പെ​ഴ്​​സി​വി​യ​റ​ൻ​സ് റോവറും ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും (ഫയൽ ചിത്രം)

രണ്ട് കി.മീ ഉയരം, മണിക്കൂറിൽ 19 കിലോമീറ്റർ വേഗം; ചൊവ്വയിലെ അപൂർവ പ്രതിഭാസം പകർത്തി പെർസിവറൻസ് -VIDEO

നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ പെർസിവറൻസ് റോവർ പകർത്തിയ അപൂർവ ദൃശ്യം പുറത്തുവിട്ടു. 'ഡെസ്റ്റ് ഡെവിൾ' എന്നറിയപ്പെടുന്ന പൊടിക്കാറ്റിന്‍റെ ദൃശ്യമാണ് ചൊവ്വയിലെ ജസീറോ ഗർത്തത്തിൽ പര്യവേക്ഷണം തുടരുന്ന പെർസിവറൻസ് പകർത്തിയത്.

രണ്ട് കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന കൂറ്റൻ പൊടിക്കാറ്റാണ് പെർസിവറൻസിന്‍റെ കണ്ണിൽ പതിഞ്ഞത്. ആഗസ്റ്റ് 30ന് പകർത്തിയ ദൃശ്യങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടത്. പെർസിവറൻസിന്‍റെ കാമറകൾ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് നാല് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടത്.


പെർസിവറൻസ് നിലവിലുള്ള സ്ഥാനത്തിന് നാല് കിലോമീറ്റർ അകലെ തൊറോഫെയ്ർ റിഡ്ജ് എന്ന് പേരിട്ട സ്ഥലത്താണ് പൊടിക്കാറ്റ് രൂപപ്പെട്ടത്. വിഡിയോയിൽ പൊടിക്കാറ്റിന്‍റെ 118 മീറ്റർ ഉയരം മാത്രമേ കാണാനാകൂ. ഇതിന്‍റെ നിഴലിനെ വിശകലനം ചെയ്താണ് രണ്ട് കിലോമീറ്റർ ഉയരമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കിയത്.

ഭൂമിയിലും സാധാരണയായി കാണപ്പെടുന്ന പ്രതിഭാസമാണ് പൊടിച്ചുഴലി എന്ന ഡസ്റ്റ് സ്റ്റോം. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്.

ചൊവ്വയെ വാസയോഗ്യമാക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണത്തിനായാണ് 2020 ജൂലൈ 30ന് പെർസിവറൻസ് റോവറിനെ നാസ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിൽ ഇറങ്ങുകയും ചെയ്തു. പെർസിവറൻസിനൊപ്പം ഇൻജ്യൂനിറ്റി എന്ന ചെറു ഹെലികോപ്ടറും ചൊവ്വാരഹസ്യങ്ങൾ തേടുന്നുണ്ട്. 

ജീവനുണ്ടായിരുന്നതിന്റെ അടയാളങ്ങൾ തേടൽ, സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കൽ, മനുഷ്യവാസത്തിനുള്ള തയ്യാറെടുപ്പുകളുടെ പരീക്ഷണം എന്നീ ദൗത്യങ്ങളും പെർസിവറൻസിനുണ്ട്. സ്വന്തം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - Perseverance rover takes video of 2-kilometre-high dust devil on Mars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.