ലോകത്തിലെ ആദ്യത്തെ 'ലഖിമി' ഐ.വി.എഫ് പശുക്കുട്ടി അസമിൽ ജനിച്ചു. തദ്ദേശീയ കന്നുകാലി ഇനമായ ലഖിമിയിൽ അസം വെറ്ററിനറി ആൻഡ് ഫിഷറി സർവകലാശാലയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നേട്ടം പ്രഖ്യാപിച്ചത്. എക്‌സിലെ കുറിപ്പിൽ അസമിന്റെ “സഭ്യത, സംസ്കൃതി, സൃജൻ” എന്നിവയുടെ ചരിത്രപരമായ സംഗമമാണ് ഈ നേട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗുവാഹത്തിയിലെ ഖാനാപാറയിലുള്ള കോളജ് ഓഫ് വെറ്ററിനറി സയൻസിലെ ഐ.വി.എഫ് ലബോറട്ടറിയിലാണ് ലഖിമി പശുക്കുട്ടിയുടെ ജനനം സാധ്യമാക്കിയത്. രാഷ്ട്രീയ ഗോകുൽ മിഷന്റെ പിന്തുണയോടെയാണ് ലബോറട്ടറി സ്ഥാപിച്ചത്.
തദ്ദേശീയ കന്നുകാലി ഇനമായ ലഖിമിയുടെ ഈ നേട്ടം ഏറെ പ്രാധാന്യമുള്ളതാണ്. വംശനാശ ഭീഷണി നേരിടുന്നതോ എണ്ണത്തിൽ കുറവുളളതോ ആയ കന്നുകാലി ഇനങ്ങളുടെ എണ്ണം വർധിപ്പിച്ച് സംരക്ഷിക്കാൻ ഐ.വി.എഫ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വഴി സാധിക്കും.
മികച്ച ജനിതക ഗുണങ്ങളുള്ള കന്നുകാലികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ ഭാവിയിൽ പാൽ ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും രോഗനിയന്ത്രണം ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ അസമിന്റെ ക്ഷീരമേഖല ശക്തിപ്പെടുന്നതിനൊപ്പം കന്നുകാലി കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഐ.വി.എഫ് സാങ്കേതികവിദ്യയിലെ ആദ്യ വിജയമല്ല ഇത്. ഈ വർഷം ആദ്യം സോനാപൂരിൽ ഒരു പെൺ ഗിർ പശുക്കുട്ടിയും ജനിച്ചിരുന്നു. ഫീൽഡ് സാഹചര്യങ്ങളിലും ഭ്രൂണ കൈമാറ്റ സാങ്കേതികവിദ്യ പ്രായോഗികമായി ഉപയോഗിക്കാനാകുമെന്ന് ആ പരീക്ഷണം തെളിയിച്ചിരുന്നു.
ഇപ്പോൾ ലഖിമി പോലുള്ള തദ്ദേശീയ ഇനത്തിലും ഐ.വി.എഫ് വിജയിച്ചതോടെ, ആധുനിക പ്രത്യുത്പാദന സാങ്കേതികവിദ്യയും തദ്ദേശീയ കന്നുകാലി സംരക്ഷണവും ഒരുമിപ്പിക്കുന്ന പുതിയ മാതൃകയാണ് അസം മുന്നോട്ടുവയ്ക്കുന്നത്. ഒരു കിടാവിന്റെ ജനനം എന്നതിലുപരി, തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം, ശാസ്ത്രീയ പ്രജനനം, പാൽ ഉൽപാദന വർധന, ക്ഷീരകർഷകരുടെ വരുമാന വർധന എന്നിവക്ക് വഴിയൊരുക്കുന്ന മുന്നേറ്റമായാണ് അസം ഈ നേട്ടത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.