ഹാഷിർ ഹില്ലിലേത് കയറ്റമല്ല, ഇറക്കം: ദോഫാറിലെ 'ഗ്രാവിറ്റി ഹിൽ' റോഡിന്റെ കാര്യത്തിൽ അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

മസ്കത്ത്: വർഷങ്ങളായി സലാലയിൽ എത്തുന്ന മലയാളികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ നിർബന്ധമായും കാണേണ്ട സ്ഥലമാണ് ഗ്രാവിറ്റി ഹിൽ, മാഗ്നാറ്റിക്ക് ഹിൽ എന്നൊക്കെ അറിയപ്പെടുന്ന ഹാഷിർ ഹിൽ. വാഹനം ന്യൂട്രലിൽ നിർത്തിയിട്ടാൽ സ്ലോപ് ആയ റോഡിലൂടെ സ്വയം മുകളിലേക്ക് കയറിപ്പോകുന്ന പ്രതിഭാസത്തിന്റെ കൗതുകം സഞ്ചാരികളെ അമ്പരപ്പിക്കാറുണ്ട്.

എന്നാൽ,വാഹനങ്ങൾ സ്വയം മുകളിലേക്ക് ഉരുളുന്നതായി തോന്നുമെങ്കിലും, യഥാർഥത്തിൽ ആ റോഡ് താഴേക്കിറങ്ങുകയാണെന്നാണ് പുതിയ ശാസ്ത്രീയ പഠനം തെളിയിക്കുന്നത്.

അതു കയറ്റമല്ല; ഇറക്കം !

പ്രസ്തുത സ്ഥലത്ത് കൃത്യമായ ഉയരവും ഗുരുത്വാകർഷണവും അളന്ന ഗവേഷകർ, കാഴ്ചയിൽ മുകളിലേക്കുള്ള ചലനമായി തോന്നുന്ന പ്രതിഭാസത്തിന് പിന്നിൽ പ്രാദേശികമായ ഗുരുത്വാകർഷണ വ്യതിയാനമൊന്നും കണ്ടെത്തിയില്ലെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പകരം, താഴേക്ക് ഇറങ്ങിക്കിടക്കുന്ന ഒരു റോഡ് മുകളിലേക്ക് ഉയർന്നുപോകുന്നതാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിൽ ചുറ്റുമുള്ള ഭൂപ്രകൃതിയും മനുഷ്യന്റെ കാഴ്ചാധാരണയും പങ്കുവഹിക്കുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ.

'ജിയോസയൻസസ്' എന്ന ജേണലിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 11-ന് പ്രസിദ്ധീകരിച്ച പഠനം, ‘ഗ്രാവിറ്റി ഹില്ലി’നെ വിശദമായ ഭൂപ്രകൃതി സർവേയിലൂടെയും അതീവ കൃത്യതയുള്ള ആപേക്ഷിക ഗുരുത്വാകർഷണ അളവിലൂടെയും പരിശോധിച്ചു.

ഗവേഷകർ റോഡിനോട് ചേർന്ന് ഏകദേശം 10 മീറ്റർ ഇടവേളകളിൽ 36 മെഷർമെൻറ് പോയിന്റുകൾ സ്ഥാപിച്ചു. വാഹനം മുകളിലേക്ക് പോവുന്നതായി തോന്നിക്കുന്ന ആദ്യ പോയിന്റ് സമുദ്രനിരപ്പിൽ നിന്ന് 96.937 മീറ്റർ ഉയരത്തി ലാണെങ്കിൽ 350 മീറ്റർ അകലെയുള്ള അവസാനത്തെ പോയിന്റ് 86.824 മീറ്റർ ഉയരത്തിലാ ണെന്ന് അവർ കണ്ടെത്തി. കൂടാതെ, സർവേ ചെയ്ത പാതയിലുടനീളം അളവുകൾ തുടർച്ചയായ ഇറക്കമാണ് കാണിച്ചത്, റോഡിന്റെ ചില ഭാഗങ്ങൾ മുകളിലേക്ക് ഉയർന്നുപോകുന്നതായി വാഹനയാത്രക്കാർക്ക് തോന്നാറുണ്ടെങ്കിൽ പോലും.

ഗവേഷകരുടെ പഠനമനുസരിച്ച്, റോഡ് ആദ്യം കുത്തനെ താഴേക്ക് ഇറങ്ങുകയും പിന്നീട് കാര്യമായി നിരപ്പാവുകയും ചെയ്യുന്നു. പ്രൊഫൈലിൽ ഏകദേശം 120 മീറ്റർ പിന്നിടുമ്പോൾ, ഗവേഷകർ പ്രധാന 'ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സോൺ' എന്ന് വിശേഷിപ്പിക്കുന്ന ഭാഗത്ത് ചരിവ് പൂജ്യത്തോട് അടുക്കുന്നു. യഥാർഥ തിരശ്ചീനത (ഹൊറിസോണ്ടൽ) തിരിച്ചറിയാൻ സഹായിക്കുന്ന വിശ്വസനീയമായ കാഴ്ചാസൂചനകൾ കുറവായതിനാൽ, ചുറ്റുമുള്ള ഭൂപ്രകൃതി റോഡിന്റെ ചരിവിനെക്കുറിച്ചുള്ള തലച്ചോറിന്റെ ധാരണയെ തെറ്റായി സ്വാധീനിക്കുന്നു. ഇത് നേരിയ ഇറക്കമുള്ള പാതയെപ്പോലും കയറ്റമായി തോന്നിപ്പിക്കാൻ ഇടയാക്കുന്നു.

