സിംഗിൾ പെർഫോമൻസല്ല, കൂട്ടായ്മയുടെ സിംഫണി; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഷി ജിൻപിങ്

ഷാങ്ഹായ്: നിർമിതബുദ്ധി (എ.ഐ) മേഖലയിൽ അമേരിക്കൻ മേധാവിത്വത്തിന് കടുത്ത വെല്ലുവിളിയുയർത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എ.ഐ സാങ്കേതികവിദ്യ ഒരു രാജ്യത്തിന്റെ മാത്രം ‘സോളോ പെർഫോമൻസ്’ ആകരുതെന്നും മറിച്ച് ആഗോള കൂട്ടായ്മകളുടെ ഒരു ‘സിംഫണി‘ യായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഷാങ്ഹായിൽ ആരംഭിച്ച വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ പേരെടുത്തു പറയാതെയായിരുന്നു ഷി ജിൻപിങ്ങിന്റെ വിമർശനം. ഓപ്പൺ എ.ഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ യു.എസ് ലാബുകൾ തങ്ങളുടെ മുൻനിര എ.ഐ മോഡലുകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ സൂക്ഷിക്കുമ്പോൾ, ഓപൺ സോഴ്സ് മാതൃകകളുടെ ചരിത്രപരമായ അവസരം പ്രയോജനപ്പെടുത്താൻ ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ വികസനത്തിൽ കൂടുതൽ സുതാര്യത പുലർത്താനും പ്രായോഗിക നടപടികളിലേക്ക് കടക്കാനും ചൈന സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിലിക്കൺ വാലി കമ്പനികളുടെ രഹസ്യസ്വഭാവമുള്ള പ്രവർത്തനരീതിക്ക് ബദലായി ഓപ്പൺ-വെയ്റ്റ് മോഡലുകളെയാണ് ചൈന ഇപ്പോൾ ആയുധമാക്കുന്നത്. കൃത്രിമബുദ്ധി രംഗത്ത് ചൈനീസ് മോഡലുകൾ അതിവേഗം യു.എസ് കമ്പനികൾക്കൊപ്പമെത്തുന്നതായാണ് വിപണിയിലെ പുതിയ ചലനങ്ങൾ സൂചിപ്പിക്കുന്നത്.

ഷി ജിൻപിങ് സംസാരിച്ച അതേദിവസം തന്നെ ബെയ്ജിങ് ആസ്ഥാനമായുള്ള ‘മൂൺഷോട്ട്’ കമ്പനി തങ്ങളുടെ പുതിയ മോഡൽ പുറത്തിറക്കി. പാരാമീറ്ററുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എ.ഐ മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

സെഡ്.എഐ കമ്പനിയുടെ ‘ജി.എൽ.എം 5.2’, വിപണിയിൽ വൻ ചലനമുണ്ടാക്കിയ ‘ഡീപ്സീക്ക്’ എന്നിവ ചാറ്റ്ജിപിറ്റി, ക്ലോഡ്, ജെമിനി തുടങ്ങിയ യു.എസ് മോഡലുകളുമായുള്ള സാങ്കേതിക വ്യത്യാസം ഗണ്യമായി കുറച്ചിട്ടുണ്ട്.

മെറ്റാ തങ്ങളുടെ ‘ലാമ’ മോഡലുകൾ ഓപ്പൺ സോഴ്സ് ആക്കിയിട്ടുണ്ടെങ്കിലും 'മ്യൂസ് സ്പാർക്ക്' സ്വകാര്യമായിത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഓപ്പൺ സോഴ്സ് രീതികൾ സുരക്ഷിതമല്ലെന്നും ദുരുപയോഗം തടയാൻ കഴിയില്ലെന്നുമാണ് യു.എസ് കമ്പനിയായ ആന്ത്രോപിക്കിന്റെ സി.ഇ.ഒ ഡാരിയോ അമോഡെയുടെ വാദം.

പ്രസംഗങ്ങൾക്ക് അപ്പുറം വ്യക്തമായ തന്ത്രങ്ങളോടെയാണ് ചൈന നീങ്ങുന്നത്. സമ്മേളനത്തിന് ഒരു ദിവസം മുൻപ് ബെയ്ജിങ് ‘വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഓപ്പറേഷൻ ഓർഗനൈസേഷൻ’ എന്ന 29 രാജ്യങ്ങളുടെ സഖ്യത്തിന് രൂപം നൽകി.

ഷാങ്ഹായ് ആസ്ഥാനമായുള്ള ഈ സഖ്യത്തിൽ ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താൻ, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് എ.ഐ ഭരണത്തിൽ വ്യക്തമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇതോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള 35 രാജ്യങ്ങളുടെ ‘എ.ഐ ഓപ്പർച്ചൂണിറ്റി സ്റ്റേറ്റ്മെന്റ്’ സഖ്യത്തിന് കൃത്യമായ ബദലായി ഇത് മാറി. നിലവിൽ ‘കസാകിസ്താൻ’ മാത്രമാണ് ഇരുപക്ഷത്തുമുള്ള ഏക രാജ്യം.

എ.ഐ സംവിധാനങ്ങൾ പൂർണ്ണമായും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും ഷി ജിൻപിങ് ഊന്നിപ്പറഞ്ഞു. ഒപ്പം വികസ്വര രാജ്യങ്ങൾക്കായി 5,000 എ.ഐ പരിശീലന-സെമിനാർ അവസരങ്ങളും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ ചൈന മുന്നോട്ടുവെക്കുന്ന ഈ ‘തുറന്ന സമീപനത്തിന്’ ചില അതിർവരമ്പുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേശീയ സുരക്ഷ മുൻനിർത്തി തങ്ങളുടെ പ്രമുഖ എ.ഐ മോഡലുകളിലേക്കുള്ള വിദേശ പ്രവേശനം നിയന്ത്രിക്കാൻ ചൈന ആലോചിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഈ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Not a solo performance, but a symphony of collaboration; Xi Jinping warns US on Artificial Intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.