പ്രേതകണങ്ങളെ അറിയാമോ; ഓരോ സെക്കൻഡിലും നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നത് 100 ലക്ഷം കോടി കണങ്ങൾ

നമ്മൾ അറിയാതെ ഓരോ നിമിഷവും കോടാനുകോടി സൂക്ഷ്മകണങ്ങൾ നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് അറിയാമോ? സൂര്യനിൽനിന്നും പ്രപഞ്ചത്തിന്റെ വിദൂരമേഖലകളിൽനിന്നുമെത്തുന്ന ഈ കണങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് 'പ്രേതകണങ്ങൾ' (ഭൂത കണങ്ങൾ)എന്നാണ്. നമ്മുടെ ശരീരത്തിലൂടെ ഓരോ സെക്കൻഡിലും കടന്നുപോകുന്നത് ഏകദേശം 100 ലക്ഷം കോടി സൂക്ഷ്മകണങ്ങളാണ്. ന്യൂട്രിനോകൾ എന്നറിയപ്പെടുന്ന ഈ കണങ്ങൾക്ക് മനുഷ്യശരീരത്തെയും ഭൂമിയെയും മറ്റ് വസ്തുക്കളെയും കാര്യമായ തടസ്സമില്ലാതെ തുളച്ചുകടക്കാൻ കഴിയും. ഇവ കടന്നുപോകുന്നത് നമുക്ക് അനുഭവപ്പെടുകയുമില്ല.

ഓരോ മനുഷ്യന്റെയും ശരീരത്തിലൂടെ ഒരു സെക്കൻഡിൽ ഏകദേശം 100 ട്രില്യൺ ന്യൂട്രിനോകൾ കടന്നുപോകുന്നുണ്ട്. അതായത്, നാം അറിയാതെ തന്നെ നിരന്തരമായി അതിസൂക്ഷ്മ കണങ്ങളുടെ ഒരു പ്രവാഹത്തിലൂടെയാണ് ജീവിക്കുന്നത്.

ന്യൂട്രിനോകളുടെ പ്രധാന ഉറവിടം സൂര്യനാണ്. സൂര്യന്റെ കേന്ദ്രത്തിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ അഥവാ അണുസംയോജന പ്രക്രിയയിലാണ് ഇവ വൻതോതിൽ രൂപപ്പെടുന്നത്. സൂര്യന്റെ സാന്ദ്രമായ ഉൾഭാഗത്തുനിന്ന് പ്രകാശം പുറത്തേക്കെത്താൻ ഏറെ സമയമെടുക്കുമ്പോൾ ന്യൂട്രിനോകൾക്ക് താരതമ്യേന എളുപ്പത്തിൽ പുറത്തുകടക്കാൻ സാധിക്കുന്നു. എന്നാൽ സൂര്യൻ മാത്രമല്ല ഇവയുടെ ഉറവിടം. പ്രപഞ്ചത്തിന്റെ വിദൂരമേഖലകളിൽ നടക്കുന്ന അതിശക്തമായ പ്രതിഭാസങ്ങളിൽനിന്നും ന്യൂട്രിനോകൾ ഭൂമിയിലെത്തുന്നുണ്ട്.

വൈദ്യുതചാർജില്ലാത്ത അടിസ്ഥാനകണങ്ങളാണ് ന്യൂട്രിനോകൾ. ഇവയ്ക്ക് വളരെ ചെറിയ പിണ്ഡവുമുണ്ട്. മറ്റ് വസ്തുക്കളുമായി പ്രതിപ്രവർത്തിക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുപോലും ഇവയെ കണ്ടെത്തുന്നത് വെല്ലുവിളിയാണ്. ന്യൂട്രിനോകളുടെ ഈ പ്രത്യേകതയാണ് ശാസ്ത്രജ്ഞർക്ക് അവയെ ഏറെ പ്രധാനപ്പെട്ടതാക്കുന്നത്. പ്രകാശകണങ്ങൾ വഴിയിൽവെച്ച് ആഗിരണം ചെയ്യപ്പെടുകയോ ചിതറിപ്പോകുകയോ ചെയ്യാം. എന്നാൽ ന്യൂട്രിനോകൾക്ക് അവയുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ദീർഘദൂരം സഞ്ചരിച്ചും നിലനിർത്താൻ കഴിയും. അതിനാൽ സാധാരണ ദൂരദർശിനികളിലൂടെ നിരീക്ഷിക്കാൻ കഴിയാത്ത പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ ഇവ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രപഞ്ച വിജ്ഞാനീയത്തിൽ ന്യൂട്രിനോ നിരീക്ഷണം അതിനിർണായകമാണ്. ഈ വർഷത്തെ ഭൗതിക നൊബേൽ പുരസ്കാരത്തിന് ഫ്രാൻസിസ് ഹാൽസനെ അർഹനാക്കിയതും ന്യൂട്രിനോ നിരീക്ഷണമായിരുന്നു.

Tags:    
News Summary - Neutrinos: The Ghost Particles Passing Through Us Every Second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.