സിൻട്രെക്സ് സിജി-5 പരിശോധനയിലും ഫലം തഥൈവ!

ഗുരുത്വാകർഷണത്തിലെ വ്യതിയാനങ്ങൾ മറ്റൊരു വിശദീകരണം നൽകുമോ എന്നും ഗവേഷക സംഘം പരിശോധിച്ചു. ഭൂഗുരുത്വ വ്യതിയാനങ്ങൾ വളരെ സൂക്ഷ്മമായി അളക്കാൻ കഴിയുന്ന ‘സിൻട്രെക്സ് സിജി-5’ എന്ന ഗ്രാവിറ്റിമീറ്റർ ഉപയോഗിച്ച്, സർവേ നടത്തിയ 36 കേന്ദ്രങ്ങളിലും അവർ ഗുരുത്വാകർഷണം രേഖപ്പെടുത്തി.

ഉയരം കുറഞ്ഞതിനനുസരിച്ച് ഗുരുത്വാകർഷണം ക്രമേണ ഏകദേശം 3.17 മില്ലിഗാൽ വർധിച്ചു; ഉയരവും ഗുരുത്വാകർഷണ ത്വരണവും തമ്മിലുള്ള സാധാരണ ഭൗതിക ബന്ധവുമായി പൊരുത്തപ്പെടുന്ന മാറ്റമാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

സർവേയുടെ തോതിലും റെസല്യൂഷനിലും ഭൂമിക്കടിയിലെ സാന്ദ്രതയിലുള്ള അസാധാരണമായ വ്യത്യാസം തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള തടസ്സങ്ങളോ പ്രാദേശികമയ മാറ്റങ്ങളോ ഒന്നും കാണപ്പെട്ടില്ല. അതിനാൽ, അളന്നുതിട്ടപ്പെടുത്തിയ വ്യതിയാനം അസാധാരണമായ ഗുരുത്വാകർഷണ ഫലം മൂലമല്ല, മറിച്ച് പ്രധാനമായും ഭൂപ്രതലത്തിന്റെ ഉയരത്തിലുള്ള വ്യത്യാസം മൂലമാണെന്ന് ഗവേഷകർ വിലയിരുത്തി.

ലളിതമായി പറഞ്ഞാൽ, ആ സ്ഥലത്ത് ന്യൂട്രലിൽ ഇട്ടിരിക്കുന്ന ഒരു വാഹനം ഗുരുത്വാകർഷണത്തെ അതിജീവിക്കുകയോ കുന്നിൻമുകളിലേക്ക് വലിക്കപ്പെടുകയോ ചെയ്യുന്നില്ല. വാസ്തവത്തിൽ, സാധാരണ ഗുരുത്വാകർഷണബലത്താൽ അത് താഴ്ന്ന പ്രദേശത്തേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ, ചുറ്റുമുള്ള ഭൂപ്രകൃതിയുടെ ഘടനയും മനുഷ്യന്റെ കാഴ്ചാധാരണയും വാഹനം മുകളിലേക്ക് ഉയർന്നുപോകുന്നതായി തോന്നിപ്പിക്കുന്നു.

ദോഫാർ സർവകലാശാലയിലെ അബ്ദുല്ല അൽ മഷാനി, ഇന്ത്യയിലെ ഉസ്മാനിയ സർവകലാശാലയിലെ രാം രാജ് മാത്തൂർ, ഒമാൻ നാഷനൽ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയിലെ അസാദ് അൽ ഹാത്മി, ദോഫാർ സർവകലാശാലയിലെ സെയ്ദ് അൽ അവേദ്, അതേ സർവകലാശാലയിലെ ബയോഡൈവേഴ്സിറ്റി യൂണിറ്റ് വിഭാഗത്തിലെ ലുവായ് റഷാൻ എന്നിവർ ചേർന്നാണ് ഈ പഠനം നടത്തിയത്.

ഇനി ബാക്കി കാന്തിക പരിശോധന മാത്രം !

ഗവേഷകരുടെ നിഗമനം ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ചോദ്യം ഈ പഠനത്തിന്റെ പരിധിക്ക് പുറത്തായി അവശേഷിക്കുന്നു: ‘മാഗ്നറ്റിക് ഹിൽ’ എന്ന് ഈ സ്ഥലം വ്യാപകമായി അറിയപ്പെടുന്നുണ്ടെങ്കിലും, ഗവേഷകർ അവിടുത്തെ കാന്തിക മണ്ഡലം അളന്നുനോക്കിയിട്ടില്ല.

കാന്തിക പരിശോധന ഈ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതായിരുന്നില്ല എന്നാണ് അവരുടെ ന്യായം. ഭാവിയിലുള്ള പഠനങ്ങളിൽ കാന്തികമണ്ഡലവുമായി ബന്ധപ്പെട്ട അളവെടുപ്പുകൾ കൂടി ഉൾപ്പെടുത്താമെന്നും അവർ നിർദേശിക്കുന്നു. കൂടുതൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമായി നമുക്ക് കാത്തിരിക്കാം.

Tags:    
News Summary - gravity hill road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.