ന്യൂഡൽഹി: ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയിൽ 2047ഓടെ നിലയം സ്ഥാപിക്കുമെന്ന് ഐ.എസ്.ആർ.ഒ. കഴിഞ്ഞയാഴ്ച, ദേശീയ ബഹിരാകാശ ദിവസത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ദൗത്യത്തിന്റെ രൂപരേഖ പുറത്തുവിട്ടത്. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിന് മുന്നോടിയായിട്ടുള്ള പദ്ധതി എന്ന നിലയിലാണ് നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്.
ഭൂമിയിൽനിന്ന് തയാറാക്കിയ ത്രിഡി പ്രിന്‍റഡ് നിലയം പേടകം വഴി ചൊവ്വയിലെത്തിക്കും. 150 ടൺ വരെ ഭാരമുള്ള പേ ലോഡുകൾ വഹിക്കാൻശേഷിയുള്ള റോക്കറ്റ് നിർമാണം സംബന്ധിച്ച പദ്ധതിയും ഐ.എസ്.ആർ.ഒ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ 80 ടണ്ണാണ് ഇന്ത്യൻ റോക്കറ്റിന്റെ ശേഷി.
2014ലാണ് ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ വിജയകരമായി വിക്ഷേപിച്ചത്. 2025ഓടെ ഇന്ത്യക്ക് സ്വന്തമായി അന്താരാഷ്ട്ര നിലയം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞദിവസം ചാന്ദ്രയാൻ ദൗത്യത്തിന്റെ വിശദാംങ്ങളും ഐ.എസ്.ആർ. ഒ വെളിപ്പെടുത്തിയിരുന്നു.
2047 വരെ നീളുന്ന സമയക്രമത്തിൽ, ഭൂമിക്കപ്പുറം സ്ഥിരമായ മനുഷ്യ സാന്നിധ്യമുള്ള വികസിത ബഹിരാകാശ യാത്രാ രാഷ്ട്രങ്ങളുടെ ലീഗിൽ ചേരുന്നതിനുള്ള പാതയിലാണ് ഇന്ത്യ. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ഇസ്രോ ലൂണാർ മൊഡ്യൂൾ ലോഞ്ച് വെഹിക്കിൾ (എൽ.എം.എൽ.വി) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് - 119 മീറ്റർ ഉയരമുള്ള (40 നിലകളുള്ളതിന് തുല്യമായ) ഒരു സൂപ്പർ ഹെവി-ലിഫ്റ്റ് റോക്കറ്റ്, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 80 ടണ്ണും ട്രാൻസ്-ലൂണാർ ഭ്രമണപഥത്തിലേക്ക് 27 ടണ്ണും വഹിക്കാൻ കഴിവുള്ളതാണ്. 2035 ആകുമ്പോഴേക്കും എൽ.എം.എൽ.വി തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.