നൈനയും നയൻതാര സിങ്ങും

വൈദ്യുതി വേണ്ട, വലിയ ചെലവുമില്ല; വാട്ടർ ഫിൽട്ടറുമായി ഡൽഹിയിലെ ഇരട്ട സഹോദരിമാർ

ന്യൂഡൽഹി: വൈദ്യുതി ഉപയോഗിക്കാതെയും കുറഞ്ഞ ചെലവിലും വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളും പി.എഫ്.എ.എസ് (പെർ- ആൻഡ് പോളിഫ്ലൂറോആൽക്കൈൽ സബ്‌സ്റ്റൻസസ്) പോലുള്ള മലിനീകരണ ഘടകങ്ങളും നീക്കം ചെയ്യാനുള്ള ഫിൽട്ടർ വികസിപ്പിച്ച് ഡൽഹി-എൻ.സി.ആറിലെ ഇരട്ട സഹോദരിമാർ. നോയിഡയിലെ സ്റ്റപ് ബൈ സ്റ്റപ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനികളായ നൈനയും നയൻതാര സിങ്ങുമാണ് ‘അക്വ സത്വ’ എന്ന പേരിലുള്ള സംവിധാനം വികസിപ്പിച്ചത്. വെണ്ട, ഉലുവ, നെല്ലിൻതൊലി എന്നിവയാണ് ഫിൽട്ടറിലെ പ്രധാന ഘടകങ്ങൾ.

ചായപ്പൊതി പോലെയുള്ള സാഷെറ്റുകളിലാണ് ഫിൽട്ടറിലെ പ്രധാന വസ്തുക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വെണ്ടയും ഉലുവയും ഉപയോഗിച്ച് തയാറാക്കിയ പ്രകൃതിദത്ത പോളിമർ മൈക്രോപ്ലാസ്റ്റിക് കണങ്ങളെ പരസ്പരം കൂട്ടിച്ചേർത്ത് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ സഹായിക്കുന്നു. നെല്ലിൻതൊലിയിൽ നിന്ന് തയ്യാറാക്കുന്ന ബയോചാർ പി.എഫ്.എ.എസ് പോലുള്ള രാസവസ്തുക്കളെ ആഗിരണം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്.

പത്ത് സാഷെറ്റുകളടങ്ങുന്ന ഒരു പാക്കറ്റിന് ഏകദേശം 100 രൂപ മാത്രമാണ് ചെലവ് വരുന്നതെന്ന് പദ്ധതിയുടെ വിശദാംശങ്ങളിൽ പറയുന്നു. ഫിൽട്ടറിന് വൈദ്യുതിയോ സങ്കീർണമായ പ്ലംബിങ് സംവിധാനങ്ങളോ പ്രത്യേക സാങ്കേതിക പരിജ്ഞാനമോ ആവശ്യമില്ലെന്നാണ് സഹോദരിമാർ പറയുന്നത്.

നൈനയും നയൻതാരയും ലാബിൽ

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നൈനയും നയൻതാരയും പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. ഡൽഹിയിലെ ഭൂഗർഭജലത്തിന്റെ ഗുണനിലവാരവും ശോഷണവും സംബന്ധിച്ച ആശങ്കകളാണ് ഗവേഷണത്തിന് പ്രചോദനമായത്. ഏകദേശം ഒരു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്.

‘ഫോർഎവർ കെമിക്കൽസ്’ എന്നറിയപ്പെടുന്ന പി.എഫ്.എ.എസ് ജലം, ചൂട്, എണ്ണ എന്നിവയെ പ്രതിരോധിക്കുന്നതിനായി വിവിധ ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചുവരുന്ന കൃത്രിമ രാസവസ്തുക്കളുടെ വലിയൊരു വിഭാഗമാണ്. പരിസ്ഥിതിയിൽ ദീർഘകാലം നിലനിൽക്കുന്നതിനാലാണ് ഇവക്ക് ഈ പേര് ലഭിച്ചത്.

ഐ.ഐ.ടി ഡൽഹിയിലെ ബയോമാസ് ലബോറട്ടറിയിൽ പ്രൊഫസർ വിവേക് കുമാറിന്റെ മാർഗനിർദേശത്തിലാണ് പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തത്. പദ്ധതിയുടെ കണ്ടെത്തലുകൾ പ്രകാരം 20 വ്യത്യസ്ത പി.എഫ്.എ.എസ് സംയുക്തങ്ങളിൽ നടത്തിയ സ്വതന്ത്ര ലബോറട്ടറി പരിശോധനയിൽ അടിസ്ഥാന ഫിൽട്രേഷനുശേഷം 93 ശതമാനം വരെ നീക്കം ചെയ്യാൻ സംവിധാനത്തിന് കഴിഞ്ഞു. സ്റ്റീരിയോമൈക്രോസ്കോപ്പി ഉപയോഗിച്ചുള്ള പരിശോധനയിലും ശുദ്ധീകരിച്ച വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്ദ്രതയിൽ ഗണ്യമായ കുറവ് കണ്ടെത്തി.

സാധാരണ റിവേഴ്സ് ഓസ്മോസിസ്(ആർ.ഒ) സംവിധാനങ്ങൾക്ക് പകരമായി വൈദ്യുതി ഉപയോഗിക്കാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ ശുദ്ധീകരണ മാർഗം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഹോദരിമാർ പറയുന്നു. എന്നാൽ വിവിധ ജലസ്രോതസ്സുകളിലും യഥാർഥ സാഹചര്യങ്ങളിലും സംവിധാനം എത്രത്തോളം സ്ഥിരതയോടെ പ്രവർത്തിക്കുമെന്ന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അതിനാൽ നിലവിലെ കണ്ടെത്തലുകളെ ഒരു പ്രോട്ടോടൈപ്പിന്റെ പരീക്ഷണഫലമായാണ് കാണേണ്ടത്.

പഠനത്തോടൊപ്പം ഗവേഷണം മുന്നോട്ടുകൊണ്ടുപോകാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ലബോറട്ടറിയിലെത്തിയിരുന്ന സഹോദരിമാർ അവധിക്കാലത്തും പരീക്ഷണങ്ങൾ തുടർന്നു. ‘സ്റ്റോക്ക്ഹോം ജൂനിയർ വാട്ടർ പ്രൈസ് ഇന്ത്യ’ മത്സരത്തിൽ 350ലധികം ടീമുകൾ പങ്കെടുത്തപ്പോൾ നൈനയും നയൻതാരയും ദേശീയ ഫൈനലിൽ മൂന്നാം സ്ഥാനം നേടി. തുടർന്ന് ‘വാട്ടർ ചാമ്പ്യൻസ് 2026’ അംഗീകാരവും ലഭിച്ചു. ‘കോൺറാഡ് ചലഞ്ചിലും’ ഇവർ അംഗീകാരം നേടിയിട്ടുണ്ട്.

ഒരു സ്കൂൾ ഗവേഷണമായി തുടങ്ങിയ കുറഞ്ഞ ചെലവിൽ വെള്ളം ശുദ്ധീകരിക്കാനുള്ള സാധ്യത തേടിയുള്ള ശ്രമമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്ന പ്രോട്ടോടൈപ്പായി മാറിയിരിക്കുന്നത്. വെണ്ട, ഉലുവ, നെല്ലിൻതൊലി പോലുള്ള സാധാരണ വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താനാകുമെന്ന ആശയമാണ് ഈ ഇരട്ട സഹോദരിമാരുടെ പരീക്ഷണം മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - Twins Develop Low-Cost Water Filter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.