മറ്റൊരു ഭൂമി കൂടി കണ്ടെത്തി; 337 പ്രകാശവർഷം അകലെ രണ്ട് പുതിയ സൗരേതര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുമായി അന്താരാഷ്ട്ര ഗവേഷക സംഘം. ഭൂമിയിൽനിന്ന് ഏകദേശം 337 പ്രകാശവർഷം അകലെയുള്ള ടി.ഒ.ഐ-1752 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ടി.ഒ.ഐ-1752 ബി, ടി.ഒ.ഐ-1752 സി എന്നിങ്ങനെയാണ് ഇവക്ക് പേര് നൽകിയിരിക്കുന്നത്. ഇവയിൽ രണ്ടാമത്തെ ഗ്രഹം നക്ഷത്രത്തിന്റെ ജീവയോഗ്യ മേഖലയിലായതിനാൽ ഭാവിയിലെ അന്തരീക്ഷ പഠനങ്ങൾക്ക് പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. അഥവാ, ഭൗമസമാന സാഹചര്യത്തിന് സാധ്യതയുണ്ട്.
സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഓഫ് അൻഡലൂസിയയിലെ ആൽബർട്ടോ പെലായസ് ടോറസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്. മാതൃനക്ഷത്രത്തോട് ഏറ്റവും അടുത്തുള്ള ടി.ഒ.ഐ-1752 ബി, ഭൂമിയുടെ ഏകദേശം 1.69 മടങ്ങ് വ്യാസാർധമുള്ള ഗ്രഹമാണ്. സ്വന്തം നക്ഷത്രത്തെ ഒരുതവണ ചുറ്റാൻ ഇതിന് വെറും 0.935 ദിവസം, അതായത്, ഏകദേശം 22 മണിക്കൂർ മാത്രമാണ് വേണ്ടത്. നക്ഷത്രത്തോട് അത്രയും അടുത്തുനിൽക്കുന്നതിനാൽ അതിശക്തമായ വികിരണമാണ് ഗ്രഹത്തിൽ പതിക്കുന്നത്. ഈ അത്യുഷ്ണം കാരണം നക്ഷത്രത്തെ അഭിമുഖീകരിക്കുന്ന ഭാഗത്ത് പാറകൾ പോലും ഉരുകിയ നിലയിലായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അതുകൊണ്ടുതന്നെ, ഈ ഗ്രഹത്തെ ഒരു ‘ലാവാ ലോകം’ ആയിരിക്കാനുള്ള സാധ്യതയുള്ള ഗ്രഹമായാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, രണ്ടാം ഗ്രഹം ആണ് ശാസ്ത്രലോകത്തിന് കൂടുതൽ കൗതുകമുണർത്തുന്നത്. ഭൂമിയുടെ ഏകദേശം 2.29 മടങ്ങ് വ്യാസാർധമുള്ള ഈ ഗ്രഹം നക്ഷത്രത്തെ ഒരുതവണ ചുറ്റാൻ 32.7 ദിവസം എടുക്കുന്നു. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിക്കും നെപ്റ്റ്യൂണിനും ഇടയിലുള്ള സബ്-നെപ്റ്റ്യൂൺ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. നക്ഷത്രത്തിന്റെ ഹാബിറ്റബ്ൾ സോണിലാണ്. ജീവയോഗ്യ മേഖലയെന്ന് സാമാന്യമായി വിളിക്കാം. ഇതിനർഥം അവിടെ ജീവനുണ്ട് എന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.