ഹ്യൂമൻ റഫ്രിജറേറ്റർ

മിനിറ്റുകൾക്കുള്ളിൽ ശരീരം തണുപ്പിക്കാം, കടുത്ത ചൂടിനെ പ്രതിരോധിക്കാൻ 'ഹ്യൂമൻ റഫ്രിജറേറ്റർ'; വിചിത്രമായ കൂളിങ് ബൂത്തുമായി ജപ്പാൻ

ലോകമെമ്പാടും കടുത്ത ഉഷ്ണതരംഗങ്ങളും ചൂടും വർധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിതരായി നിലനിർത്താൻ പുതിയ കൂളിങ് സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ജപ്പാൻ. ചൂടിൽ നിന്നും രക്ഷ തേടാനായി പരമ്പരാഗത എയർകണ്ടീഷണറുകളെ ആശ്രയിക്കുമ്പോൾ, ജപ്പാനിലെ ഒരു കമ്പനി വിചിത്രവും എന്നാൽ ഫലപ്രദവുമായ ഒരു പരിഹാരവുമായാണ് എത്തിയിരിക്കുന്നത്. വെറും മിനിറ്റുകൾക്കുള്ളിൽ ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ‘ഹ്യൂമൻ റഫ്രിജറേറ്റർ’ അഥവാ വാക്ക്-ഇൻ കൂളിങ് ബൂത്താണിത്.

ജപ്പാനിലെ റഫ്രിജറേഷൻ, വെൻഡിങ് മെഷീൻ നിർമാതാക്കളായ എസ്.ഡി.ആർ.എസ് ആണ് ചൂടിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകാനായി 'ഡോ ഹീമോൺ ബോക്സ്' വികസിപ്പിച്ചെടുത്തത്. ജപ്പാനിലെ റഫ്രിജറേറ്റഡ് വെൻഡിങ് മെഷീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന ഈ ബൂത്ത്, ഉഷ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തടയുന്നതിനുള്ള പ്രായോഗിക മാർഗ്ഗമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഒരേ സമയം ഒരാൾക്ക് മാത്രം ഇരിക്കാൻ പാകത്തിലുള്ള ചെറിയൊരു കൂളിങ് ബൂത്താണ് ഡോ ഹീമോൺ ബോക്സ്. ഇതിനുള്ളിൽ ഇരിക്കാൻ സൗകര്യപ്രദമായ ഒരു കസേരയുണ്ട്. ബൂട്ടിനുള്ളിലെ അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസാണ്. ഒരാൾ ഇതിനുള്ളിൽ ഇരുന്നുകഴിഞ്ഞാൽ, ശരീരത്തിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന തല, കഴുത്ത്, തോൾ, പുറം എന്നീ പ്രധാന ഭാഗങ്ങളിലേക്ക് 5 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള വായു ശക്തമായി പതിക്കും.

ഇതുവഴി ശരീരം പെട്ടെന്ന് തണുക്കുകയും, കടുത്ത ചൂടിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭിക്കുകയും ചെയ്യും. കമ്പനിയുടെ കണക്കുകൂട്ടൽ പ്രകാരം വെറും അഞ്ച് മിനിറ്റിനുള്ളിൽ ശരീരം തണുപ്പിക്കാൻ സാധിക്കും. പുറത്ത് കടുത്ത ചൂടിൽ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഇത് വളരെ വേഗത്തിലുള്ളൊരു പരിഹാരമാണ്.

സൂര്യതാപത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഉൾപ്പെടെ, കടുത്ത ചൂടിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഈ കൂളിങ് ബൂത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ബൂത്തിനുള്ളിൽ ഏകദേശം 10 മിനിറ്റ് ചെലവഴിക്കുന്നത് ശരീര താപനില ഗണ്യമായി കുറക്കാനും, ദീർഘനേരം ചൂടേറ്റുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

നിർമാണ സൈറ്റുകൾ, വെയർഹൗസുകൾ, ഫാക്ടറികൾ, ലോജിസ്റ്റിക്സ് സെന്ററുകൾ, വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയ പുറത്തുകിടന്ന് ദീർഘ സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ സാങ്കേതികവിദ്യ വളരെ ഉപകാരപ്രദമാണ്. കടുത്ത സൂര്യാഘാതം മൂലം ഉണ്ടാകാവുന്ന വലിയ ചികിത്സാ ചെലവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

റിപ്പോർട്ടുകൾ പ്രകാരം, മികച്ച തണുപ്പ് നൽകുന്നതിനൊപ്പം ഇത് ഊർജ്ജക്ഷമതയുള്ളതുമാണ്. പരമ്പരാഗത സ്പോട്ട് എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നതിന്റെ പകുതി വൈദ്യുതി മാത്രമേ ഇതിന്റെ സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ എന്ന് കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തണുപ്പും വായുവിന്റെ പ്രവാഹവും ക്രമീകരിക്കാനായി മൂന്ന് കൂളിങ് സെറ്റിങുകൾ ഇതിൽ നൽകിയിട്ടുണ്ട്. കൂടുതൽ തണുപ്പ് ഏൽക്കുന്നത് തടയാൻ സുരക്ഷ മുൻനിർത്തി 20 മിനിറ്റിനു ശേഷം ഇത് സ്വയം പ്രവർത്തനരഹിതമാകും.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ വിപണിയിലെത്തിയതുമുതൽ രാജ്യത്തുടനീളമുള്ള വിവിധ പൊതുസ്ഥലങ്ങളിൽ ഈ മെഷീൻ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 1.5 ദശലക്ഷം ജാപ്പനീസ് യെൻ (ഏകദേശം 9 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില വരുന്നത്.

Tags:    
News Summary - Japan launches ‘human refrigerator’ to beat extreme heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.