും ജലാശയങ്ങളും നിറഞ്ഞ ഇത്തരം ഗ്രഹങ്ങൾ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ വളർച്ചക്ക് സാധ്യമായി മാറിയേക്കാം. എന്നാൽ ഇതെല്ലാം നിലവിൽ സൈദ്ധാന്തികമായ അനുമാനങ്ങൾ മാത്രമാണ്. ഇത്തരം ഗ്രഹങ്ങളുടെ സാന്നിധ്യം ഇതുവരെ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല.
ഈ പഠനത്തിലെ ഏറ്റവും കൗതുകകരമായ ഒരു കണ്ടെത്തൽ 'കെ-ഡ്വാർഫ്' എന്ന് വിളിക്കുന്ന പ്രത്യേക തരം നക്ഷത്രങ്ങളെക്കുറിച്ചുള്ളതാണ്. സൂര്യനെ അപേക്ഷിച്ച് ഇവയുടെ വലിപ്പവും ചൂടും കുറവാണ് എന്നാൽ ഓറഞ്ച് നിറത്തിലുള്ളവയുമാണ്. ഇവ തങ്ങളുടെ ഇന്ധനം വളരെ പതുക്കെയാണ് കത്തിതീർക്കുന്നത്. അതിനാൽ കോടിക്കണക്കിന് അല്ല പതിനായിരക്കണക്കിന് കോടി വർഷങ്ങൾ ഒരേപോലെ തിളങ്ങി നിൽക്കാൻ ഇവക്ക് സാധിക്കും. ഇത് സമീപത്തുള്ള ഗ്രഹങ്ങളിൽ ജീവന് പരിണമിക്കാനും വളരാനും വളരെ ദീർഘമായ സമയം നൽകുന്നു.
ജർമ്മനിയിലെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിലെ ആസ്ട്രോബയോളജിസ്റ്റ് ഇവാ വിലോവിച്ച് നടത്തിയ ലബോറട്ടറി പരീക്ഷണങ്ങൾ ഈ നിഗമനങ്ങൾക്ക് കരുത്ത് പകരുന്നു. ഒരു കെ-ഡ്വാർഫ് നക്ഷത്രത്തിന്റെ വെളിച്ചത്തെ അനുകരിച്ച് തയാറാക്കിയ കൃത്രിമ വെളിച്ചത്തിൽ ചെടികൾ വളർത്തി നോക്കിയ അവർ സാധാരണ സൂര്യവെളിച്ചത്തിൽ വളരുന്നവയേക്കാൾ വേഗത്തിലും ഉയരത്തിലും ഈ ചെടികൾ വളരുന്നതായി കണ്ടെത്തി. പ്രകാശത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രകാശസംശ്ലേഷണം ഇത്തരം നക്ഷത്രങ്ങൾക്ക് കീഴിലുള്ള ഗ്രഹങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.
മറ്റൊരു ഗ്രഹം ഭൂമിയേക്കാൾ വാസയോഗ്യമായിരിക്കാമെന്ന ചിന്ത ആദ്യമായി സജീവമായത് 2010 കാലഘട്ടത്തിലാണ്. ജ്യോതിശാസ്ത്രജ്ഞരായ റെനെ ഹെല്ലറും ജോൺ ആംസ്ട്രോങ്ങും ചേർന്ന് 2014-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര പ്രബന്ധമാണ് ഈ ആശയത്തിന് അടിത്തറയിട്ടത്. ഭൂമിയിൽ കോടിക്കണക്കിന് ജീവജാലങ്ങൾ വസിക്കുന്നുണ്ടെങ്കിലും അതിന്റെ നിലനിൽപ്പ് വളരെ സൂക്ഷ്മമായ ചില പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
സൂര്യനോട് അല്പം കൂടി അടുത്തിരുന്നെങ്കിൽ ഭൂമിയിലെ സമുദ്രങ്ങൾ ഇന്നുള്ളതുപോലെ രൂപപ്പെടുമായിരുന്നില്ല. മാത്രമല്ല സൂര്യൻ കാലക്രമേണ കൂടുതൽ തിളക്കമുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 50 കോടി വർഷങ്ങൾ കഴിയുമ്പോഴേക്കും ഭൂമിയിലെ ചൂട് അത്യധികമായി മാറുമെന്നും അത് സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടെയുള്ള സങ്കീർണ്ണ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും ശാസ്ത്രജ്ഞർ കണക്കാക്കുന്നു. എന്നാൽ കെ-ഡ്വാർഫ് നക്ഷത്രങ്ങളെ വലംവെക്കുന്ന ഗ്രഹങ്ങളിൽ ഈ പ്രശ്നമില്ലാത്തതിനാൽ, അവിടെ ജീവന്റെ ആയുസ്സ് കൂടുതൽ നീണ്ടുനിൽക്കും.
ഈ 'സൂപ്പർ-ഹാബിറ്റബിൾ' ലോകങ്ങളെ കണ്ടെത്താൻ ശാസ്ത്രലോകം വൻതോതിലുള്ള തയാറെടുപ്പുകളിലാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ PLATO ദൗത്യം 2027-ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നുണ്ട്. ഇത് ജീവനെ പിന്തുണക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പും ചിലിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന അതിശക്തമായ ടെലിസ്കോപ്പുകളും ഉപയോഗിച്ച് ഈ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ ജൈവസാന്നിധ്യം സൂചിപ്പിക്കുന്ന വാതകങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. നാസയുടെ ഭാവി പദ്ധതികളും ഈ ദൗത്യത്തിന് കരുത്ത് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.