ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനെ കുറിച്ചുള്ള നിർണായക ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ. ഭൂമിക്ക് 50,000 കിലോമീറ്ററിലധികം അകലെയുള്ള ഉഷ്ണ-ഊർജ-വൈദ്യുത കണങ്ങളാണ് പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) ഉപകരണത്തിന്‍റെ സെൻസറുകൾ അളക്കാൻ തുടങ്ങിയത്.

ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവവിശകലനത്തിന് ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങളാണ് ഇവയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഭൂമിക്കും സൂര്യനുമിടയിലെ ലഗ്റേഞ്ച് പോയന്റായ എൽ വണിലേക്കുള്ള പേടകത്തിന്റെ അതിനിർണായക യാത്രയിൽ സ്റ്റെപ്സ്-1ന്റെ വിജയകരമായ പ്രവർത്തനം ഏറെ ഗുണംചെയ്യും. പേടകം നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിൽ എത്തുന്നതുവരെ ഈ പ്രക്രിയ തുടരും.

സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമാണ് സ്റ്റെപ്സ്-1 ഉപകരണം. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി ആണ് ഈ ഉപകരണം നിർമിച്ചത്.

സെപ്റ്റംബർ രണ്ടിനാണ് സൂ​ര്യ​ പ​ഠ​ന​ത്തി​നുള്ള ആ​ദി​ത്യ എ​ൽ1 പേടകം ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റിൽ വിജയകരമായി വിക്ഷേപിച്ചത്. നാലു മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റിൽ (എൽ1 പോയിന്‍റ്) പേടകം എത്തും. എൽ1 പോയിന്‍റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.

ആദിത്യ എൽ1ന്‍റെ നാല് ഭ്രമണപഥമാറ്റവും വിജയകരമായിരുന്നു. നിലവിൽ ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 121973 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്. നാലാം ഭ്രമണപഥത്തിൽ വലംവെക്കുന്നത് പൂർത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ട്രാൻസ് ലഗ്രാഞ്ചിയൻ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബർ 19ന് രാവിലെ രണ്ട് മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

Full View

സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (VELC), സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT), സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ (SoLEXS).

കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ (HEL1OS), സൗര്യ കാറ്റിന്‍റെ പഠനത്തിനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റ് (ASPEX), സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ (MAG) എന്നിവയാണ് പേലോഡുകൾ.

ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകർഷണ ബലം തുല്യമായിരിക്കുന്ന ലഗ്രാഞ്ച് 1 പോയിന്‍റിൽ നിന്ന് സൂര്യനെ മറ്റ് തടസങ്ങളില്ലാതെ ആദിത്യ പേടകത്തിന് നിരന്തരം വീക്ഷിക്കാനാകും. ഈ പോയിന്‍റിൽ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ തടസമുണ്ടാവില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എൽ1 പോയിന്‍റിൽ പേടകം സ്ഥാപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്‍റെ ചിത്രം പേടകത്തിന് പകർത്താനാകും.

അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Tags:    
News Summary - Solar Mission: Aditya-L1 has commenced collecting scientific data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.