പ്രപഞ്ചരഹസ്യങ്ങൾ തേടി ‘റോമൻ’; നാസയുടെ പുത്തൻ ബഹിരാകാശ ടെലിസ്കോപ്പ് ഇന്ന് കുതിക്കും

പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ തമോ ഊർജ്ജതിന്റെയും തമോദ്രവ്യത്തിന്റെയൂം ചുരുളഴിക്കാൻ നാസയുടെ പുതിയ ബഹിരാകാശ ദൂരദർശിനി യാത്രയ്ക്കൊരുങ്ങുന്നു. ‘നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്’ ഞായറാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കും.

സ്പേസ് എക്സിന്റെ കരുത്തുറ്റ ഫാൽക്കൺ ഹെവി റോക്കറ്റിലാണ് റോമന്റെ ബഹിരാകാശ യാത്ര. ഇന്ത്യൻ സമയം വൈകിട്ട് 4.56നാണ് വിക്ഷേപണം. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽനിന്നായിരിക്കും റോക്കറ്റ് കുതിച്ചുയരുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലല്ല റോമൻ പ്രവർത്തിക്കുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യൻ-ഭൂമി ലഗ്രാഞ്ച് പോയന്റ്-2 (എൽ 2) ആണ് ദൂരദർശിനിയുടെ ലക്ഷ്യസ്ഥാനം. വിക്ഷേപണ വാഹനത്തിൽനിന്ന് വേർപെട്ടശേഷം റോമൻ ഈ മേഖലയിലേക്കുള്ള യാത്ര ആരംഭിക്കും. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പും പ്രവർത്തിക്കുന്നത് ഇതേ മേഖലയിലാണ്. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബലങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ കാരണം ബഹിരാകാശ നിരീക്ഷണങ്ങൾക്ക് ഏറെ അനുയോജ്യമായ മേഖലയാണ് എൽ 2.

നാസയുടെ ആദ്യ ചീഫ് ആസ്ട്രോണമറായിരുന്ന നാൻസി ഗ്രേസ് റോമന്റെ പേരിലാണ് പുതിയ ടെലിസ്കോപ് അറിയപ്പെടുന്നത്. ഹബിൾ സ്പേസ് ടെലിസ്കോപ് യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാൽ ‘ഹബിളിന്റെ മാതാവ്’ എന്ന വിശേഷണവും നാൻസി ഗ്രേസ് റോമന് ലഭിച്ചിരുന്നു.

ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ അതിസൂക്ഷ്മമായി പ്രപഞ്ചത്തെ നിരീക്ഷിക്കാനാകുമെന്നതാണ് റോമന്റെ പ്രധാന പ്രത്യേകത. ഹബിൾ ടെലിസ്കോപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ നിരീക്ഷണത്തിൽ ആകാശത്തിന്റെ കുറഞ്ഞത് നൂറിരട്ടി വലിയ പ്രദേശം റോമന് പകർത്താനാകും. ഉയർന്ന റെസല്യൂഷനും വിശാലമായ കാഴ്ചപ്പാടും ഒരുമിക്കുന്നതോടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രപഞ്ചത്തിന്റെ വലിയ മേഖലകൾ സർവേ ചെയ്യാൻ ശാസ്ത്രജ്ഞർക്ക് സാധിക്കും.

പ്രപഞ്ചത്തിന്റെ വികാസം എന്തുകൊണ്ടാണ് വേഗത്തിലാകുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് റോമന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളായ എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്നതിലും റോമൻ നിർണായകമാകും.


Tags:    
News Summary - NASA's new space telescope will launch today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.