കരുത്തോടെ വീണ്ടും ഐ.എസ്.ആർ.ഒയുടെ ‘ബാഹുബലി’; ഭാരമേറിയ മറ്റൊരു ഉപഗ്രഹംകൂടി ബഹിരാകാശത്ത്

ശ്രീഹരിക്കോട്ട: ഭാരമേറിയ  മറ്റൊരു ഉപഗ്രഹംകൂടി ബഹിരാകാശത്ത് എത്തിച്ച് ‘ബാഹുബലി’ എന്നറിയപ്പെടുന്ന ഐ.എസ്.ആർ.ഒയു​ടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽ.എം.വി3- എം6 റോക്കറ്റ്.  6100 കിലോ ഭാരമുള്ള ബ്ലൂബേർഡ് ​ബ്ലോക്ക് 2 എന്ന അമേരിക്കൻ വാർത്താവിനിമയ ഉപഗ്രഹമാണ് എൽ.എം.വി 3 വിക്ഷേപിച്ചത്.

ഇന്ത്യൻ മണ്ണിൽനിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഇന്ത്യൻ കമ്പനിയായ ന്യൂസ്പേസും അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എ.എസ്.ടി സ്പേസ് മൊബൈലും ചേർന്നാണ് ഉപഗ്രഹം ഒരുക്കിയത്. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.

43.5 മീറ്റർ ഉയരമുള്ള റോക്കറ്റ് ബുധനാഴ്ച രാവിലെ 8.55നാണ് നിക്ഷേപിച്ചത്. 15 മിനിറ്റിന് ശേഷം ബഹിരാകാശ പേടകം വിക്ഷേപണ വാഹനത്തിൽനിന്ന് വേർപെട്ടു. പിന്നീട് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. വിജയകരമായ വിക്ഷേപണത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യക്കാർക്കുള്ള പുതുവത്സര-ക്രിസ്മസ് സമ്മാനമാണിതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.

എൽ.വി.എം3 റോക്കറ്റ് നൂറു ശതമാനം വിജയ നിരക്ക് തെളിയിച്ചു. വെറും 52 ദിവസത്തിനുള്ളിൽ രണ്ട് എൽ.വി.എം3 റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ഇതാദ്യമാണ്. മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിലേക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് എൽ.വി.എം3 റോക്കറ്റിന്റെ വി​േക്ഷപണമെന്നും ബഹിരാകാശ സെക്രട്ടറി കൂടിയായ ഐ.എസ്.ആർ.ഒ ചെയർമാൻ കൂട്ടിച്ചേർത്തു. ഇതോടെ, 34 രാജ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം 434 ആയി.

Tags:    
News Summary - ISRO's 'Bahubali' Rocket Successfully Launches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.