കൊടും ചൂടിന്‍റെ ശമന സൂചനയുമായി സുഹൈൽ നക്ഷത്രോദയം

മസ്കത്ത്: വേനൽക്കാലത്തിന്റെ വിടവാങ്ങലിന്റെ സൂചനയായി ‘സുഹൈൽ’ നക്ഷത്രോദയം. അറേബ്യൻ ഉപദ്വീപിന്റെ ആകാശത്ത് തെക്കുകിഴക്ക് ദിശയിലായാണ് തിങ്കളാഴ്ച പുലർച്ചെ ഈ നക്ഷത്ര പിറവി. ജ്യോതിശാസ്ത്രത്തിൽ ‘കാനോപസ്’ എന്നറിയപ്പെടുന്ന സുഹൈൽ നക്ഷത്രം, രാത്രികാല ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസിന്റെ കമ്മ്യൂണിറ്റി ഔട്ട്റീച്ച് കമ്മിറ്റി മേധാവി വിസാൽ ബിൻത് സാലിം അൽ ഹിനായ് വ്യക്തമാക്കി.

ഭൂമിയിൽ നിന്നും ഏകദേശം 313 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രത്തിന് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളത്. തലമുറകളായി ഒമാൻ ജനതയുടെ പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടറിലെ പ്രധാന അടയാളമാണ് ആഗസ്റ്റ് പകുതിയോടെയെത്തുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയം. ചുട്ടുപൊള്ളുന്ന വേനൽക്കാലം അവസാനിക്കാറായെന്നതിന്റെ പരമ്പരാഗത സൂചനയാണിത്.

സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് കൊണ്ടു മാത്രം താപനില നേരിട്ട് കുറയുകയോ കാലാവസ്ഥ മാറുകയോ ഇല്ല. എന്നാൽ ഋതുമാറ്റങ്ങളെ തിരിച്ചറിയാൻ ഒമാനികൾ പണ്ടുമുതലേ ആശ്രയിച്ചിരുന്നത് ‘സുഹൈൽ’ നക്ഷത്രത്തെ ആധാരമാക്കിയായിരുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ചൂടിന്റെ കാഠിന്യം കുറയുകയും ജലാശയങ്ങളിലെ വെള്ളം തണുക്കുകയും ചെയ്യുന്നത് കാലാവസ്ഥ മാറ്റത്തിന്റെ ആദ്യ സൂചനയാണ്. ഇതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.

53 ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് സുഹൈൽ സീസൺ. ഏറെ പ്രതീക്ഷയോടെയാണ് ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ളവർ ഈ സീസണിനെ കാത്തിരിക്കുന്നത്. അറേബ്യൻ നാടുകളിലെ പരമ്പരാഗത 'സുഹൈൽ കലണ്ടർ' അനുസരിച്ച് ഈ കാലയളവിനെ 13 ദിവസങ്ങൾ വീതമുള്ള നാലു നക്ഷത്ര മണ്ഡലങ്ങൾ (മൻസിലുകൾ) ആയി തരം തിരിച്ചിരിക്കുന്നു. അൽ തർഫ, അൽ ജബ്ഹ, അൽ സുബ്റ, അൽ സർഫ എന്നിങ്ങനെയാണ് ആ ഘട്ടങ്ങൾ. ഇതില്‍ പ്രാഥമിക ഘട്ടമായ അൽ തർഫ സമയങ്ങളിൽ പകൽ ചൂട് തുടരുമെങ്കിലും പുലർച്ചെയോടെ കാറ്റിന് നേരിയ തണുപ്പ് അനുഭവപ്പെടും. അൽ ജബ്ഹ ഘട്ടത്തിൽ താപനില ക്രമേണ കുറയുകയും രാത്രികാലങ്ങൾ കൂടുതൽ സുഖകരമായ അന്തരീക്ഷവുമായിരിക്കും. വേനലിന്റെ കാഠിന്യം പൂർണ്ണമായും മാറുകയും രാത്രിയിലെ തണുപ്പ് കൂടുകയും ചെയ്യുന്നത് മൂന്നാം ഘട്ടമായ അൽ സുബ്റ സീസണിലാണ്. എന്നാൽ അവസാന ഘട്ടമായ സർഫയിലേക്കെത്തുമ്പോൾ, ചൂട് പൂർണ്ണമായി ഇല്ലാതാകും.

ഒമാന്റെ ചരിത്രത്തിൽ നാവികരും കപ്പിത്താന്മാരും ദീർഘദൂര യാത്രകളിൽ ദിശയറിയാൻ സുഹൈൽ നക്ഷത്രത്തെയാണ് ആശ്രയിച്ചിരുന്നത്. കൂടാതെ, പരമ്പരാഗത കൃഷിരീതികളിലും ഫലജ് ജലസേചന വ്യവസ്ഥയുടെ സമയക്രമം നിശ്ചയിക്കാനും ഈ നക്ഷത്രത്തിന്റെ ചലനങ്ങൾ ഉപയോഗിച്ചിരുന്നു. ആദ്യ നാളുകളിൽ പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പ് തെക്ക്-കിഴക്കൻ ചക്രവാളത്തിൽ താഴ്ന്ന നിലയിലാണ് സുഹൈൽ ദൃശ്യമാകുക. ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് ഇത് കൂടുതൽ മുകളിലേക്ക് ഉയർന്നു വരികയും നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്യും. ഒമാന്റെ പരമ്പരാഗത അറിവുകളെ വരും തലമുറക്കായി രേഖപ്പെടുത്താനുള്ള മികച്ച അവസരമായാണ് ഈ നക്ഷത്രോദയത്തെ വാനനിരീക്ഷകർ കാണുന്നത്.

Tags:    
News Summary - Suhail star rises with signs of relief from the intense heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.